പ്രധാനമന്ത്രിക്കു പകരം വരുന്നത് യു.പി മുഖ്യമന്ത്രി യോഗി; നേപ്പാളില്‍ പ്രതിപക്ഷത്തിനു പ്രതിഷേധം

ന്യുദല്‍ഹി- നേപ്പാളിലെ ജനക്പൂരില്‍ അടുത്ത മാസം നടക്കുന്ന രാമന്‍-സീത വിവാഹ വാര്‍ഷിക പരിപാടിയില്‍ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു പകരം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്നതില്‍ നേപ്പാളിലെ പ്രതിപക്ഷ പാര്‍ട്ടിക്ക് എതിര്‍പ്പ്.  പുരാണകഥയായ രാമായണത്തില്‍ പരാമര്‍ശിക്കുന്ന തലസ്ഥാനമാണ് ജനക്പൂര്‍. പ്രധാനമന്ത്രി മോഡിക്ക് പങ്കെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പകരം യോഗി ആദിത്യനാഥ് പങ്കെടുക്കുകയെന്ന് കഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. എന്നാല്‍ നേപ്പാളിലെ മുഖ്യപ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസ് ആദിത്യനാഥിന്റെ വരവിനെ എതിര്‍ത്ത് രംഗത്തെത്തി. നേപ്പാളി കോണ്‍ഗ്രസ് ഉപാധ്യക്ഷനും മുന്‍ ഉപ പ്രധാനമന്ത്രിയുമായ ബിമലേന്ദ്ര നിധിയാണ് പരസ്യമായി എതിര്‍പ്പ് അറിയിച്ചത്. ജനക്പൂരില്‍ നടക്കുന്ന പരിപാടിയില്‍ ആദിത്യനാഥിന്റെ സാന്നിധ്യം ദൗര്‍ഭാഗ്യകരമാകുമെന്നും അദ്ദേഹം നേപ്പാളില്‍ രാജഭരണവും ഹിന്ദു രാഷ്ട്ര പദവിയും പുനസ്ഥാപിക്കണമെന്ന് പരസ്യമായി പറയുന്ന ആളാണെന്നും നിധി ചൂണ്ടിക്കാട്ടുന്നു.

ആദിത്യനാഥിനെ പങ്കെടുപ്പിക്കാതിരിക്കാന്‍ പരിപാടിയുടെ മുഖ്യ സംഘാടകരായ റാം ജനകി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനില്‍ ബിമലേന്ദ്ര നിധി സമ്മര്‍ദ്ദം ചെലുത്തിയതായും റിപോര്‍ട്ടുണ്ട്. അതേസമയം ഇതു സംബന്ധിച്ച് നേപ്പാളി കോണ്‍ഗ്രസ് അധ്യക്ഷനും മറ്റു മുതിര്‍ന്ന നേതാക്കളും പ്രതികരിച്ചിട്ടില്ല. ആദിത്യനാഥിന്റെ സന്ദര്‍ശനത്തിനെതിരെ ബിമലേന്ദ്ര നിധി നടത്തുന്ന പ്രചാരണം പാര്‍ട്ടിയുടെ നിലപാടാണെന്ന് വക്താവ് ബിശ്വ പ്രകാശ് പറഞ്ഞു. യുപിയിലെ ഗൊരഖ്പൂര്‍ പീഠത്തിലെ മുഖ്യ പുരോഹിതന്‍ കൂടിയായ ആദിത്യനാഥിന് നേപ്പാളിലും ആരാധകരുണ്ട്.
 

Latest News