ഷൊർണൂർ- സി.പി.എമ്മിലെ വിഭാഗീയത കുടിവെള്ള വിതരണ പദ്ധതികളെയും ബാധിക്കുന്നു. ഷൊർണൂർ നഗരസഭ പന്ത്രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് നടപ്പിലാക്കിയ 29-ാം വാർഡിലെ കുന്നത്താഴത്തെ ചെറുകിട കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം നാല് മാസത്തിലേറെയായി മുടങ്ങിക്കിടക്കുന്നത് ഭരണ കക്ഷിയായ സി.പി.എമ്മിലെ വിഭാഗീയത കാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സി.പി.എം. സ്ഥിരമായി ജയിക്കുന്ന വാർഡായിട്ടും എല്ലാ കാര്യത്തിലും കടുത്ത അവഗണനയാണുണ്ടാകുന്നതെന്ന് വാർഡ് കൗൺസിലർക്കും പരാതിയുണ്ട്. പാർട്ടി ഫോറങ്ങളിലും ഇക്കാര്യം ചർച്ച ചെയ്യപ്പെടുന്നുണ്ട്.
പക്ഷെ വിഭാഗീയത പരിഹരിക്കാൻ പാർട്ടിക്ക് കഴിയുന്നില്ല. പാർട്ടി കൗൺസിലർമാർ രണ്ട് വിഭാഗമായി ചെയർപേഴ്‌സന്റേയും വൈസ് ചെയർമാന്റേയും നേതൃത്വത്തിൽ പരസ്പരം പോരടിക്കുകയാണ്. ഈ പോര് നഗരസഭയിലെ വികസന പ്രവർത്തനങ്ങളെ മൊത്തം ബാധിച്ചിട്ടുണ്ട്. വൈസ് ചെയർമാനോടൊപ്പം നില്ക്കുന്ന 29-ാം വാർഡിലെ വനിത കൗൺസിലർ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനവുമുണ്ട്. ചെയർപേഴ്‌സന്റെ അപ്രീതിയിൽ ഈ കൗൺസിലർക്ക് വാർഡിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല.
കുടിവെള്ളത്തിന്റെ കാര്യത്തിൽ മാത്രമല്ല, തെരുവു വിളക്കുകളുടെ കാര്യത്തിലും അവഗണനയുണ്ട്. സമീപ കാലത്ത് നടന്ന നഗരസഭാ കൗൺസിൽ യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചത് തെരുവുവിളക്കുകളുടെ കാര്യത്തിൽ നഗരസഭാ ചെയർപേഴ്‌സൺ പക്ഷപാതം കാണിക്കുന്നു എന്ന് ആരോപിച്ചായിരുന്നു. ഇതേ ആരോപണവുമായി വൈസ് ചെയർമാന്റെ നേതൃത്വത്തിൽ ഏതാനും ഭരണകക്ഷി അംഗങ്ങളും അന്ന് യോഗം ബഹിഷ്‌കരിച്ചത് വലിയ ചർച്ചയായിരുന്നു. അതിന് മുമ്പ് നടന്ന മറ്റൊരു കൗൺസിൽ യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സനും വൈസ് ചെയർമാനും ഏറ്റുമുട്ടിയത് എടാ പോടീ വിളികളോടെയാണ്. കടുത്ത നടപടി സ്വീകരിച്ചാൽ പാർട്ടി രണ്ടായി പിളരുമെന്ന ഭയപ്പാടിലാണ് പാർട്ടി നേതൃത്വം.
ചെയർപേഴ്‌സന്റെ അവഗണനയിൽ പ്രതിഷേധിച്ച് വൈസ് ചെയർമാന്റെ ഗ്രൂപ്പിൽ പെട്ട ഏതാനും കൗൺസിലർമാർ രാജിക്ക് തയാറായതായി ഈയിടെ ശ്രുതി പരന്നിരുന്നു. എം.ആർ മുരളിക്ക് ശേഷം പാർട്ടിയിൽ മറ്റൊരു പിളർപ്പിന് അരങ്ങൊരുങ്ങുകയാണെന്നാണ് സൂചനകൾ. നഗരസഭാ ഭരണത്തെച്ചൊല്ലിയായിരുന്നു എം.ആർ മുരളിയുടെ നേതൃത്വത്തിൽ പാർട്ടിയിൽ പിളർപ്പുണ്ടായത്.






