Sorry, you need to enable JavaScript to visit this website.

മലയാളികള്‍ കേരളത്തിലേക്ക് പോകൂ  -ഗോവ ചലച്ചിത്ര മേള സംഘാടകന്‍  

 ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ സംഘര്‍ഷം. ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഗോവ കലാ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കേണ്ട ദ ഗില്‍റ്റി എന്ന സിനിമയ്ക്ക് ടിക്കറ്റെടുത്ത് മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നവരെ പരിഗണിക്കാതെ ടിക്കറ്റില്ലാത്തവരെ അകത്ത് കയറ്റിവിടാനായി സംഘാടകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ക്യൂവില്‍ നിന്നിരുന്ന മലയാളികളുള്‍പ്പെടെയുള്ളവര്‍ ഇതില്‍ പ്രതിഷേധിച്ചപ്പോള്‍ ഗോവ എന്റര്‍ടെയ്ന്‍മെന്റ് സൊസൈറ്റിയുടെ വൈസ് ചെയര്‍മാനും മേളയുടെ പ്രധാന സംഘാടകരിലൊരാളുമായ രാജേന്ദ്ര തലാഖ് പ്രതിഷേധിച്ച മലയാളികള്‍ക്കെതിരെ രംഗത്തെത്തുകയായിരുന്നു.
വൈകി വന്നവരെ മാത്രമാണ് കയറ്റി വിടാത്തത് എന്നായിരുന്നു രാജേന്ദ്ര തലാഖ് സംഭവ സ്ഥലത്ത് എത്തിയ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ആ വാദം തെറ്റാണെന്നും ടിക്കറ്റുമായി മണിക്കൂറുകളോളം കാത്തുനില്‍ക്കുന്നവരെ പരിഗണിക്കാതെയാണ് പുറത്തുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കിയതെന്നും മലയാളി പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടി.
ഇതോടെയായിരുന്നു മലയാളികളുടെ നേരെ ഇയാള്‍ തിരിഞ്ഞത്. 'നിങ്ങള്‍ കേരളത്തില്‍ നിന്ന് വന്നവരാണെന്ന് ഞങ്ങള്‍ക്ക് അറിയാം. കേരളത്തില്‍ നിന്ന് വന്നവര്‍ കേരളത്തിലേക്ക് തന്നെ തിരിച്ചുപോയ്‌ക്കോളൂ. ഇവിടെ കാര്യമില്ല. കേരളത്തില്‍ നടക്കുന്ന ചലച്ചിത്ര മേളയില്‍ മതി നിങ്ങളുടെ നിയമം ' എന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്.
മലയാളികള്‍ മടങ്ങിപ്പോകണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് മലയാളികളായ പ്രേക്ഷകര്‍ ഗോവ പൊലീസില്‍ വംശീയ അധിക്ഷേപത്തിന് പരാതി നല്‍കി.
നവംബര്‍ 20 നാണ് അന്താരാഷ്ട്ര ചലചിത്ര മേളയുടെ 49 ാമത് പതിപ്പിന് ഗോവയില്‍ തുടക്കമായത്. നവ ഇന്ത്യ ('ന്യൂ ഇന്ത്യ') എന്ന തീമിലാണ് ഇത്തവണ മേള ഒരുക്കിയിരിക്കുന്നത്.
ജൂലിയന്‍ ലാന്‍ഡായിസിന്റെ 'ദി ആസ്‌പേണ്‍ പേപ്പേര്‍സ്' എന്ന സിനിമയാണ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്. അമേരിക്കന്‍ എഴുത്തുകാരന്‍ ഹെന്റി ജെയിംസിന്റെ നോവലിനെ ആധാരമാക്കിയ ചിത്രമാണ് ആസ്‌പേണ്‍ പേപ്പേര്‍സ്.
68 രാജ്യങ്ങളില്‍ നിന്നുമുള്ള 212 സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഇത്തവണ കണ്‍ട്രി ഓഫ് ഫോക്കസ് ആയി തിരഞ്ഞെടുത്തത് ഇസ്രായിലാണ്. ഇസ്രായേല്‍ കോണ്‍സുലേറ്റ് ജനറലുമായി സഹകരിച്ച് പത്ത് സിനിമകള്‍ പ്രദര്‍ശിപ്പിക്കും.ഈ വര്‍ഷം മരിച്ച ശശി കപൂര്‍, ശ്രീദേവി, എം കരുണാനിധി, കല്പനാ ലജ്മി എന്നിവരെ ആദരിക്കുന്ന പരിപാടികളും മേളയുടെ ഭാഗമായി നടന്നു.

Latest News