ന്യൂദല്‍ഹി- അയോധ്യയില്‍ ഹിന്ദുത്വ തീവ്രവാദികള്‍ തമ്പടിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമാണെങ്കില്‍ പട്ടാളത്തെ അയക്കണമെന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
ബാബ്രി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിശ്വഹിന്ദു പരിഷത്തും സമാന സംഘടനകളും കൂടുതല്‍ പ്രവര്‍ത്തകരെ അയോധ്യയില്‍ എത്തിക്കുന്നത്. ശിവസേന നേതാവ് ഉദ്ദവ് താക്കറേയും രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് എത്തുന്നു. ബി.ജെ.പി സുപ്രിം കോടതിയിലോ ഭരണഘടനയിലോ വിശ്വസിക്കുന്നില്ലെന്നും പാര്‍ട്ടി ഏതറ്റംവരെയും പോകുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
അതിനിടെ, രാമക്ഷേത്ര നിര്‍മാണം നീളുന്നതില്‍ ശിവസേന നേതാവ് സഞ്ജയ് റാവത്ത് കേന്ദ്രത്തെ ചോദ്യം ചെയ്തു. 17 മിനിറ്റു കൊണ്ടാണ് ഞങ്ങള്‍ ബാബ്രി മസ്ജിദ് തകര്‍ത്തത്. നിയമനിര്‍മാണത്തിന് എത്ര സമയം വേണം -അദ്ദേഹം ചോദിച്ചു.