അബുദാബിയില്‍ സൗദി-യു.എ.ഇ ഉച്ചകോടി
അബുദാബി - സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അബുദാബി കിരീടാവകാശിയും സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനും ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു.
സൗദി അറേബ്യയുടെ വലംകൈയായി എക്കാലവും യു.എ.ഇ നിലയുറപ്പിക്കുമെന്ന് അബുദാബി കിരീടാവകാശി പറഞ്ഞു. നേരത്തെ അബുദാബി പ്രസിഡന്‍ഷ്യല്‍ എയര്‍പോര്‍ട്ടിലെത്തിയ കിരീടാവകാശിയെ അബുദാബി കിരീടാവകാശി അടക്കമുള്ള നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. കിരീടാവകാശിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അബുദാബിയിലെ പ്രധാന കെട്ടിടങ്ങളും ശൈഖ് സായിദ് പാലവും സൗദി പതാകകളും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഫോട്ടോകളും ഉപയോഗിച്ച് അലങ്കരിച്ചിരുന്നു. ലോക പ്രശസ്ത ഇറാഖി-ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ് സഹാ ഹദീദ് ആണ് ശൈഖ് സായിദ് പാലം രൂപകല്‍പന ചെയ്തത്.
മേഖലയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നിലപാടുകള്‍ ഏകോപിപ്പിക്കുന്നതിനും മേഖലാ നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തുന്നതിനും നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യാഴാഴ്ച രാത്രി അബുദാബിയിലെത്തിയത്. മേഖലാ പര്യടനത്തിന്റെ ഭാഗമായി കിരീടാവകാശി ആദ്യമായി സന്ദര്‍ശിച്ചത് യു.എ.ഇ ആണ്. മേഖലാ പര്യടനം പൂര്‍ത്തിയാക്കി കിരീടാവകാശി ബ്യൂണസ് അയേഴ്‌സ് ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് അര്‍ജന്റീനയിലേക്ക് പോകും.
റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍, ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍, ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍, സാംസ്‌കാരിക മന്ത്രി ബദ്ര്‍ ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് രാജകുമാരന്‍, വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖസബി, സഹമന്ത്രി മുഹമ്മദ് ആലുശൈഖ്, വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍, ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. അവാദ് അല്‍അവാദ്, സാമ്പത്തിക, ആസൂത്രണ മന്ത്രി മുഹമ്മദ് അല്‍തുവൈജിരി, ജനറല്‍ ഇന്റലിജന്‍സ് മേധാവി ഖാലിദ് അല്‍ഹുമൈദാന്‍ തുടങ്ങിയവര്‍ കിരീടാവകാശിയെ അനുഗമിക്കുന്നുണ്ട്.