റിയാദ്- സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കി ഒന്നര വര്‍ഷത്തോളം നിയമ നടപടികളുമായി കഴിഞ്ഞ പാലക്കാട് സ്വദേശി സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലെത്തി. റിയാദ് അസീസിയയില്‍ ഹെവി ഡ്രൈവറായി എത്തിയ പാലക്കാട് സ്വദേശി അനീഷാണ് കണ്ടെയ്‌നര്‍ മോഷണക്കുറ്റമാരോപിച്ച് സ്‌പോണ്‍സര്‍ നല്‍കിയ കേസിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചത്.
നാട്ടില്‍ ബസ് ഡ്രൈവറായിരുന്ന അനീഷ് മൂന്നു വര്‍ഷം മുമ്പാണ് റിയാദിലെത്തിയത്. പെട്രോള്‍ പമ്പില്‍ നിന്ന് കമ്പനികളിലേക്കും മറ്റും ചെറിയ ടാങ്കറില്‍ ഡീസല്‍ വിതരണം ചെയ്യുന്ന ജോലിയാണ് ചെയ്തിരുന്നത്. ഓരോ കാരണങ്ങള്‍ പറഞ്ഞ് സ്‌പോണ്‍സര്‍ നിരന്തരം ഇദ്ദേഹത്തെ മര്‍ദിക്കാറുണ്ടായിരുന്നു. മര്‍ദനം സഹിക്കവയ്യാതായപ്പോള്‍ അദ്ദേഹം പോലീസില്‍ പരാതി നല്‍കി. ശമ്പളവും മറ്റാനുകൂല്യവും ലഭിക്കുന്നില്ലെന്ന പരാതിയായതിനാല്‍ ലേബര്‍ ഓഫീസില്‍ കേസ് നല്‍കാനാണ് പോലീസ് നിര്‍ദേശിച്ചത്. ലേബര്‍ ഓഫീസില്‍ പരാതി നല്‍കിയപ്പോഴേക്കും സ്‌പോണ്‍സര്‍ അനീഷിനെ ഹുറൂബാക്കുകയും മോഷണക്കുറ്റത്തിന് അസീസിയ പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തന്റെ കണ്ടെയ്‌നര്‍ അനീഷ് മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു കേസ്. എന്നാല്‍ സ്‌പോണ്‍സര്‍ക്ക് അത്തരം കണ്ടെയ്‌നര്‍ ലോറി ഉണ്ടായിരുന്നില്ല. ഒന്നര വര്‍ഷം മുമ്പ് സ്‌പോണ്‍സര്‍ നല്‍കിയ കേസ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് തുടരന്വേഷണത്തിനായി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിലും ശേഷം ക്രൈം പോലീസിലും വരെയെത്തി. ഒടുവില്‍ കേസ് വ്യാജമാണെന്ന് തെളിഞ്ഞു. കോടതിയില്‍ അനീഷിന് അനുകൂലമായി വിധി വരുമായിരുന്നെങ്കിലും കൂടുതല്‍ കാലം ജോലിയില്ലാതെ കേസിന്റെ പിറകെ പോവാന്‍ അനീഷിന് സാധിച്ചിരുന്നില്ല. മലപ്പുറം ജില്ല കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരാണ് അനീഷിനെ സഹായിക്കാനായി കേസിലിടപെട്ടത്. അനീഷിന് നാട്ടില്‍ പോകണമെങ്കില്‍ സ്‌പോണ്‍സര്‍ തര്‍ഹീലില്‍ ഹാജരായി എക്‌സിറ്റ് നല്‍കേണ്ടതുണ്ടായിരുന്നു. ഹുറൂബായതിനാല്‍ പോലീസ് ഇടപെട്ട് ഇദ്ദേഹത്തെ തര്‍ഹീല്‍ വഴി നാട്ടിലേക്ക് അയച്ചു. കേസുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങള്‍ സിദ്ദീഖ് ഇടപെട്ട് പൂര്‍ത്തിയാക്കും.