- 32,000 ഹജ്, ഉംറ, സന്ദർശക വിസ നിയമലംഘകർ തിരികെ പോയി
റിയാദ്- പൊതുമാപ്പ് നിലവിൽ വന്നശേഷം ഇതുവരെ ഒരു ലക്ഷത്തിലേറെ നിയമലംഘകരെ പിടികൂടിയതായി പൊതുമാപ്പ് കാമ്പയിൻ മേധാവി മേജർ ജനറൽ ജംആൻ അഹമ്മദ് അൽഗാംദി.
പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി 32,000 - ലേറെ ഹജ്, ഉംറ, സന്ദർശകവിസ നിയമലംഘകർ ഇതിനകം സ്വദേശങ്ങളിലേക്ക് തിരിച്ചുപോയതായി ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. തർഹീലിൽ പോകാതെ ടിക്കറ്റെടുത്ത് നേരെ വിമാനത്താവളങ്ങളിലെത്തി നാട്ടിലേക്ക് പോയവരുടെ കണക്കാണിത്.
നിയമലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യത്തോടെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രഖ്യാപിച്ച 90ദിവസത്തെ പൊതുമാപ്പ് മാർച്ച് അവസാനത്തിലാണ് നിലവിൽ വന്നത്. ഇനി 45 ദിവസം മാത്രമാണ് കാമ്പയിനിൽ അവശേഷിക്കുന്നത്. 19 സർക്കാർ വകുപ്പുകൾ പൊതുമാപ്പ് കാമ്പയിനിൽ പങ്കാളിത്തം വഹിക്കുന്നു. പൊതുമാപ്പിന് അർഹരായ നിയമ ലംഘകരുടെ നടപടികൾ പൂർത്തിയാക്കുന്നതിന് സൗദിയിലെങ്ങുമായി 78 കേന്ദ്രങ്ങൾ ജവാസാത്ത് സജ്ജീകരിച്ചിട്ടുണ്ട്.
സ്‌പോൺസർമാരിൽനിന്ന് ഒളിച്ചോടിയ 2,85,000 പേരടക്കം പത്തു ലക്ഷത്തോളം നിയമ ലംഘകരെയാണ് പൊതുമാപ്പ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇതിൽ നാൽപതിനായിരം പേർ സ്‌പോൺസർമാരിൽനിന്ന് ഒളിച്ചോടിയ ഹൗസ് ഡ്രൈവർമാരും വീട്ടുവേലക്കാരുമാണ്. നാലു വർഷം മുമ്പ് പ്രഖ്യാപിച്ച പൊതുമാപ്പ് കാലത്ത് 55 ലക്ഷത്തോളം നിയമലംഘകർ പദവി ശരിയാക്കി സൗദിയിൽ തുടരുകയോ സ്വദേശങ്ങളിലേക്ക് തിരിച്ചുപോവുകയോ ചെയ്തു.
അതിൽനിന്ന് വ്യത്യസ്തമായി ഇത്തവണ നിയമലംഘകർക്ക് പദവി ശരിയാക്കി സൗദിയിൽ തുടരുന്നതിന് അവസരമില്ല. ശിക്ഷാ നടപടികൾ കൂടാതെ ഫൈനൽ എക്‌സിറ്റിൽ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിനു മാത്രമാണ് അനുവദിക്കുന്നത്. ഇങ്ങനെ പോകുന്നവർക്ക് പിന്നീട് തൊഴിൽ വിസയിൽ സൗദിയിലേക്ക് വരുന്നതിന് തടസ്സമുണ്ടാവില്ലെന്ന ആനുകൂല്യമുണ്ട്.
അതിനിടെ, പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് തിരിച്ചുപോകുന്നതിന് ഇരുപതിനായിരത്തിലേറെ ഇന്ത്യക്കാർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു.






