Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യെമൻ ദുരിതാശ്വാസത്തിന് 50 കോടി ഡോളറിന്റെ  പദ്ധതി

റിയാദ് - യെമനിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഭക്ഷ്യപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള പദ്ധതി സൗദി അറേബ്യയും യു.എ.ഇയും ചേർന്ന് ആരംഭിച്ചു. യെമനിൽ 1.2 കോടി പേരെ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിക്ക് 50 കോടി ഡോളർ നീക്കിവെച്ചതായി കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ സൂപ്പർവൈസറും റോയൽ കോർട്ട് ഉപദേഷ്ടാവുമായ ഡോ. അബ്ദുല്ല അൽറബീഅ അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ 25 കോടി ഡോളർ സൗദി അറേബ്യയും 25 കോടി ഡോളർ യു.എ.ഇയുമാണ് വഹിക്കുക. 
നിയമാനുസൃത ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ പെട്ട പ്രദേശങ്ങളിലും ഹൂത്തികളുടെ നിയന്ത്രണത്തിൽ പെട്ട പ്രദേശങ്ങളിലും കഴിയുന്ന മുഴുവൻ യെമനികളെയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. യെമൻ ജനതക്ക് ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കുന്നതിന് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നതിനാണ് ഹൂത്തികൾ ശ്രമിക്കുന്നത്. യെമനിൽ പ്രവർത്തിക്കുന്ന ചില സംഘടനകളുടെ പ്രവർത്തനത്തിൽ ദുരൂഹതകളുണ്ട്. സഹായ വസ്തുക്കൾ യെമൻ ജനതക്ക് എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് ഇത്തരം സംഘടനകളുടെ പ്രവർത്തനം യു.എന്നുമായി സഹകരിച്ച് പുനഃപരിശോധിക്കും. യെമനികൾക്ക് പണമായി സഹായം നൽകുന്നില്ല. ഭക്ഷ്യവസ്തുക്കളും മരുന്നുകളുമായാണ് സഹായം നൽകുന്നത്. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും അടക്കം ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന വിഭാഗങ്ങൾക്ക് സഹായങ്ങൾ എത്തിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. 

Latest News