മീ ടൂ: രേവതി ലക്ഷ്യം വെക്കുന്നത് മോഹന്‍ലാലിനെ 

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതോടെ മലയാള സിനിമ വിവാദങ്ങളിലേക്ക് കൂപ്പുകുത്തുകയായിരുന്നു. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ആയതോടെ മോഹന്‍ലാലിന് കണ്ടകശനിയാണെന്നും ട്രോള്‍ വന്നു. താന്‍ ഉള്‍പ്പെടാത്ത കാര്യങ്ങള്‍ പോലും അവസാനം മോഹന്‍ലാലിന്റെ തലയില്‍ ആകുന്ന സ്ഥിതിയിലായി കാര്യങ്ങള്‍. 
വാര്‍ത്താസമ്മേളനത്തില്‍ രേവതി, പാര്‍വതി, പദ്മപ്രിയ എന്നിവരെ നടിമാര്‍ എന്ന് മാത്രം വിളിച്ച് അഭിസംബോധന ചെയ്ത മോഹന്‍ലാലിന്റെ പ്രസ്താവനയ്‌ക്കെതിരെ മൂന്ന് നടിമാരും രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു രേവതി ഉന്നയിച്ചത്. ഇതിനു മറുപടിയുമായി മോഹന്‍ലാലും സംഘവും മറ്റൊരു പത്രസമ്മേളനവും നടത്തിയിരുന്നു. 
 ഇപ്പോള്‍ വീണ്ടും വെട്ടിലായിരിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍. മീ ടൂ വെളിപ്പെടുത്തലുകളോട് തന്റെ അഭിപ്രായമെന്തെന്ന് തുറന്ന് പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ചിലര്‍ക്ക് മീ ടൂ ഫാഷനായി മാറിയിരിക്കുകയാണ് എന്നായിരുന്നു മോഹന്‍ലാല്‍ പരസ്യമായി പ്രതികരിച്ചത്. 
 ഇതിനെതിരെ രേവതി തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. എന്നാല്‍, അദ്ദേഹത്തിന്റെ പേര് പറയാതെയാണ് രേവതി മറുപടി നല്‍കിയത്. 'മീ ടൂ മൂവ്‌മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടന്‍ പറഞ്ഞത്. ഇങ്ങനെയുള്ളവരെ എങ്ങനെയാണ് പറഞ്ഞ് മനസിലാക്കേണ്ടത്? അഞ്ജലി മേനോന്‍ പറഞ്ഞതുപോലെ ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല.' എന്നും രേവതി ട്വിറ്ററില്‍ കുറിച്ചു. 
 എന്നാല്‍, തങ്ങളുടെ പേര് പറഞ്ഞില്ല, പകരം നടിമാര്‍ എന്ന് മാത്രം വിളിച്ചു എന്ന് പരാതിപ്പെട്ട രേവതി മോഹന്‍ലാലിനെ 'പ്രമുഖ നടന്‍' എന്ന് അഭിസംബോധന ചെയ്തത് എന്തേ എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. പ്രമുഖ നടന് പേരില്ലേ? പേര് പറയാന്‍ അറിയില്ലേ എന്നാണ് മോഹന്‍ലാല്‍ ഫാന്‍സ് ചോദിക്കുന്നു. 

Latest News