Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ക്ഷേത്ര പ്രവേശം: പിന്നോട്ടില്ലെന്ന  പ്രഖ്യാപനവുമായി മുഖ്യമന്ത്രിയും സി.പി.എമ്മും 

കേരളത്തിൽ കത്തി നിൽക്കുന്ന ശബരിമല വിഷയത്തിൽ വലിയ കോലാഹലമില്ലാതെ രാഷ്ട്രീയം പറഞ്ഞ് എതിരാളികൾക്കു മേൽ  വിജയം നേടി  നിൽക്കുന്ന മുഖ്യമന്ത്രിയെയാണ് കുറച്ചു ദിവസമായി  കണ്ടു കൊണ്ടിരിക്കുന്നത്. അതേ സമയം മറുപക്ഷത്ത് വാക്കുകളുടെയും വാദങ്ങളുടെയും വലിയ തമ്പുരാന്മാരെന്ന് നടിക്കുന്ന സംഘ് പരിവാർ നേതാക്കൾക്ക് പിണറായിക്ക് മുന്നിൽ വാക്കില്ലാതായിപ്പോകുന്നു. ശ്രീധരൻ പിള്ളപോലും നിരന്തരം തോറ്റുപോവുകയാണ്. ഇത്രയേ ഉണ്ടായിരുന്നുള്ളൂ കൊട്ടിഘോഷിക്കപ്പെട്ട ഈ ക്രിമിനൽ ലോയർ എന്ന് അദ്ദേഹത്തിന്റെ പാർട്ടിക്കാർ പോലും മൂക്കത്ത് വിരൽ വെക്കുന്നു. വാക്കുകൾക്ക് അങ്ങനെയൊരു കുഴപ്പമുണ്ട്. അത് ഒരു വട്ടം തല തിരിഞ്ഞുപോയാൽ പിന്നെ ഉടനീളം അങ്ങനെയായിപ്പോകും. തന്റെ വാക്കുകളുടെ പണിക്കുറ്റം തീർക്കാൻ ശ്രീധരൻ പിള്ളക്ക് വല്ലാതെ പണിപ്പെടേണ്ടി വരുന്നുണ്ട്.  ഏറ്റവും ഒടുവിൽ അദ്ദേഹം പറഞ്ഞത് ശബരിമല യുവതി പ്രവേശത്തിനെതിരല്ല തങ്ങളുടെ സമരം, കമ്യൂണിസത്തിനെതിരാണ് എന്നാണ്.  ഇതിനായിരുന്നോ ഇതൊക്കെ എന്ന് ആരും ചോദിച്ചു പോകുന്ന അവസ്ഥ.
അതേ സമയം കഴിഞ്ഞ രണ്ട് ദിവസത്തെ  (നവംബർ 19, 20) മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളും, പത്രസമ്മേളനവും മാത്രം നോക്കൂ.  എല്ലാം ഒന്നിനൊന്ന് എതിരാളികളുടെ മേൽ  വിജയം വരിക്കുന്നവ.  കോഴിക്കോട്ട് പത്രപ്രവർത്തക യൂനിയൻ സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി തന്റെ പുത്തൻ പോരാട്ട വഴിയിൽ മാധ്യമ സമൂഹത്തെയും ചേർത്ത് നിർത്തി. ഒരേ ലക്ഷ്യത്തിനായി വിവിധ മാർഗങ്ങളിൽ പോരാടുന്നവരല്ലേ എന്ന മധുര ഭാവം. എത്രയെല്ലാം വരച്ച വരയിൽ നിർത്തിയിട്ടും  അടുത്ത കാലത്തായി മാധ്യമ പ്രവർത്തകർ  തനിക്കൊപ്പം തന്നെയുണ്ടെന്നറിയാമായിരുന്നിട്ടും പുതിയ അഭ്യർഥന നടത്തിയതിലുമുണ്ട്  രാഷ്ട്രീയ സാമർഥ്യം. മാധ്യമ സമൂഹത്തിന്റെ  ആധികാരിക സംഘടനയുടെ വേദിയിൽ മാധ്യമ പവർത്തകരെ  പ്രശംസാ വചനങ്ങൾ കൊണ്ട് മൂടുകയായിരുന്നു മുഖ്യമന്ത്രി. പ്രളയത്തിനു ശേഷമുള്ള നാടിന്റെ പുനർനിർമിതിക്കായി മാധ്യമങ്ങൾ നിർവ്വഹിക്കേണ്ട ക്രിയാത്മക പങ്ക് ഊന്നിപ്പറഞ്ഞ മുഖ്യമന്ത്രി,  പ്രളയ ഘട്ടത്തിലും പുനരധിവാസ വേളയിലും മാധ്യമങ്ങൾ വഹിച്ച പങ്കിനെ അഭിമാനിക്കാവുന്ന ഇടപെടൽ എന്നാണ് വിശേഷിപ്പിച്ചത്.
മാധ്യമ രംഗത്തെ കുഴപ്പങ്ങൾക്കെല്ലാം കാരണം അതിന്റെ ഉടമകളാണെന്ന് സമർഥിച്ച മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരെ പൂർണമായി വെറുതെ വിട്ടപ്പോൾ, പിണറായി വിജയനെയും മാധ്യമങ്ങളെയും ബന്ധപ്പെടുത്തി പറയുന്ന  'കടക്ക് പുറത്ത്' കാലത്തിനിപ്പുറമുള്ള മാധ്യമ സൗഹൃദത്തിന്റെ പുതിയ അന്തരീക്ഷമാണ് പൊട്ടി വിടർന്നത്.
വൈകുന്നേരം മലപ്പുറത്തെത്തിയപ്പോൾ പ്രസംഗത്തിന് മറ്റൊരു  മട്ടും ഭാവവുമായിരുന്നു. വേദിയറിഞ്ഞുള്ള വാക്കുകൾ. തനിക്കെതിരെ ഭീഷണിയുടെ ഭാഷ പ്രയോഗിച്ച ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണനോട്  അമിത്ഷായോട് പറഞ്ഞ മട്ടിലുള്ള മറുപടി തന്നെ- അതിനുള്ള ശക്തി ആ കാലിനുണ്ടെന്ന് തോന്നുന്നില്ല -ആ പ്രഖ്യാപനം കേട്ടപ്പോൾ സദസ്സിലുയർന്ന കൈയടി കേട്ടാലറിയാമായിരുന്നു ആ സദസ്സിന്റെ മനസ്സിൽ പിണറായി വിജയൻ നേടിയ വീര പരിവേഷം.  അതേ വേദിയിൽ തന്നെ ലീഗിനെതിരെ വിട്ടുവീഴ്ചയില്ലാതെ തന്നെ സംസാരിച്ചതോടെ മലപ്പുറത്തെ രാഷ്ട്രീയം പൂർണമായി.
ചൊവ്വാഴ്ച  രാവിലെ തിരുവനന്തപുരത്ത് ഒരു മണിക്കൂറോളം പത്രക്കാരോട്  സംസാരിച്ച മുഖ്യമന്ത്രി ശബരിമല പ്രശ്‌നത്തിൽ കൈക്കൊണ്ട നടപടികളിലെ സ്വന്തം ശരി വിശദമായി തന്നെ പറഞ്ഞു, പറഞ്ഞു പോയി. 
കേരളത്തിലെ കോൺഗ്രസ് തങ്ങളുടെ നേതാവായി അംഗീകരിക്കുന്നത് രാഹുൽ ഗാന്ധിയെയല്ല,  അമിത് ഷായെയാണെന്ന ഇന്നലത്തെ പത്രസമ്മേളനത്തിലെ വാക്കുകൾ ആവർത്തനമാണെങ്കിലും ഇരുതല മൂർച്ച. 
സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നതായി രാഹുൽ പറഞ്ഞതിൽ കയറി പിടിച്ചുള്ള പ്രത്യാക്രമണവും പിന്നാലെ.   ശബരിമല വിഷയത്തിൽ എൽ.ഡി.എഫിനെയും സർക്കാറിനെയും എതിർക്കാൻ മുസ്‌ലിം ലീഗ് ബി.ജെ.പിക്കും ആർ.എസ്.എസിനും മുന്നിൽ സ്വയം കഴുത്ത് കാണിച്ചുകൊടുക്കുകയാണെന്ന വിമർശത്തിൽ  തങ്ങൾക്കൊപ്പം നിൽക്കുന്ന ലീഗ് വിരുദ്ധ മനസ്സുകളെ കൂടെ തന്നെ നിർത്താനുള്ള തന്ത്രം. എന്തിനാണ്  ഇത്തരമൊരു നിലപാടെന്ന് ലീഗ് പരിശോധിക്കണം. 
ബാബ്‌രി മസ്ജിദ് തകർത്തപ്പോൾ  നാല് മന്ത്രിസ്ഥാനം വലുതായിക്കണ്ട് നിലകൊണ്ട പാർട്ടിയല്ലേ? എന്ന പരിഹാസം. അന്നൊരിക്കൽ ഒരു പ്രസംഗത്തിൽ പറഞ്ഞു വിട്ട  ലീഗുമായി ബന്ധപ്പെട്ട കാര്യം  ഇപ്പോൾ വീണ്ടും ഉയർത്തുന്നതിലും വ്യക്തമായ രാഷ്ട്രീയം.
വിശ്വാസമാണ് പ്രധാനം എന്ന് കോൺഗ്രസിനൊപ്പം പറയുമ്പോൾ ലീഗ് കുറച്ച് ആലോചിക്കണം. ബാബരി മസ്ജിദ് പൊളിച്ചത് കോടതി പറഞ്ഞിട്ടല്ലെന്നാണ് ആർഎസ്എസും ബിജെപിയും ഇന്നും പറയുന്നത്. ക്ഷേത്രം നിർമിക്കാൻ  കോടതി ഉത്തരവ് വേണ്ടെന്ന്  പരസ്യമായി ആവർത്തിക്കുന്നു. കോടതിയും ഭരണഘടനയുമല്ല പ്രധാനമെന്ന് പറയുന്ന ആർഎസ്എസ് വാദത്തിന് ബലം പകരുകയാണ് ലീഗ്. താജ്മഹലിനകത്ത് പൂജ നടത്തി ക്ഷേത്രമാണെന്ന് സ്ഥാപിക്കാൻ ശ്രമമെന്നാണ്  വാർത്ത. നിരവധി ന്യൂനപക്ഷ ആരാധനാലയങ്ങൾക്കു മേൽ ക്ഷേത്രമെന്ന് അവകാശവാദമുന്നയിച്ചിട്ടുണ്ട് ആർഎസ്എസ്.  ഇതിനെല്ലാം തലവെച്ചുകൊടുക്കുകയാണ്, വിശ്വാസമാണ് പ്രധാനമെന്ന് പ്രചരിപ്പിക്കുന്നതിലൂടെ ലീഗ് ചെയ്യുന്നതെന്ന പിണറായിയുടെ വാക്കുകളിലും യു.ഡി.എഫ് മുഖ്യ ഘടക കക്ഷിയായ ലീഗിന്റെ രാഷ്ട്രീയ തന്ത്രത്തെ എതിർത്തു നിൽക്കാനുള്ള നീക്കം തന്നെ.  
ശബരിമല സംഘപരിവാറിന്റെ കൈപ്പിടിയിൽ ഒതുക്കാനുള്ള  ശ്രമമുണ്ടെന്ന് സ്ഥാപിക്കാൻ അവരുടെ പക്ഷത്തു നിന്നുണ്ടായ കാര്യങ്ങൾ എടുത്തു പറഞ്ഞുള്ള പ്രത്യാക്രമണം.
മുഖ്യമന്ത്രിയുടെ പ്രത്യാക്രമണം ഈ നിലക്ക് മുന്നോട്ട് പോകുമ്പോൾ തന്നെ സി.പി.എം പാർട്ടി എന്ന നിലക്കും രണ്ടും കൽപിച്ചു തന്നെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ നൂറുകണക്കിന് വേദികളിൽ അത് കണ്ടു.  
ശബരിമല സാഹചര്യം വിശദീകരിക്കാൻ പുതുമുഖ പ്രസംഗ സംഘത്തെ തന്നെ  സി.പി.എം നിയമിച്ചു കഴിഞ്ഞു. മുഴുവൻ സമയ പ്രവർത്തകർക്ക് പുറമേയാണിത്.  ഹൈന്ദവ സംഘടനകളുടെ നാമജപ പ്രതിഷേധങ്ങൾക്ക് സമാന്തരമായി പാർട്ടി  ലോക്കൽ തലങ്ങളിൽ സംഘടിപ്പിച്ച നവോത്ഥാന സദസ്സുകളിലായിരുന്നു പുതു പ്രഭാഷകരുടെ അരങ്ങേറ്റം. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ നഗരങ്ങളിലും നാട്ടിൻ പുറങ്ങളിലും ഇതുപോലുള്ള നിരവധി പ്രസംഗ സദസ്സസുകൾ നടന്നിരുന്നു. 
 കൈകാര്യം ചെയ്തത്  ശബരിമല വിഷയം. നവോത്ഥാന പാതയിലെ മുന്നേറ്റങ്ങൾ, ഗുരുവായൂർ, വൈക്കം സത്യഗ്രഹങ്ങൾ, ക്ഷേത്ര പ്രവേശന വിളംബരം, മാറ് മറയ്ക്കൽ സമരം, നമുക്ക് ജാതിയില്ല വിളംബരം തുടങ്ങിയ വിഷയങ്ങളെല്ലാം  പ്രസംഗകർ ശൈലീമനോഹരമായി പറഞ്ഞു. വൈകുന്നേരം ജനം ഒത്തുകൂടുന്ന ചെറു പട്ടണങ്ങളിൽ റോഡിന്റെ ഓരം ചേർന്നുള്ള വേദികളിൽ നടക്കുന്ന  ഇത്തരം പ്രസംഗ സദസ്സുകൾ  ഫലം കണ്ടെന്നാണ് പാർട്ടി വിലയിരുത്തുന്നത്. 
മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമല്ല, പാർട്ടിയും മുന്നോട്ട് വെച്ച കാൽ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചാണ് ഓരോ ഇഞ്ചും മുന്നോട്ട് നടന്നു നീങ്ങുന്നത്. അങ്ങനെയല്ലാതെ അവർക്ക് പറ്റില്ല. കാരണം ഇപ്പോഴില്ലെങ്കിൽ പിന്നെ ഒരിക്കലുമില്ലെന്ന് നല്ലവണ്ണം അറിയാവുന്നത് സി.പി.എമ്മിന് മാത്രമാണ്. 
 

Latest News