ജിദ്ദ - അൽനഈം ഡിസ്ട്രിക്ടിൽ ആഡംബര കാർ അഗ്നിക്കിരയാക്കിയ സംഭവത്തിൽ സുരക്ഷാ വകുപ്പുകൾ അന്വേഷണം ഊർജിതമാക്കി. സ്ത്രീവേഷത്തിലുള്ള അജ്ഞാതനാണ് പെട്രോൾ ഒഴിച്ച് കാർ കത്തിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമീപത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ പകർത്തിയിട്ടുണ്ട്.
സൗദി പൗരന്റെ വീടിനു സമീപം നിർത്തിയിട്ട കാറിൽ തീ പടർന്നുപിടിച്ചതായി സിവിൽ ഡിഫൻസിൽ വിവരം ലഭിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് യൂനിറ്റുകൾ കുതിച്ചെത്തി കാറിലെ തീയണച്ചു. ആറു ലക്ഷം റിയാൽ വിലയുള്ള കാർ പൂർണമായും കത്തിനശിച്ചു. ഇതിനു സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അജ്ഞാതൻ കരുതിക്കൂട്ടി തീയിടുകയായിരുന്നെന്ന് വ്യക്തമായതിനെ തുടർന്നാണ് സംഭവത്തിൽ അൽസലാമ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.