Sorry, you need to enable JavaScript to visit this website.

2020 യൂറോ കപ്പ് : 12 ആതിഥേയർ, 55 ടീമുകൾ

യൂറോ കപ്പിന്റെ പടിവാതിൽക്കലെത്തി നിൽക്കുന്ന കോസൊവൊ ടീം. 

2020 ലെ യൂറോ കപ്പ് യോഗ്യതാ പ്രക്രിയ ഡിസംബറിൽ തുടങ്ങും

പ്രഥമ നാഷൻസ് ലീഗ് ഗ്രൂപ്പ് മത്സരങ്ങൾ ചൊവ്വാഴ്ച അവസാനിച്ചതോടെ യൂറോപ്യൻ ഫുട്‌ബോളിൽ ഇനി ശ്രദ്ധ യൂറോ 2020 യോഗ്യതാ റൗണ്ടിലേക്ക്. 12 രാജ്യങ്ങളിലായാണ് അടുത്ത യൂറോ കപ്പ് അരങ്ങേറുക. ഒരു ആതിഥേയ രാജ്യത്തിനും ടൂർണമെന്റിൽ ബെർത്ത് ഉറപ്പില്ല. യോഗ്യതാ മത്സരങ്ങൾ മാർച്ചിൽ ആരംഭിക്കും. നാഷൻസ് ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഡിസംബർ രണ്ടിന് ഡബഌനിൽ നടക്കുന്ന നറുക്കെടുപ്പിൽ ടീമുകൾക്ക് സീഡിംഗ് ലഭിക്കുക. ടോപ് സീഡ് ടീമുകളിൽ ജർമനി ഉണ്ടാവില്ല. ലോകകപ്പിലെയും നാഷൻസ് കപ്പിലെയും മോശം പ്രകടനത്തെത്തുടർന്നാണ് ഇത്. 
നാഷൻസ് ലീഗിലെ 16 ഗ്രൂപ്പ് ജേതാക്കൾക്ക് പ്ലേഓഫിൽ സ്ഥാനമുറപ്പാണ്. പതിവ് യോഗ്യതാ മത്സരങ്ങളിൽ അവർ പിന്നോട്ടു പോയാലും പ്ലേഓഫിലെ സ്ഥാനം നഷ്ടപ്പെടില്ല. പടിഞ്ഞാറ് അയർലന്റ് മുതൽ കിഴക്ക് അസർബയ്ജാൻ വരെ നീണ്ടു കിടക്കുന്നതാണ് 12 ആതിഥേയ രാജ്യങ്ങൾ. 
മൊത്തം 55 രാജ്യങ്ങളാണ് യോഗ്യതാ റൗണ്ടിൽ പങ്കെടുക്കുക. നാഷൻസ് ലീഗ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സീഡിംഗ്. അവയെ 10 ഗ്രൂപ്പുകളായി തിരിക്കും. അഞ്ച് ഗ്രൂപ്പിൽ അഞ്ച് ടീമുകൾ വീതമുണ്ടാവും. അവശേഷിച്ച അഞ്ച് ഗ്രൂപ്പിൽ ആറ് ടീമുകൾ വീതവും. 2019 മാർച്ച് മുതൽ നവംബർ വരെയാണ് യോഗ്യതാ മത്സരങ്ങൾ. 
നാഷൻസ് ലീഗിന്റെ ഒന്നാം നിരയിലെ നാല് ഗ്രൂപ്പുകളിലെ ജേതാക്കളായ സ്വിറ്റ്‌സർലന്റ്, പോർചുഗൽ, നെതർലാന്റ്‌സ്, ഇംഗ്ലണ്ട് ടീമുകൾ അഞ്ച് ടീമുകളുളള ഗ്രൂപ്പുകളിലായിരിക്കും. ജൂണിൽ പോർചുഗലിൽ നടക്കുന്ന മിനി ടൂർണമെന്റിൽ ഈ നാല് ടീമുകൾ മാറ്റുരക്കുന്നുണ്ട്. 
യോഗ്യതാ ടൂർണമെന്റിലെ പത്ത് ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാർ യൂറോ 2020 ന് യോഗ്യത നേടും. അവശേഷിച്ച നാല് സ്ഥാനങ്ങൾ 16 ടീമുകളുടെ പ്ലേഓഫിലൂടെയാണ് നിർണയിക്കുക. നാഷൻസ് ലീഗിലെ നാല് തലത്തിലെ നാല് ടീമുകൾ വീതം മാർച്ച് 26 മുതൽ 31 വരെ അരങ്ങേറുന്ന മിനി ടൂർണമെന്റിൽ കളിക്കും. നാല് ചാമ്പ്യന്മാർ യൂറോ കപ്പിന് യോഗ്യത നേടും. ഏതെങ്കിലും ഗ്രൂപ്പിലെ ചാമ്പ്യന്മാർ ഇതിനകം ബെർത്തുറപ്പിച്ചിട്ടുണ്ടെങ്കിൽ ആ ഗ്രൂപ്പിലെ അടുത്ത മികച്ച ടീമിന് അവസരം കിട്ടും. സാധാരണഗതിയിൽ യോഗ്യതാ റൗണ്ടിലൂടെ മുന്നേറാൻ സാധ്യതയില്ലാത്ത ലീഗ് ഡി ടീമുകൾക്കാണ് ഈ വഴി ഏറ്റവും ഗുണം ചെയ്യുക. ബെലാറൂസ്, കോസൊവൊ, മാസിഡോണിയ, ജോർജിയ ടീമുകളിലൊന്ന് യൂറോ കപ്പിന് യോഗ്യത നേടും. 2016 ൽ മാത്രം യുവേഫ അംഗീകാരം നേടിയ കോസൊവൊ ആദ്യമായാണ് യോഗ്യതാ റൗണ്ടിൽ മത്സരിക്കാനൊരുങ്ങുന്നത്. 
ലീഗ് സി-യിൽ സ്‌കോട്‌ലന്റ്, നോർവെ, സെർബിയ, ഫിൻലന്റ് ടീമുകളാണ് പ്ലേഓഫിൽ പൊരുതുക. ലീഗ് ബി-യിൽ ബോസ്‌നിയ ഹെർസഗോവിന, ഉക്രൈൻ, ഡെന്മാർക്ക് ടീമുകളും പ്ലേഓഫിൽ ഏറ്റുമുട്ടും.
12 രാജ്യങ്ങളിലെ 12 നഗരങ്ങളിലായാണ് ഫൈനൽ റൗണ്ട് അരങ്ങേറുക. ജൂൺ 12 ന് റോമിലാണ് ഉദ്ഘാടന മത്സരം. 13 നഗരങ്ങളായിരുന്നു തുടക്കത്തിൽ. ഓരോ നഗരത്തിനും മൂന്നു ഗ്രൂപ്പ് മത്സരങ്ങളും ഒരു പ്രി ക്വാർട്ടർ/ക്വാർട്ടർ ഫൈനൽ മത്സരവുമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ പുതിയ സ്റ്റേഡിയം നിർമിക്കാനുള്ള പദ്ധതി പരാജയപ്പെട്ടതോടെ ബ്രസ്സൽസ് പിന്മാറി. സെമി ഫൈനലുകളും ഫൈനലും ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ്. ബ്രസ്സൽസിന് അനുവദിച്ചിരുന്ന നാലു കളികളും വെംബ്ലിയിൽ നടത്തും. 
12 ആതിഥേയ രാജ്യങ്ങളും യോഗ്യതാ റൗണ്ടിലൂടെ വരണം. യോഗ്യത നേടുന്ന ആതിഥേയ രാജ്യത്തിന് സ്വന്തം നാട്ടിൽ രണ്ട് ഗ്രൂപ്പ് മത്സരങ്ങളെങ്കിലും കളിക്കാം.
ഇവയാണ് ആതിഥേയ നഗരങ്ങൾ: റോം (ഇറ്റലി), ബാകു (അസർബയ്ജാൻ), സെയ്ന്റ്പീറ്റേഴ്‌സ്ബർഗ് (റഷ്യ), കോപൻഹാഗൻ (ഡെന്മാര്ക്ക്), ലണ്ടൻ (ഇംഗ്ലണ്ട്), ഗ്ലാസ്‌ഗൊ (സ്‌കോട്‌ലന്റ്), ആംസ്റ്റർഡാം (നെതർലാന്റ്‌സ്), ബുക്കാറസ്റ്റ് (റുമാനിയ), ബിൽബാവൊ (സ്‌പെയിൻ), ഡബഌൻ (അയർലന്റ്), മ്യൂണിക് (ജർമനി), ബുഡാപെസ്റ്റ് (ഹംഗറി).
പ്രി ക്വാർട്ടർ മത്സരങ്ങൾ  ലണ്ടൻ, ആംസ്റ്റർഡാം, ബിൽബാവൊ, ബുഡാപെസ്റ്റ്, കോപൻഹാഗൻ, ബുക്കാറസ്റ്റ്, ഗ്ലാസ്‌ഗൊ, ഡബഌൻ എന്നിവിടങ്ങളിലായിരിക്കും. 
ക്വാർട്ടർ ഫൈനൽ സെയ്ന്റ്പീറ്റേഴ്‌സ്ബർഗ്, മ്യൂണിക്, ബാകു, റോം എന്നീ നഗരങ്ങളിലും സെമി ഫൈനലും ഫൈനലും  ലണ്ടനിലെ വെംബ്ലിയിലും അരങ്ങേറും. 

 

Latest News