സൗഹൃദം  തട്ടിത്തകരാതിരിക്കാൻ

ഭാര്യയും ഭർത്താവും തർക്കത്തിലാണ്. ഭർത്താവിനെ തനിക്കായി കിട്ടുന്നില്ലെന്ന് ഭാര്യയുടെ പരാതി. കൂട്ടുകാരെ കാണാൻ പോലും വിടാതെ കൂട്ടിപ്പിടിച്ചു വെച്ചിരിക്കുന്നുവെന്ന് ഭർത്താവും. അവധിക്ക് നാട്ടിലെത്തിയ ഭർത്താവും ഭാര്യയുമാണ് പ്രശ്‌നക്കാർ. 
'പത്തോ പതിനഞ്ചോ മാസക്കാലം തീതിന്ന് കഴിയുകയാണ് അവിടെ.  ഇവിടെത്ത്യാലോ ഒരു സെക്കന്റ് നേരത്തേക്കുപോലും സൈ്വരം തര്ണില്ലാ. ആശ്വാസത്തിന് ഫ്രൻസിന്റടുത്ത് അല്പനേരം ഇരുന്നാൽ കൊലവിളി തുടങ്ങും. മടുത്തു സാറേ, മടുത്തു'.
ഭാര്യ പറഞ്ഞു: 'ഒന്നൊന്നരക്കൊല്ലം ഒറ്റയ്ക്ക് വീടും കുട്ട്യോളേം നോക്ക്ണ്. കാശയച്ചു തരുന്നത് സത്യാ. പക്ഷേ, ഉപ്പുതൊട്ട് കർപ്പൂരംവരെ വാങ്ങണ്ടേ? കുട്ടികളെ പഠിപ്പിക്കേണ്ടേ? ഇയാളിന്റെ അച്ഛനമ്മമാരുടെ കാര്യങ്ങളൊക്കെ നോക്കുകേം വേണം. ഇതൊക്കെ ചെയ്തിട്ടെന്താ? ഒന്നൊരക്കൊല്ലം കഴിഞ്ഞ് വന്നാൽ ഇയാൾക്ക് എനിക്കും മക്കളോടുമൊപ്പമിരിക്കാൻ സമയണ്ടോ? വന്നിട്ട് മൂന്നാഴ്ചയായി. എത്രദിവസാ വീട്ടിലുണ്ടായേന്ന് സാറിനറിയ്വോ? ഉണ്ടായാൽ തന്നെ പാതിരാത്രിയാ വര്വാ. സാറേ, ഇയാൾക്ക് ഭാര്യയും മക്കളുമല്ല വലുത്. ഇയാൾക്ക് ചങ്ങാതിമാരാ ജീവന്റെ ജീവൻ. എന്നാപ്പിന്നേ ഇയാൾക്ക് ചങ്ങാതിമാരെ കല്യാണം കഴിച്ചാപ്പോരായിരുന്നോ?'
പ്രശ്‌നം ഗൾഫുകാരന്റെ ചങ്ങാതിമാരാണ്. ഭാര്യയല്ല ചങ്ങാതിമാരാണ് തന്റെ ടെൻഷൻ തീർക്കാൻ ആശ്വാസമാകുന്നതെന്ന് ഭർത്താവ്. തന്നേയോ മക്കളേയോ അല്ല വേണ്ടതെന്നും, ചങ്ങാതിമാരാണ് ഭർത്താവിന് പ്രധാനമെന്നും ഭാര്യ. ചങ്ങാതിമാരെന്ത് പറയുന്നുവെന്നറിയില്ല. പക്ഷേ ഒരാൾക്ക് രക്ഷകരും മറ്റേയാൾക്ക് വില്ലന്മാരുമാണവർ.

സൗഹൃദവും കുടുംബവും തട്ടി മുട്ടിത്തകരാതെ എങ്ങനെ കൊണ്ടുപോകാം...

നാലാമിടം
1. വിവാഹത്തിന് മുമ്പുതന്നെ തന്റെ സുഹൃത്തുക്കളെക്കുറിച്ച്, അവരോടുള്ള ബന്ധത്തിന്റെ ആഴത്തെക്കുറിച്ച് ഗൾഫുകാരൻ വിവാഹം കഴിക്കാൻ പോകുന്നയാളിനെ അറിയിക്കുക. ഓരോ ചങ്ങാതിയോടും ഏതുവിധമുള്ള അടുപ്പമാണ് വെച്ചുപുലർത്തുന്നതെന്ന് ബോധ്യപ്പെടുത്താവുന്നതാണ്. 

2. വിവാഹാനന്തരം സുഹൃത്തുക്കളെ ഭാര്യയ്ക്ക് പരിചയപ്പെടുത്തണം. സുഹൃത്തിന്റെ കുടുംബവുമായി ഭാര്യയെ ബന്ധിപ്പിക്കുന്നതാണ് നല്ലത്. സൗഹൃദ സന്ദർശനങ്ങൾ നടത്തുക. കുടുംബസമേതം ക്ഷണിക്കുകയും ഒത്തുചേരലുകൾ നടത്തുകയും ചെയ്യുക. 

3. ഗൾഫുകാർ സുഹൃത്തുമായോ സുഹൃത്തിന്റെ ഭാര്യയുമായോ ജീവിതപങ്കാളിയെ താരതമ്യപ്പെടുത്തരുത്. ഓരോരുത്തരും വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്നവരും വളരുന്നവരുമാണ്. താരതമ്യപ്പെടുത്തലുകൾ ഭാര്യയെ ചങ്ങാതിയിൽനിന്ന് കൂടുതൽ അകലാനേ കാരണമാക്കൂ. 

4. സുഹൃത്തുക്കൾക്ക് ഗൾഫുകാരന്റെ ഭാര്യയോടുള്ള പെരുമാറ്റം ഭാര്യയിൽനിന്ന് തന്നെ അറിയണം. തുറന്ന് സംസാരിക്കുന്ന, കുറ്റപ്പെടുത്താതെ ശ്രദ്ധയോടെ കേൾക്കുന്ന അന്തരീക്ഷത്തിലേ ഭാര്യ സുഹൃത്തുക്കളെപ്പറ്റി തുറന്നുപറയൂ. ഏതെങ്കിലും സുഹൃത്തിന്റെ വൈകല്യത്തെ ചൂണ്ടിക്കാണിക്കുമ്പോൾ പ്രകോപിതരാകരുത്. വസ്തുനിഷ്ഠാപരമായി കാര്യം ഗ്രഹിക്കാനാണ് ശ്രമിക്കേണ്ടത്.

5. സുഹൃത്തുക്കളുടെ കുടുംബാംഗങ്ങളെ, പ്രത്യേകിച്ച് ഭാര്യയെ ജീവിത പങ്കാളിയുമായി അടുപ്പിക്കുക. അതിനുള്ള അവസരങ്ങളൊരുക്കുക.

6. അവധിക്കാലത്ത് ഭാര്യയറിയാതെ സുഹൃത്തുക്കൾക്ക് ഉപഹാരങ്ങൾ നൽകരുത്. ഭാര്യയുടെ അഭിപ്രായം കൂടി പരിഗണിക്കുക. ഭാര്യയുടെ സുഹൃത്തുക്കൾക്ക് ഉപഹാരങ്ങൾ നൽകാതെ സ്വന്തം സുഹൃത്തുക്കളെ മാത്രം ആദരിക്കരുത്. 

7. അവധിയിലെത്തുമ്പോൾ ഭാര്യക്കും മക്കൾക്കും തന്നെയാണ് പ്രാധാന്യം നൽകേണ്ടത്. അവർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുക. ഭാര്യക്ക് നൽകാത്ത സമയം സുഹൃത്തിന് നൽകരുത്.

8. രാത്രിനേരങ്ങളിൽ കൂടുതൽ നേരം ചങ്ങാതിമാർക്കൊപ്പമല്ല ചെലവഴിക്കേണ്ടത്. സായംകാലത്തിനപ്പുറം അതുണ്ടാവുന്നുവെങ്കിൽ ആ സാഹചര്യം ഭാര്യകൂടി അറിഞ്ഞിരിക്കണം. ചങ്ങാതിമാർക്കൊപ്പം നേരം ചെലവഴിച്ചത് ഒളിപ്പിച്ചുവെക്കുകയോ കളവ് പറയുകയോ ചെയ്യുന്നത് നന്നല്ല.  ഭാര്യയുടെ സുഹൃത്തുക്കളെ മാനിക്കുക. ഭാര്യക്ക് ആ സൗഹൃദങ്ങൾ സൂക്ഷിക്കാനും നിലനിർത്താനുമുള്ള അവകാശം നൽകുക. ഭാര്യയുടെ സുഹൃത്തുക്കളുടെ കുടുംബവുമായി അടുത്ത ബന്ധം വെച്ചുപുലർത്തുക.

9. മദ്യപാനം ഗൾഫുകാരുടെ സുഹൃത്തുക്കളെ ഭാര്യയിൽനിന്നകറ്റും. ഗൾഫുകാരന്റെ ജീവിതം മദ്യപാനം തകർക്കുന്നു. കുടുംബബന്ധത്തെയും. ചങ്ങാതിമാർ ഇതിന് കാരണക്കാരായി മാറും. മദ്യപാനം പൂർണമായും ഉപേക്ഷിക്കുക.
 

Latest News