കുവൈത്ത് സിറ്റി- വിദേശികളുടെ എണ്ണം കുറക്കുക, സ്വദേശിവത്കരണം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായി കുവൈത്തിന്റെ സുപ്രധാന തീരുമാനം. പിരിച്ചുവിടുന്ന തൊഴിലാളികള്‍ക്ക് മറ്റിടങ്ങളില്‍ ജോലിചെയ്യാനാവില്ല. ഇത്തരക്കാരുടെ ഇഖാമ മാറ്റി നല്‍കേണ്ടതില്ലെന്ന ശുപാര്‍ശ ആഭ്യന്തരമന്ത്രാലയം സമര്‍പ്പിച്ചു.
ആഭ്യന്തരം, തൊഴില്‍, സേവന മന്ത്രാലയങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് സമിതിക്കാണ് ശുപാര്‍ശ സമര്‍പ്പിച്ചത്. ജനസംഖ്യാ പുനഃക്രമീകരണത്തിനായാണ് സമിതി രൂപവത്കരിച്ചത്.
സ്വദേശിവത്കരണത്തിന്റെ ഭാഗമായി സ്വകാര്യമേഖലയില്‍ നിന്നും പൊതുമേഖലയില്‍നിന്നും വിദേശികളെ പിരിച്ചുവിടുന്നുണ്ട്. സാധാരണഗതിയില്‍ ഒരു കമ്പനിയില്‍നിന്ന് പിരിച്ചുവിടുന്നവര്‍, മറ്റിടങ്ങളിലോ മറ്റ് മേഖലയിലോ ജോലി നേടാന്‍ ശ്രമിക്കും. ഇത് അനുവദിക്കേണ്ടതില്ല എന്നാണ് ശുപാര്‍ശ. ഇവര്‍ കുവൈത്തില്‍തന്നെ തുടര്‍ന്നാല്‍ ജനസംഖ്യാ സന്തുലനം കൈവരിക്കാനാവില്ലെന്നാണ് നിരീക്ഷണം.
ഒരേ രാജ്യത്തുനിന്ന് കൂടുതല്‍ അവിദഗ്ധ തൊഴിലാളികള്‍ എത്തുന്നതും തടയണമെന്ന് നിര്‍ദേശമുണ്ട്. ഇതിന്റെ സാഹചര്യം പഠിക്കും. ഓരോ രാജ്യത്തിനും വിഹിതം നല്‍കാനാണ് ശുപാര്‍ശ. കാലാവധി നിശ്ചയിച്ചുള്ള റിക്രൂട്ട്‌മെന്റ് എന്ന ശുപാര്‍ശയും പ്രവാസികള്‍ക്ക് തിരിച്ചടിയാകും.






