മാണ്ഡ്യയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 25 മരണം

മാണ്ഡ്യ- കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 25 പേര്‍ മരിച്ചു. മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മരിച്ചവരില്‍ ഏറെയും സ്‌കൂള്‍ വിട്ട് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളാണ്. വിസി നഗറിലാണ് അപകടമുണ്ടായത്. പാണ്ഡവപുരയില്‍ നിന്നും മാണ്ഡ്യയിലേക്കു പോകുകയായിരുന്നു ബസ്. കനാലിലേക്ക് വീണ ബസ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ദുരന്തെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി എച്.ഡി കുമാരസ്വാമി ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ച് മാണ്ഡ്യയിലേക്ക് തിരിച്ചു. ഇന്ന് നടക്കാനിരുന്ന സംസ്ഥാന ചലചിത്ര അവാര്‍ഡ് ദാന പരിപാടി മാറ്റിവയ്ക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. ബസില്‍ അമ്പതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. പോലീസും രക്ഷാ സേനയും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുറത്തെടുത്തവരെ ഉടന്‍ ആശുപത്രികളിലെത്തിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ മാണ്ഡ്യ മിംസ് ആശുപത്രിയിലേക്കു മാറ്റി.

Latest News