അമ്മയും കുഞ്ഞും

പ്രൊഫഷനൽ ടെന്നിസിൽ ഉയരങ്ങളിലെത്താനുള്ള പ്രയാസം സാനിയ മിർസയോട് ചോദിച്ചാൽ അറിയാം. ഇന്ത്യയിലെ അസംഖ്യം പുരുഷ, വനിതാ കളിക്കാരിൽ പ്രൊഫഷനൽ കാലത്ത് സിംഗിൾസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തിന്റെ നാലയലത്തെത്താൻ സാധിച്ച ഏക താരമാണ് സാനിയ. ഇരുപത്തേഴാം സ്ഥാനം വരെയാണ് സാനിയ മുന്നേറിയത്. രാമനാഥൻ കൃഷ്ണൻ ആദ്യ പത്തിലെത്തിയിരുന്നു. അത് ടെന്നിസ് ഇത്രയൊന്നും പ്രൊഫഷനൽ അല്ലാത്ത അറുപതുകളുടെ തുടക്കത്തിലായിരുന്നു. രമേശ് കൃഷ്ണൻ ഇരുപത്തിമൂന്നാം സ്ഥാനത്തെത്തി. 
ആദ്യ പത്തിലെത്തുക ഇത്ര കടുപ്പമാണെങ്കിൽ ഒന്നാം സ്ഥാനത്തെത്തുന്നതിന്റെ പ്രയാസം ആലോചിച്ചു നോക്കുക. ഗ്രാന്റ്സ്ലാമുകളിൽ കിരീടം നേടുക അതിനെക്കാൾ കഠിന ദൗത്യമാണ്. കരൊലൈൻ വോസ്‌നിയാക്കി, യെലേന യാങ്കോവിച് തുടങ്ങിയ ഒന്നാം നമ്പർ കളിക്കാരികൾക്ക് ഗ്രാന്റ്സ്ലാം നേടാൻ സാധിച്ചിട്ടില്ല. ഗ്രാന്റ്സ്ലാം നേടുന്നതു തന്നെ പ്രയാസമാണെങ്കിൽ ഗർഭകാലത്ത് ഗ്രാന്റ്സ്ലാം നേടുന്നതോ? സെറീന വില്യംസ് സാധിച്ചത് അതായിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഓസ്‌ട്രേലിയൻ ഓപൺ നേടുമ്പോൾ സെറീന എട്ടാഴ്ച ഗർഭിണിയായിരുന്നു. 
ഗർഭകാലത്തിന്റെ തുടക്കമാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതെന്ന് പറയാറുണ്ട്. പലപ്പോഴും സയൻസിനെ തോൽപിക്കാനാവും നമ്മുടെ മനക്കരുത്തിന്. രണ്ടു മാസം ഗർഭിണിയായിരിക്കെയാണ് സെറീന ഓസ്‌ട്രേലിയൻ ഓപൺ ഉയർത്തിയത്. താൻ ഗർഭിണിയാണോയെന്ന കാര്യം സെറീന അപ്പോൾ അറിഞ്ഞിരുന്നുവോയെന്നും സംശയമാണ്. ഏപ്രിൽ മധ്യത്തിലാണ് ഇക്കാര്യം അബദ്ധത്തിൽ സെറീന വെളിപ്പെടുത്തിയത്. അതോടെ ഇന്റർനെറ്റ് ബഹളത്തിൽ മുങ്ങി. വീർത്തുവരുന്ന സ്വന്തം വയറ് ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യപ്പെടുകയായിരുന്നു ഫോട്ടോയെന്ന് പിന്നീട് സെറീന വെളിപ്പെടുത്തി. ഈ പോസ്റ്റ് പെട്ടെന്ന് ഡിലീറ്റ് ചെയ്യപ്പെട്ടു. പക്ഷെ കൊടുങ്കാറ്റടങ്ങിയില്ല. ഗർഭകാലം ഇരുപത്തിരണ്ടാഴ്ച പിന്നിട്ടെന്ന് പിന്നീട് സെറീന തന്നെ പ്രഖ്യാപിച്ചു. അതായത് ഗർഭകാലത്തിന്റെ പകുതി. ആരാധകർ അങ്ങനെ കുത്തിയിരുന്ന് ഗണിച്ചെടുത്തതാണ് ഓസ്‌ട്രേലിയൻ ഓപൺ നേടുമ്പോൾ സെറീന എട്ടാഴ്ച ഗർഭിണിയാണെന്ന എക്‌സ്‌ക്ലൂസിവ് ന്യൂസ്. കണക്കിൽ മിടുക്കരായവർ മറ്റൊരു കാര്യം കൂടി കണ്ടെത്തി. അങ്ങനെയെങ്കിൽ ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ കുഞ്ഞു കരച്ചിൽ കേൾക്കാം. പഴയ പോസ്റ്റ് ഡിലീറ്റ് ചെയ്തതിന് പ്രായശ്ചിത്തമെന്നോണം മെയ് ഒമ്പതിന് ഇൻസ്റ്റഗ്രാമിൽ ഗർഭകാല ചിത്രം സെറീന പോസ്റ്റ് ചെയ്തു. ഒപ്പം പിറക്കാനിരിക്കുന്ന കുഞ്ഞിന് വികാരം തുളുമ്പുന്ന ഒരു കുറിപ്പും. പ്ലയേഴ്‌സ് ബോക്‌സിൽ ഒരു സീറ്റ് ഒഴിച്ചിട്ടിട്ടുണ്ടെന്ന് കുഞ്ഞിനുള്ള അറിയിപ്പ് കൂടിയായിരുന്നു അത്. പ്രസവത്തിനു ശേഷം മുപ്പത്തേഴാം വയസ്സിലും താൻ കോർടിലിറങ്ങും എന്ന് ലോകത്തിനുള്ള അറിയിപ്പും അതിൽ ഒളിഞ്ഞു കിടപ്പുണ്ട്. ഗർഭകാലത്തിലാണെങ്കിലും ഇപ്പോഴും ലോക ഒന്നാം നമ്പറാണ് സെറീന. ലോകത്തിലെ ഏറ്റവും പ്രായമേറിയ ഒന്നാം നമ്പറും തന്റെ പ്രായം കുറഞ്ഞ ഒന്നാമനും ഒരേ ശരീരത്തിലാണെന്ന കണ്ടെത്തലും സെറീന നടത്തി. 
ക്രമേണ കുഞ്ഞിന്റെ പിതാവിലേക്കായി അന്വേഷണം. മുപ്പത്തിമൂന്നുകാരനായ അലക്‌സിസ് ഒഹാനിയാനും മുപ്പത്തഞ്ചുകാരി സെറീനയും റോമിൽ വെച്ചാണ് കണ്ടുമുട്ടുന്നത്. 15 മാസത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ഡിസംബറിൽ റോമിലെ അതേ റെസ്റ്റോറന്റിൽ സെറീനയോട് ഒഹാനിയാൻ വിവാഹാഭ്യർഥന നടത്തി. സെറീന അതെക്കുറിച്ച് ഒരു കവിത എഴുതിയിട്ടുണ്ട്, റെഡിറ്റ് വെബ്‌സൈറ്റിൽ. ടെക്‌നോളജി വ്യവസായിയായ ഒഹാനിയാൻ ഇരുപത്തിരണ്ടാം വയസ്സിൽ സ്ഥാപിച്ചതാണ് റെഡിറ്റ് വെബ്‌സൈറ്റ്. അതു വൻ വിജയമായി. ആർമീനിയക്കാരനായ പിതാവിനും ജർമൻകാരിയായ മാതാവിനും അമേരിക്കയിൽ ജനിച്ച ഒഹാനിയാൻ ഇന്റർനെറ്റിന്റെ മേയർ എന്നാണ് അറിയപ്പെടുന്നത്. ഇന്റർനെറ്റിലെ മൗലികാവകാശത്തിനായി അമേരിക്കൻ രാഷ്ട്രീയക്കാരോട് പൊരുതിയതിന്റെ പേരിലാണ് ഇത്. ഗ്രന്ഥകർത്താവ് കൂടിയാണ്. ഓസ്‌ട്രേലിയൻ ഓപൺ ഫൈനൽ സെറീനക്ക് എല്ലാ അർഥത്തിലും കുടുംബത്തിന്റെ ഒത്തുചേരലായി. ചേച്ചി വീനസ് വില്യംസിനെ തോൽപിച്ച് സെറീന കിരീടമുയർത്തുന്നതിന് കൈയടിക്കാൻ പ്ലയേഴ്‌സ് ബോക്‌സിൽ മറ്റു കുടുംബാംഗങ്ങൾക്കൊപ്പം ഒഹാനിയാനുമുണ്ടായിരുന്നു. ഒഹാനിയാന്റെ മുപ്പത്തിമൂന്നാം ജന്മദിനത്തിലായിരുന്നു ഗർഭസ്ഥ ശിശുവിനുള്ള സെറീനയുടെ സന്ദേശം. 
അമ്മയാകുകയെന്ന വിശുദ്ധമായ വികാരത്തിലാണ് സെറീനയെങ്കിൽ പൊന്നോമനയെ ലാളിക്കുന്ന തിരക്കിലായിരുന്നു സെറീനയുടെ ഉറ്റസുഹൃത്ത് കൂടിയായ മുൻ ഒന്നാം നമ്പർ വിക്‌ടോറിയ അസരെങ്ക. സെറീനയോളം വെള്ളിവെളിച്ചത്തിലല്ല തിരിച്ചുവരവിനുള്ള അസരെങ്കയുടെ തീവ്രശ്രമങ്ങൾ പുരോഗമിക്കുന്നത്. ബെലാറൂസിലെ മിൻസ്‌കിൽ താൻ കളിച്ചു വളർന്ന ടെന്നിസ് അക്കാദമിയിലാണ് അമ്മയായ ശേഷം കായികക്ഷമത വീണ്ടെടുക്കാനുള്ള അസരെങ്കയുടെ വ്യായാമം പുരോഗമിക്കുന്നത്. ഈ ടെന്നിസ് സെന്ററിലെ ജീവനക്കാരിയായിരുന്നു അമ്മ അല. ചേട്ടൻ മാക്‌സും മാതാപിതാക്കളും അവരുടെ അച്ഛനമ്മമാരുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത് ഇതിനു സമീപത്തുള്ള രണ്ടുമുറി വീട്ടിലായിരുന്നു. ടെന്നിസിൽ ഉയരങ്ങൾ തേടിയുള്ള അസരെങ്കയുടെ യാത്ര ചെറുപ്പത്തിലേ തുടങ്ങി. പതിനാലാം വയസ്സിൽ അസരെങ്ക സ്‌പെയിനിലേക്ക് താമസം മാറ്റി. പിന്നീട് അമേരിക്കയിലേക്ക് വന്നു. ലിയോയുടെ ജനനം അസരെങ്കയെ മിൻസ്‌കിലെ വേരുകളിലേക്ക് തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ്.
കോർടിൽ ബഹളക്കാരിയാണ് അസരെങ്ക. ലിയോക്കു മുന്നിൽ ആളാകെ മാറി. സങ്കടകരമായിരുന്നു ഇരുപത്തേഴുകാരിയുടെ ഗർഭകാലം. അമ്മ അല കാൻസറുമായി പടവെട്ടുകയായിരുന്നു അപ്പോൾ. കഴിഞ്ഞയാഴ്ചയാണ് സ്തനാർബുദം പൂർണമായി മാറിയെന്ന റിപ്പോർട്ട് കിട്ടിയത്. ജൂലൈയിൽ സ്റ്റാൻഫോഡ് ടൂർണമെന്റിൽ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. ദീർഘകാലം വിട്ടുനിന്നതിനാൽ റാങ്കിംഗ് ഉണ്ടാവില്ല. എന്നാൽ വിട്ടുനിൽക്കുന്നതിനു മുമ്പുള്ള ആറാം റാങ്ക് ഒരു വർഷം വരെ പരിഗണിക്കും. രണ്ട് ഗ്രാന്റ്സ്ലാമുൾപ്പെടെ എട്ട് ടൂർണമെന്റുകളിൽ പ്രവേശനം നേടാൻ ഇത് സഹായിക്കും. സെറീനയും അസരെങ്കയും സുഹൃത്തുക്കളാണ്. അമേരിക്കയിലെ മാൻഹട്ടൻ ബീച്ചിലെ ഇപ്പോഴത്തെ അസരെങ്കയുടെ വീട് ഫെബ്രുവരിയിൽ സെറീന സന്ദർശിച്ചിരുന്നു. സെറീന ഇല്ലായിരുന്നുവെങ്കിൽ ഒരുപാട് ഗ്രാന്റ്സ്ലാമുകൾക്കുടമയായേനേ അസരെങ്ക. സെറീനയുമായുള്ള 21 മത്സരങ്ങളിൽ നാലിൽ മാത്രമാണ് അസരെങ്ക ജയിച്ചത്. 17 തോൽവികളിൽ പത്തും ഗ്രാന്റ്സ്ലാമുകളിലായിരുന്നു. സെറീന വിട്ടുനിൽക്കുന്ന ടെന്നിസിലാണ് അസരെങ്ക മടങ്ങിയെത്തുന്നത്. ഗർഭകാലത്തെയും പ്രസവത്തെയും കുറിച്ച കാര്യത്തിലെങ്കിലും സെറീനയെക്കാൾ ഒരുപടി മുന്നിലാണെന്നാണ് അസരെങ്കയുടെ അഭിമാനം. സെറീനയില്ലെങ്കിലും 15 വർഷത്തെ ഉത്തേജക വിലക്കിനു ശേഷം മരിയ ഷരപോവ ടെന്നിസിൽ തിരിച്ചെത്തിയിട്ടുണ്ട്. സെറീനയെയും അസരെങ്കയെയും പോലെ ഷരപോവയും മുൻ ഒന്നാം നമ്പറാണ്.
ഗർഭകാലമാണെന്നറിയാതെയാണ് കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യൻവെൽസിലും മയാമിയിലും അസരെങ്ക കിരീടം നേടിയത്. ഫ്രഞ്ച് ഓപൺ ആദ്യ റൗണ്ടിൽ കളി പൂർത്തിയാക്കാനാവാതെ മടങ്ങിയപ്പോഴാണ് താൻ ഗർഭിണിയാണെന്നറിയുന്നത്. കാൻസർ ചികിത്സയിലായിരുന്ന അമ്മയെ ഫോണിൽ ഗർഭ വാർത്ത അറിയിക്കുമ്പോൾ സങ്കടം സഹിക്കാനാവാതെ അസരെങ്ക തേങ്ങി. അമേരിക്കയിൽ മാൻഹട്ടനിലെ വസതിയിലായിരുന്നു കാമുകൻ ബില്ലി മക്കീഗിനൊപ്പം അസരെങ്ക താമസിച്ചിരുന്നത്. എന്നാൽ കുടുംബത്തിന്റെ അടുപ്പം തേടി ബെലാറൂസിലേക്ക് വന്നു. ജൂലൈ 15 നാണ് ഗർഭിണിയാണെന്ന വാർത്ത ലോകത്തെ അറിയിച്ചത്. ഡിസംബറിൽ ലിയൊ ജനിച്ചു. കുഞ്ഞിനെ പാലൂട്ടുന്നതിനൊപ്പം അസരെങ്ക പരിശീലനം പുനരാരംഭിച്ചു. 
ഇരുപത്തേഴുകാരൻ മക്കീഗ് അമേരിക്കയിലെ ഹവായിയിൽ ഗോൾഫ് പ്രൊഫഷനലായിരുന്നു. സുഹൃത്തുക്കളെ കാണാൻ അവിടെയെത്തിയപ്പോഴാണ് മക്കീഗിനെ അസരെങ്ക കണ്ടുമുട്ടുന്നത്. പ്രസവം കഴിഞ്ഞ് ഏഴാഴ്ച പിന്നിട്ടപ്പോഴാണ് കോർടിലിറങ്ങിയത്. എങ്കിലും പ്രധാനമായും ശ്രമിക്കുന്നത് ഫിറ്റ്‌നസിലാണ്. അസരെങ്ക കരുത്താർജിക്കുകയാണെന്ന് മക്കീഗ് പറയുന്നു. രാത്രി ഇപ്പോൾ കമ്പിളിപ്പുതപ്പ് തന്നിൽനിന്ന് വലിച്ചുപറിച്ചെടുക്കാറുണ്ടെന്നതാണ് അതിനൊരു തെളിവ്. 
പഴയ ടെന്നിസ് അക്കാദമിയിലെ ചുമരിൽ ബെലാറൂസിലെ പ്രമുഖ കളിക്കാരുടെയൊക്കെ ചിത്രം വലുതാക്കി വെച്ചിട്ടുണ്ട്. ഏറ്റവും വലുത് അസരെങ്കയുടേതാണ്. മുൻ ഡബ്ൾസ് ഒന്നാം നമ്പർ നടാഷ സ്വരേവയുടേത് തൊട്ടടുത്തുണ്ട്. ഈ ചിത്രങ്ങൾ കാണുമ്പോൾ എന്തു തോന്നുന്നുവെന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ അസരെങ്ക പറഞ്ഞു; 'ഇവരിൽ പലരും ഒരുപാട് ഉയരങ്ങൾ കീഴടക്കേണ്ടവരായിരുന്നു. ജൂനിയർ ടെന്നിസിൽ കളിക്കുന്ന കാലത്ത് ഒരു പയ്യനുണ്ടായിരുന്നു ഞങ്ങളുടെ കൂടെ. നദാലിനെയൊക്കെ എളുപ്പം തോൽപിക്കുമായിരുന്നു. അയാൾ ഇപ്പോൾ ടെന്നിസിൽ പോലുമില്ല. ഇത് വലിയ യാത്രയാണ്. പലരും വഴിയിൽ വീണു പോകുന്നു. ഭാഗ്യവും വേണം. എനിക്ക് അധികമൊന്നും കിട്ടിയില്ല. കിട്ടിയത് ഇരുകൈയും നീട്ടി പിടിച്ചെടുത്തു. ജീവിതത്തിൽ പ്രതിബന്ധങ്ങളുണ്ടാവും. ഞങ്ങൾ അതൊക്കെ ചാടിക്കടന്നു'.
പ്രസവത്തിനു ശേഷം തിരിച്ചുവന്ന് കിം ക്ലൈസ്റ്റേഴ്‌സ് ഗ്രാന്റ്സ്ലാം നേടിയിട്ടുണ്ട്. പഴയ കളിക്കാരികളായ ഇവോൺ ഗൂലാഗോംഗും മാർഗരറ്റ് കോർടും ഗ്രാന്റ്സ്ലാം നേടുമ്പോൾ അമ്മമാരായിരുന്നു. സെറീന വില്യംസിനും വിക്‌ടോറിയ അസരെങ്കക്കും കാലം എന്തായിരിക്കും കാത്തുവെച്ചത്?
 

Latest News