ന്യൂദൽഹി- അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമാക്കുന്ന വിഷയത്തിൽ ബി.ജെ.പി പ്രതിജ്ഞാബദ്ധമാണെന്ന് പാർട്ടി അധ്യക്ഷൻ അമിത് ഷാ. ജയ്പൂരിൽ ബി.ജെ.പി സംസ്ഥാന നിർവാഹക സമിതി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ സർവേകളിലെല്ലാം കോൺഗ്രസിന് മുൻതൂക്കം കൽപിച്ചതിനാലാണ് അമിത് ഷാ അവസാന കൈ എന്ന നിലയിൽ തീവ്ര വർഗീയ പ്രചാരണവുമായി രംഗത്തിറങ്ങിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം പ്രധാന സംസ്ഥാനങ്ങളിൽ അന്തിമ ഘട്ടത്തിൽ എത്തിനിൽക്കെ, കോൺഗ്രസിന് മുൻതൂക്കമുണ്ടെന്നാണ് പ്രവചനങ്ങൾ. രാജസ്ഥാനിൽ ബി.ജെ.പിയെ മറിച്ചിട്ട് കോൺഗ്രസ് അധികാരം പിടിക്കുമെന്നാണ് സൂചന.
മധ്യപ്രദേശിൽ നേരിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് അധികാരത്തിലെത്തും. ഛത്തീസ്ഗഢിൽ ബി.ജെ.പി തന്നെ അധികാരം പിടിക്കും. തെലങ്കാനയിൽ ഭരണ കക്ഷിയായ ടി.ആർ.എസ് അധികാരത്തിൽ തുടരുമെന്നും കണ്ടെത്തി.
കായിക മൽസരങ്ങളിലെന്ന പോലെ തെരഞ്ഞെടുപ്പും വാതുവെപ്പുകാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഓരോ മണ്ഡലത്തിലെയും ട്രെൻഡ് നോക്കിയാണ് ഇവർ വാതുവെപ്പ് നടത്തുന്നത്. രാജസ്ഥാനിൽ കോൺഗ്രസ് അധികാരം തിരിച്ചു പിടിക്കുമെന്ന് അവർ പറയുന്നു. രാജസ്ഥാനിൽ ഇത്തവണ ബി.ജെ.പിക്ക് അധികാരം നഷ്ടമാകുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. കോൺഗ്രസ് 15 വർഷത്തിന് ശേഷം രാജസ്ഥാൻ ഭരണം തിരിച്ചുപിടിക്കാൻ പോകുന്നുവെന്നാണ് പ്രചാരണം. വോട്ടെടുപ്പിനോട് അടുക്കവെ ഈ സാധ്യത കൂടുകയാണ് ചെയ്തതെന്ന് രാജസ്ഥാനിൽ സിക്കാർ ടൗണിലുള്ള വാതുവെപ്പുകാരൻ പറയുന്നു. രാജസ്ഥാനിലെ പോലെ അല്ല മധ്യപ്രദേശിലെ കാര്യങ്ങൾ. നേരത്തെ കോൺഗ്രസ് ജയിക്കുമെന്നാണ് ഒരുപാട് പേർ പറഞ്ഞിരുന്നത്. എന്നാൽ വോട്ടെടുപ്പിനോട് അടുക്കവെ കാര്യങ്ങൾ മാറിയിരിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം മധ്യപ്രദേശിൽ നടക്കുമെന്നാണ് ഇവർ പറയുന്നത്. എങ്കിലും കോൺഗ്രസ് വിജയിക്കുമെന്നും പറയുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് ജയിക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനങ്ങളെല്ലാം. മധ്യപ്രദേശിൽ ബിജെപി ശക്തമായ പ്രചാരണം നടത്തിയതു വഴി വൻ മുന്നേറ്റം അവർക്ക് സാധ്യമായെന്നാണ് വിലയിരുത്തൽ. ഈ സാധ്യതയാണ് ബിജെപിയെ ദയനീയ പരാജയത്തിൽ നിന്ന് രക്ഷിക്കുന്നതെന്ന് വാതുവെപ്പുകാർ പറയുന്നു. എന്നാൽ ഛത്തീസ്ഗഢിൽ ബിജെപി അധികാരം തുടരും. കോൺഗ്രസ് വളരെ പിന്നിലാകും. ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിലായിട്ടായിരുന്നു. നവംബർ 12നും 20നും. ഇവിടെ ബിജെപി തന്നെ അധികാരം പിടിക്കുമെന്ന് വാതുവെപ്പുകാർ പറയുന്നു. വാതുവെപ്പുകാരുടെ നിരീക്ഷണം പ്രാദേശിക അടിസ്ഥാനത്തിലാണ്. സംസ്ഥാനത്തിന്റെ മൊത്തം ചിത്രം അവർക്ക് ലഭിക്കണമെന്നില്ല. മധ്യപ്രദേശിൽ 230 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതിൽ കോൺഗ്രസ് 112-116 സീറ്റുകൾ പിടിക്കുമെന്നാണ് വാതുവെപ്പുകാർ പറയുന്നത്. ബിജെപിക്ക് 100-102 സീറ്റുകൾ കിട്ടുമെന്നും അവർ പറയുന്നു. അൽപം സീറ്റുകൾ പ്രവചിക്കാൻ പ്രയാസമാണ്. ബിഎസ്പിയുടെയും ചില സ്വതന്ത്രരുടെയും സാന്നിധ്യമാണ് പ്രവചനാതീതമാക്കുന്നത്.
ഛത്തീസ്ഗഢിൽ ബിജെപി 43 സീറ്റ് വരെ നേടുമെന്നാണ് പ്രചാരണം. കോൺഗ്രസിന് 37ഉം. അജിത് ജോഗിയുടെ സഖ്യത്തിന് ഏഴ് സീറ്റ് ലഭിക്കുമെന്നും ഇവർ പറയുന്നു. രണ്ടാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ബിജെപിയുടെ വിജയം പൂർണമായിട്ടുണ്ടെന്ന് വാതുവെപ്പുകാർ പറയുന്നു.
തെലങ്കാനയിൽ കോൺഗ്രസ് സഖ്യത്തെ പരാജയപ്പെടുത്തി ടിആർഎസ് തന്നെ അധികാരത്തിൽ തുടരുമെന്നാണ് പറയുന്നത്. മധ്യപ്രദേശിലും മിസോറമിലും ഈ മാസം 28 നാണ് വോട്ടെടുപ്പ്. രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബർ ഏഴിനും. എല്ലാ സംസ്ഥാനങ്ങളിലും ഡിസംബർ 11ന് വോട്ടെണ്ണും.