മക്ക - മക്കക്ക് തെക്ക് അൽബൈദായിൽ പ്രളയത്തിൽ പെട്ട് മരിച്ച സൗദി പൗരന്റെ മൃതദേഹം സുരക്ഷാ വകുപ്പുകൾ കണ്ടെത്തി. ആടുവളർത്തൽ കേന്ദ്രത്തിനു സമീപം വെച്ചാണ് 50 കാരൻ വെള്ളിയാഴ്ച പ്രളയത്തിൽപെട്ട് ഒലിച്ചുപോയത്. ഇതേ കുറിച്ച് സുരക്ഷാ വകുപ്പുകൾക്ക് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ഊർജിതമായ തിരച്ചിലിൽ താഴ്‌വരയുടെ കരയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഅ്കിയ പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് നീക്കി.
വെള്ളിയാഴ്ച രാവിലെ മക്കയിൽ പെയ്ത ശക്തമായ മഴക്കിടെ അൽസൈൽ റോഡിലെ എ.ടി.എം നിലംപതിച്ചു. ഉടൻ തന്നെ സുരക്ഷാ വകുപ്പുകൾ സ്ഥലത്തെത്തി എ.ടി.എമ്മിന് കാവൽ നിൽക്കുകയും ബാങ്ക് അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. ബാങ്ക് അധികൃതർ എത്തി പിന്നീട് എ.ടി.എമ്മിൽനിന്ന് പണം നീക്കം ചെയ്തു. അഫീഫിൽ മഴക്കിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീ മരിക്കുകയും ഒപ്പമുണ്ടായിരുന്നയാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റയാളെ ദവാദ്മി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.