Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോൺഗ്രസിന് വേണ്ടി പൊരുതി നിന്ന ധൈഷണിക ജീവിതം 

എം.ഐ. ഷാനവാസ് ജിദ്ദ മലയാളം ന്യൂസ് ഓഫീസ് സന്ദർശിച്ചപ്പോൾ, മുൻ എഡിറ്റർ ഇൻ ചീഫ് ഫാറൂഖ് ലുഖ്മാൻ, പത്രാധിപ സമിതി അംഗങ്ങൾ,  ഒ.ഐ.സി.സി നേതാക്കൾ സമീപം.  (ഫയൽ ചിത്രം)

വിവിധ മുസ്‌ലിം  സംഘടനകളുമായി ആത്മ ബന്ധം പുലർത്താൻ ഷാനവാസിനെ സഹായിച്ചത് ഫാറൂഖ് കോളേജ് കാലമായിരിക്കുമെന്ന് തീർത്തു പറയാൻ സാധിക്കും. അന്നുണ്ടാക്കി വെച്ച ബന്ധം ഊഷ്മളമായി നില നിർത്തിയ ഷാനവാസ് അതുവഴി കോൺഗ്രസിനും യു.ഡി.എഫിനുമുണ്ടാക്കിക്കൊടുത്ത നേട്ടങ്ങൾ എത്രയോ വലുതാണ്.   

അറുപതുകളിൽ എത്തി നിൽക്കുന്ന തലമുറയുടെ തൊട്ട് മുന്നിൽ സജീവമായി നിന്ന  നേതാക്കളിലൊരാളാണ് വിട പറഞ്ഞ എം.ഐ ഷാനവാസ് (67).  ഫാറൂഖ് കോളേജ് യൂനിയൻ ചെയർമാൻ സ്ഥാനത്തുവരുന്നവരിൽ  പോലും മലബാറിലെ രാഷ്ട്രീയ തൽപര തലമുറ ഭാവി നേതാവിനെ കണ്ടിരുന്നൊരു കാലമുണ്ടായിരുന്നു.  അത്രക്ക് തിളക്കമുണ്ടായിരുന്നു തെക്കെ ഇന്ത്യയിലെ അലീഗഢായി അറിയപ്പെട്ട കോളേജിലെ ചെയർമാൻ പദവിക്ക്.  കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയൻ സാരഥ്യം കൂടി നേടിയാൽ പിന്നെ ആ യുവാവ് രാഷ്ട്രീയ തലമുറയുടെ മനസ്സിന്റെ മാണിക്യക്കൊട്ടാരത്തിലങ്ങ് കയറിക്കൂടും.
പിന്നാലെ വളരുന്നവർ ഏത് പാർട്ടിക്കാരായാലും അവരെ, വിടാതെ പിന്തുടരും. എന്തായി, എവിടെവരെ എത്തി എന്ന് നോക്കിക്കൊണ്ടേയിരിക്കും. മുല്ലപ്പള്ളിയും സി.എച്ച് ഹരിദാസുമെല്ലാം  (അദ്ദേഹം ഇന്നില്ല) അങ്ങനെ ഒരു കോൺഗ്രസ്  തലമുറ നോക്കി നിന്നവരിൽ പെടും. 
ഷാനവാസിന്റെ കാലത്ത് അദ്ദേഹത്തിന്റെ കാമ്പസ് പരിസരത്തുണ്ടായിരുന്നവരാണ്  റഹീം മേച്ചേരി, ആസാദ് മൂപ്പൻ, ഉമ്മർ പാണ്ടികശാല, കണ്ണംകണ്ടി മൊയ്തു, ടി.വി. ബാലൻ, കെ.ഒ. ഷാഹുൽ ഹമീദ് എന്നിവർ. പ്രതിഭ കൊണ്ട് ഇവരോടൊപ്പമോ, മുകളിലോ ആയ മറ്റു പലരും അന്ന് ആ കാമ്പസുകളിലും  അല്ലാതെയും  അവരുടെ പഠന - ബുദ്ധി ജീവിതം നയിച്ചു. അവരിലൊരാളാണ് ഒട്ടനവധി  മതഗ്രന്ഥങ്ങളുടെ കർത്താവായ പ്രൊഫ. കെ.പി.കമാലുദ്ദീൻ സാഹിബ്.  ആശയപരമായി ഭിന്ന ചേരികളിലാണെങ്കിലും ഇവരെല്ലാം തമ്മിലുള്ള സ്‌നേഹ ബന്ധം ആഹ്ലാദ പൂർവ്വം അനുഭവിച്ചറിഞ്ഞവരായിരിക്കും മലബാറിലെയെങ്കിലും ഒരു തലമുറ.  കോഴിക്കോട്ടെ പഴയ ഇമ്പീരിയൽ ഹോട്ടൽ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രവർത്തനത്തിന് ആരംഭം കുറിച്ച ഷാനവാസും ഇവരെ പോലെയൊക്കെ  യുവ മനസ്സിൽ  ഇടം നേടിയ നേതാവായിരുന്നു. വേറിട്ട നിലപാടുള്ള വാരികയായ മലയാള നാടിൽ  അക്കാലത്ത് യുവജന നേതാക്കളെ പരിചയപ്പെടുത്തുന്ന കോളമുണ്ടായിരുന്നു. അങ്ങനെ പരിചയപ്പെടുത്തിയവരൊക്കെ വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും എല്ലാവരുടെയും മനസ്സിലിപ്പോഴുമുണ്ട്.
ലീഗ് രാഷ്ട്രീയത്തിലെ യുവതാരം പി.ശാദുലിയെ കെ.കെ. മൊയ്തുവും, ഇ.ടി. മുഹമ്മദ് ബഷീറിനെ റഹീം മേച്ചേരിയും പരിചയപ്പെടുത്തിയതോർക്കുന്നു. മേച്ചേരിയും മൊയ്തുവും ഇന്നില്ല.   വാരികയുടെ കറുപ്പിലും വെളുപ്പിലും അച്ചടിച്ചു വന്ന യുവ നേതൃതലമുറയിൽ പലരും ഇന്നും കേരള സമൂഹത്തിലെ  പല പാർട്ടികളിലും അല്ലാതെയും  നേതൃസ്ഥാനങ്ങളിലിരിക്കുന്നു.   കേരളത്തിൽ രാഷ്ട്രീയ ബുദ്ധി ജീവികൾ പൂത്തകാലമായിരുന്നല്ലോ, എഴുപതുകളും എൺപതിന്റെ ആദ്യവുമൊക്കെ. അവരിൽ നല്ല പങ്കിനെ പലതരം പാർട്ടികൾ പകുത്തെടുത്തു കൊണ്ടു പോയി.  കോൺഗ്രസിലും എത്തി കുറച്ചു പേരൊക്കെ. 
കോൺഗ്രസാകുന്നത് മാത്രം എന്തോ വലിയ കുറച്ചിലായി കരുതുന്നവർ നീന്തിയ ഒഴുക്കിനെതിരെ നെഞ്ച് വിരിച്ചു തന്നെ നിന്നുവെന്നതാണ്  ഷാനവാസിന്റെ മറ്റൊരു പ്രത്യേകത.  പാർലമെന്ററി രാഷ്ട്രീയത്തിൽ ഷാനവാസ് കാൽ നൂറ്റാണ്ടാണ് തോറ്റുകൊണ്ടേയിരുന്നത്. ആരായാലും വല്ലാതെ തളർന്നു പോകുന്ന സ്ഥിതി വിശേഷം. അഞ്ച് തെരഞ്ഞെടുപ്പു കളിലെ നിരന്തര തോൽവികൾക്കൊടുവിൽ വയനാട്ടിലെ ജനങ്ങൾ  ഷാനവാസിനെയങ്ങ് ഏറ്റെടുക്കുകയായിരുന്നു.  വയനാട്ടിൽ തെരഞ്ഞെടുപ്പിനെത്തുമ്പോഴേക്കും ഷാനവാസ് മറ്റൊരു വഴിക്കും ജനമനസ്സിൽ എത്തിയിരുന്നു- ചാനൽ ചർച്ചകൾ വഴി. ചാനൽ ചർച്ചയിൽ തിളങ്ങുകയെന്നത് അടിസ്ഥാനപമായി കഴിവുള്ളയാളുകൾക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. ഷാനവാസ് അന്ന് കൈകാര്യം ചെയ്ത അഖിലേന്ത്യാ രാഷ്ട്രീയം എന്ത് മാത്രം കടുകട്ടിയായിരുന്നുവെന്ന് അന്നത് ശ്രദ്ധിച്ചവർക്കറിയാം. ഇതെന്താ, നിങ്ങൾ മാത്രം ചാനലിൽ പോയാൽ മതിയോ? എന്നേതോ സഹപ്രവർത്തകൻ കുശുമ്പ് പറഞ്ഞപ്പോൾ എന്നാൽ പിന്നെ ഇന്ന് നിങ്ങൾ പോയിക്കോ എന്ന് സ്‌നേഹം പറഞ്ഞ് വിട്ടതും, ആൾ രംഗം നശിപ്പിച്ച് തിരിച്ചെത്തിയതും ഒരു പഴയ അഭിമുഖത്തിൽ ഷാനവാസ് ഓർത്തെടുത്തിട്ടുണ്ട്. 
കോൺഗ്രസിലും ഷാനവാസ് പൊരുതി നേടിയ വിജയങ്ങൾ  മാത്രം മതി കഴിവ് മനസ്സിലാകാൻ. കോൺഗ്രസുകാരും കേരള ജനത തന്നെയും ആദരവും, സ്‌നേഹവും കാരണം ലീഡർ എന്നു മാത്രം വിളിച്ച കെ. കരുണാകരനെ ചോദ്യം ചെയ്യാൻ ആരുമില്ലാത്ത കാലത്താണ് അദ്ദേഹത്തിനെതിരെ തിരുത്തൽ വാദവുമായി  ഷാനവാസും സംഘവും രംഗത്തു വന്നതെന്നത്  കോൺഗ്രസിനെന്നല്ല ഇന്നത്തെ എല്ലാ രാഷ്ട്രീയപാർട്ടിക്കാർക്കും  വിസ്മയമായിരിക്കും.
തിരുത്തൽ വാദി എന്ന പേര്  അവരുടെ മുന്നേറ്റത്തിന് കിട്ടിയതിൽ പോലും മറ്റൊരു പത്രപ്രവർത്തക പ്രതിഭയുമായുള്ള ആത്മബന്ധം കാരണമായെന്ന് ഇന്നലെ (ബുധൻ) റോയ് മാത്യു എന്ന പത്രപ്രവർത്തക സുഹൃത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.  മലയാള മനോരമ പത്രത്തിൽ അക്കാലത്ത് കോൺഗ്രസ് ബീറ്റ് കൈകാര്യം ചെയ്യുന്നയാളും പത്ര പ്രവർത്തന രംഗത്ത് അവാർഡുകളുടെ തോഴനുമായ വി.കെ.സോമനാണ് പരിഷ്‌കരണവാദികൾ എന്ന ഒട്ടും ചേരാത്ത പേര് മാറ്റി തിരുത്തൽ വാദിയാക്കിക്കൊടുത്തത്. സോമനും ഷാനവാസിനെപ്പോലെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയൻ ചെയർമാനായിരുന്നു.  പഴയ വീക്ഷണം സ്റ്റാഫും.
ലീഡറുടെ കൈ പിടിച്ച് 1983 ൽ കെ.പി.സി.സി സെക്രട്ടറിയായി സംസ്ഥാന രാഷ്ട്രീയത്തിലെത്തിയ  ഷാനവാസിന് പക്ഷേ തന്റെ നിലപാട് പറയാൻ ലീഡറോടുള്ള കടപ്പാട് തടസ്സമായില്ലെന്നാണ് പിന്നീടുണ്ടായ കാര്യങ്ങൾ തെളിയിച്ചത്.  കെ.മുരളീധരന്റെ വരവോടെയാണ് കരുണാകരനുമായി  അകന്നു തുടങ്ങിയത്.  ലീഡറിൽ പുത്രസ്‌നേഹം പരിധി വിട്ടു വളരുന്നു എന്ന് കണ്ടതോടെ ഷാനവാസ് തിരുത്തൽവാദികളുടെ നായകനായി  മാറി. രമേശ് ചെന്നിത്തലയ്ക്കും അന്തരിച്ച മുൻ സ്പീക്കർ ജി. കാർത്തികേയനുമൊപ്പം ഐ ഗ്രൂപ്പിലെ യുവ ത്രിമൂർത്തികളായി അഖിലന്ത്യാ രാഷ്ട്രീയത്തിലെ തന്നെ മഹാ ശക്തിയായിരുന്ന കെ.കരുണാകരനെ ചോദ്യംചെയ്തു
. മകന്റെ കാര്യത്തിൽ മുന്നോട്ട് വെച്ച കാൽ പിന്നോട്ടില്ലെന്ന് ലീഡർ ഉറച്ചതോടെ മൂന്നാം ഗ്രൂപ്പിന്റെ പ്രസക്തി വർദ്ധിച്ചു. രമേശ് ചെന്നിത്തലയും സംഘവും  ലീഡർക്കൊപ്പം തിരിച്ചുപോയെങ്കിലും ഷാനവാസ് എ.കെ. ആന്റണിക്കൊപ്പം എ ഗ്രൂപ്പിലെത്തി.   ഒരു പതിറ്റാണ്ട് കാലം ശക്തരായ കരുണാകരനും മുരളീധരനുമെതിരേ പോരാടിയത്  ഷാനവാസായിരുന്നു. എ ഗ്രൂപ്പ് ഉമ്മൻ ചാണ്ടിയിലെത്തിയതോടെ  വീണ്ടും തിരിച്ചെത്തി രമേശ് ചെന്നിത്തലയോടൊപ്പം  തന്ത്രങ്ങൾ തീർത്തു ജയിക്കുകയും തോൽക്കുകയും ചെയ്തു.
വിവിധ മുസ്‌ലിം  സംഘടനകളുമായി ആത്മബന്ധം പുലർത്താൻ ഷാനവാസിനെ സഹായിച്ചത് ഫാറൂഖ് കോളേജ് കാലമായിരിക്കുമെന്ന് തീർത്തു പറയാൻ സാധിക്കും. അന്നുണ്ടാക്കി വെച്ച ബന്ധം ഊഷ്മളമായി നില നിർത്തിയ ഷാനവാസ് അതുവഴി കോൺഗ്രസിനും യു.ഡി.എഫിനുമുണ്ടാക്കിക്കൊടുത്ത നേട്ടങ്ങൾ എത്രയോ വലുതാണ്.  

Latest News