Sorry, you need to enable JavaScript to visit this website.

പൊതുമാപ്പ്:  നിരീക്ഷണ കേന്ദ്രത്തിൽ നേരിട്ടെത്താം

ജവാസാത്ത് പോർട്ടൽ സമയം നൽകാത്തവർക്കാണ് ഈ സൗകര്യം 
എക്‌സിറ്റ് ലഭിച്ചിട്ടും ജോലി ചെയ്തവർ പിടിയിൽ 

ജിദ്ദ- പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നതിന് ജവാസാത്ത് വെബ് പോർട്ടലിൽനിന്ന് ഏതെങ്കിലും കാരണത്താൽ അപ്പോയിന്റ്‌മെന്റ് ലഭിക്കാത്തവർക്ക് വിദേശി നിരീക്ഷണ കേന്ദ്രത്തിൽ (തർഹീൽ) നേരിട്ട് ഹാജരായി നടപടികൾ പൂർത്തിയാക്കാമെന്ന് ജവാസാത്ത് വകുപ്പ് വക്താവ് ലെഫ്.കേണൽ തലാൽ ബിൻ അബ്ദുൽ മുഹ്‌സിൻ അൽശൽഹൂബ് അറിയിച്ചു. 
കൺഫേം ചെയ്ത വിമാന ടിക്കറ്റ്, പാസ്‌പോർട്ട് അല്ലെങ്കിൽ കോൺസുലേറ്റോ എംബസിയോ ഇഷ്യു ചെയ്ത ഔട്ട്പാസ് എന്നിവയുമായി വിദേശി നിരീക്ഷണ വകുപ്പിനെ സമീപിച്ചാൽ ഓൺലൈൻ അപ്പോയിന്റ്‌മെന്റ് ഇല്ലെങ്കിലും എക്‌സിറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകും. 
തർഹീലിൽ എത്തിയിട്ടും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ട് നേരിട്ടാൽ നിയമലംഘകർക്ക് 999cagdp.gov.sa എന്ന ഇ മെയിൽ വഴി പരാതി സമർപ്പിക്കാവുന്നതാണെന്നും ലെഫ്.കേണൽ തലാൽ അൽശൽഹൂബ് പറഞ്ഞു.
നിയമവിധേയമല്ലാതെ രാജ്യത്ത് തങ്ങുന്ന വിദേശികൾ എത്രയും വേഗം പൊതുമാപ്പ്  ഉപയോഗപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങണമെന്ന് ജവാസാത്ത് വക്താവ് ആവശ്യപ്പെട്ടു. റമദാൻ 30ന് പൊതുമാപ്പ് കാലയളവ് അവസാനിക്കും. പിഴയോ തടവോ കൂടാതെ നിയമലംഘകർക്ക് രാജ്യം വിടുന്നതിനുള്ള അവസാന തിയതിയാണ് ഇത്. ഇക്കാലയളവിൽ പദവി ശരിയാക്കാൻ സാധിക്കില്ല. 
പൊതുമാപ്പ് ആനുകൂല്യം വഴി എക്‌സിറ്റ് ലഭിച്ചിട്ടും രാജ്യം വിട്ടുപോകാതെ ജോലി തുടർന്ന ഏതാനും നിയമലംഘകർ സുരക്ഷാ വിഭാഗങ്ങൾ നടത്തിയ പരിശോധനയിൽ പിടിയിലായിട്ടുണ്ടെന്ന് ലെഫ്.കേണൽ ശൽഹൂബ് പറഞ്ഞു. സ്വന്തം നിലയിലോ മറ്റുള്ള സ്‌പോൺസർമാർക്ക് കീഴിലോ ജോലി ചെയ്ത് വരികയായിരുന്ന നിയമലംഘകരാണ് പിടിയിലായത്. നിയമലംഘകർക്ക് താമസവും ഗതാഗത സൗകര്യവും നൽകിയവരും അന്വേഷണത്തിനിടെ പിടിയിലായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പിടിയിലായവരിൽ ചിലരുടെ പക്കലുള്ള  ഔട്ട്പൗസിന്റെ കാലാവധി തീർന്നതാണെന്നും ശ്രദ്ധയിൽ പെട്ടതായി ജവാസാത്ത് വക്താവ് വ്യക്തമാക്കി. 


 

Latest News