ഷാനവാസിന്റെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും; വികസനത്തില്‍ ശ്രദ്ധിച്ച നേതാവെന്ന് മുഖ്യമന്ത്രി

കൊച്ചി- ചെന്നൈയില്‍ നിര്യാതനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ എം.ഐ. ഷാനവാസിന്റെ മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിക്കും.
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനു സമീപം അദ്ദേഹത്തിന്റെ വസതിയായ നൂര്‍ജഹാന്‍ മന്‍സിലില്‍ പൊതുദര്‍ശനത്തിനു വെക്കും. വ്യാഴാഴ്ച രാവിലെ 10ന് കൊച്ചി തോട്ടത്തുംപടി പള്ളി ഖബര്‍സ്ഥാനിലാണ് ഖബറടക്കം.
കരള്‍മാറ്റ ശസ്ത്രക്രിയക്കുശേഷം അണുബാധയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷാനവാസ് ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് മരിച്ചത്.
കേരളത്തിന്റെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച നേതാവായിരുന്നു ഷാനവാസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരളം കണ്ട ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവായിരുന്നു ഷാനവാസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. ജേഷ്ഠ സഹോദരനെയാണ് തനിക്ക് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ എക്കാലത്തേയും പകരംവെക്കാനില്ലാത്ത നേതാവായിരുന്നു ഷാനവാസെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും കേരള രാഷ്ട്രീയത്തിനും നികത്താനാവത്ത നഷ്ടമാണ് ഷാനവാസിന്റെ വിയോഗമെന്ന് വി.എം.സുധീരന്‍ അനുസ്മരിച്ചു.

 

Latest News