ദല്‍ഹി സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി കേജ്‌രിവാളിനെതിരെ മുളകുപൊടിയേറ്

ന്യുദല്‍ഹി- മുട്ടയേറിനും മഷിയേറിനും പിന്നാലെ ദല്‍ഹി മുഖ്യമന്ത്രി യും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാളിനെതിരെ മുളക് പൊടിയേറും. ദല്‍ഹിയിലെ സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ തന്റെ മുറിയില്‍ നിന്നും പുറത്തിറങ്ങുന്നതിനിടെയാണ് സുരക്ഷാ ഭേദിച്ചെത്തിയ അക്രമി കേജ്‌രിവാളിനു നേര്‍ക്ക് മുളക് പൊടി എറിഞ്ഞത്. അല്‍പ്പം അദ്ദേഹത്തിന്റെ കണ്ണിലും വീണു. അക്രമിയെ ഉടന്‍ പിടികൂടി. ദല്‍ഹിയിലെ നരായണ സ്വദേശി അനില്‍ ശര്‍മ എന്നയാളാണ് ആക്രമണം നടത്തിയത്. പോലീസിന്റെ ഭാഗത്ത് ഗൗരവമേറിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. ദല്‍ഹിയില്‍ മുഖ്യമന്ത്രി പോലും സുരക്ഷിതനല്ലെന്നും കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ദല്‍ഹി പോലീസിനെ കൊട്ടി പാര്‍ട്ടി പ്രതികരിച്ചു. അക്രമത്തെ ബി.ജെ.പി അപലപിച്ചു. അതേസമയം ഇത് ആം ആദ്മി പാര്‍ട്ടിയുടെ നാടകമാണോ എന്ന് സംശയമുണ്ടെന്നും ബി.ജെ.പി നേതാവ് ആര്‍.പി സിങ് ആരോപിച്ചു. 2016ല്‍ കേജ്‌രിവാളിനു നേര്‍ക്ക് മഷിയേറും മുട്ടയേറും നടന്നിട്ടുണ്ട്.

Latest News