വിശ്വനാഥൻ ആനന്ദിനെ നിഹാൽ സരീൻ സമനിലയിൽ ഒതുക്കിയ ചെസ്സിന്റെ മാനസിക ചരിത്രം ഇങ്ങനെയോ? തമ്മിൽ തല്ലുകയും തല വെട്ടിപ്പൊളിക്കുകയും ചെയ്യുന്ന കളികളുണ്ട് പലതും. അതിനെയൊന്നും പുരാണം ഇത്ര തള്ളിപ്പറഞ്ഞിട്ടില്ല. ധർമ്മപുത്രരുടെ പുരാണവും വാജിദ് അലി ഷായുടെ ചരിത്രവും അറിയാതെയും പറയാതെയും നമ്മുടെ മുത്തശ്ശിമാർ ചൂതിനോടടുത്തുനിൽക്കുന്ന കളികളെ എന്നും തള്ളിപ്പറഞ്ഞു പോന്നിരുന്നു. ഉദാഹരണം തായംകളി. നാശത്തിന്റെ ദിഗ്ദർശനമായി എവിടെയും കടന്നുവരുന്നതാണ് ചൂതാട്ടം. 'നാലുകെട്ടി'ലെ കഥ ഓർത്തുനോക്കൂ, പകിടയാണ് അതിൽ നാശത്തിന്റെ നിമിത്തമായി വരുന്നത്.
നിഹാൽ സരീൻ എന്ന തൃശൂർക്കാരനെ നമ്മുടെ മീഡിയ കഴിഞ്ഞ ആഴ്ച ആഘോഷ പുരുഷനാക്കിയെന്നു തോന്നുന്നില്ല. ഞാൻ വായിക്കുന്ന മലയാള പത്രത്തിൽ ഉൾപേജിൽ ഒരു ദിവസം വാർത്ത കണ്ടു. അടുത്ത ദിവസം സരീൻ പറഞ്ഞ ഏതാനും വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഒരു കഥ കൂടി വന്നു, ഒരു ചെറിയ ചിത്രത്തോടെ. അത്രയുമായല്ലോ.
നമ്മൾ ശബരിമലയിലും സുപ്രീം കോടതിയിലും മുഴുകിയിരിക്കുകയായിരുന്നു. പിണറായി വിജയന്റെ വാദത്തെ എങ്ങനെ തകർക്കാമെന്നും ശ്രീധരൻ പിള്ളയുടെ പണി എങ്ങനെ പൊലിപ്പിക്കാമെന്നും ആലോചിക്കുകയായിരുന്നു നമ്മിൽ ചിലർ. മറ്റു ചിലർ മറിച്ചും. അതിനിടയിൽ നിഹാൽ സരീൻ പറഞ്ഞ വാക്കുകളും കാണിച്ച പരാക്രമങ്ങളും ആരറിയാൻ?
നിഹാൽ പറഞ്ഞ ഒരു കാര്യം ഇതായിരുന്നു: 'ജയിക്കാൻ കളിക്കുകയായിരുന്നു ഞാൻ.' ജയിച്ചില്ല. കൊൽക്കത്തയിലെ ചെസ് മത്സരത്തിൽ തോറ്റുമില്ല. കരുത്തനായ എതിരാളി ഒരു പക്ഷേ അൽപം കപട വിനയത്തോടെ പറഞ്ഞു: 'ഞാൻ തോൽക്കാതിരിക്കാൻ കളിക്കുന്നു.' തോറ്റില്ല, ജയിച്ചതുമില്ല. ലോകത്തെ തോൽപിച്ചു ശീലിച്ച വിശ്വനാഥൻ ആനന്ദ് ആയിരുന്നു എതിരാളി. പതിനാലുകാരനായ നിഹാൽ അമ്പതുകാരനായ ലോക ജേതാവിനെ ജയിച്ചതായിരൂന്നു കൊൽക്കത്തയിലെ കാഴ്ച.
പേരു കേട്ടാൽ നിഹാൽ പഞ്ചാബുകാരനാവണം. പക്ഷേ തൃശൂരാണ് വാസം. മെഡി ക്കൽ കോളേജിൽ പഠിപ്പിക്കുന്ന രണ്ടു പേരുടെ മകൻ. വാക്കുകളെ കരുക്കളാക്കുന്ന സാഹസികൻ. ഓരോ നീക്കത്തിലും ഒരായിരം സാധ്യതകൾ കാണുന്ന തന്ത്രജ്ഞൻ.
നിഹാൽ തള്ളിത്തുറക്കുന്ന വാതിലുകൾക്കപ്പുറം നോക്കിക്കൊണ്ട് വിശ്വനാഥൻ ആനന്ദ് പറഞ്ഞു: ഒന്നും എനിക്കു പരീക്ഷിക്കാൻ ആ കുട്ടി അവസരം തന്നില്ല.
സമനിലയിൽ ഒതുങ്ങിയതു തന്നെ ഭാഗ്യം. അടുത്ത നേർക്കാഴ്ചയിൽ എന്തെല്ലാം പന്തിപ്പഴുതുകൾ ഈ പതിനാലുകാരൻ പഹയൻ തുരന്നുവരുമെന്നാർക്കറിയാം?
നിഹാൽ സരീൻ വിശ്വനാഥൻ ആനന്ദിനെ കോർത്തുനിർത്തിയ കഥ വായിക്കുമ്പോൾ ഞാൻ പുരാണത്തിലേക്കു മറിഞ്ഞു വീണു. പിടിച്ചു കെട്ടുകയും കുതറി മാറുകയും ചെയ്യുമ്പോൾ ആനന്ദും നിഹാലും മദിക്കുകയും മത്സരിക്കുകയും ചെയ്തിരുന്നോ? നിർവാണാഷ്ടകം ശരിയാണെങ്കിൽ മദത്തിനും മത്സരത്തിനും അപ്പുറമാണ് വിജയം. മദോ നൈവ മേ നൈവ മാത്സര്യഭാവ:. എഴുപതുകളുടെ ആദ്യം സ്പാസ്‌കിയെ നേരിട്ടപ്പോൾ ഫിഷറുടെ ഭാവം അതായിരുന്നില്ല.
ലോകത്തെ മുഴുവൻ പിടിച്ചിരുത്തിയതായിരുന്നു ആ മത്സരം. മത്സരാർഥികൾ രണ്ടു പേരായിരുന്നില്ല, രണ്ടു രാഷ്ട്രങ്ങളായിരുന്നു. ചതുരംഗത്തിൽ ചതുരനായ സ്പാസ്‌കി വലിയൊരു അധികാര ചേരിയുടെ വിജയം ഉറപ്പിച്ചുകൊണ്ടായിരുന്നു നിൽപ്.
തന്നേക്കാൾ എത്രയോ പ്രായം കുറഞ്ഞ ഫിഷർക്ക് കളിക്കാൻ നിന്നു കൊടുക്കുന്ന പോലെ. പയ്യനാകട്ടെ, പതിവു വിട്ടോ പ്രതിഭയുടെ വിളയാട്ടം പോലെയോ പല വികൃതികളും കാട്ടി, കാണിലോകത്തിന്റെ അന്തം കെടുത്തി. കളിയൊന്നും ഒരിക്കലും കാര്യമാക്കാതിരുന്ന എന്നെപ്പോലും ഒരു കളിക്കാരനാകാൻ മോഹിപ്പിച്ചു.
അന്നു മനസ്സിലാക്കിയ കരുനീക്കങ്ങൾ മകനെ ശീലിപ്പിക്കാൻ ഉപകരിച്ചു. ആദ്യമാദ്യം ഉദാസീനമായി ഞാൻ കരുക്കൾ നീക്കി. നിർത്താതെ പുക വലിച്ചു. എന്നെ മോഡലായി കണ്ടോ തോൽപിക്കാൻ നോക്കിയോ മകനും സിഗററ്റ് വലിച്ചു തള്ളി, ചുമച്ചു രസിച്ചു. അനിവാര്യമായ എന്റെ വിജയത്തിൽ അവൻ മുഷിഞ്ഞു. ഞാൻ പിന്നെ പരാജയപ്പെട്ടപ്പോൾ അവനു വേണ്ടി തോറ്റു കൊടുത്തതാണെന്ന് അവൻ വ്യാഖ്യാനിച്ചു. ജയം ജയമല്ലാതായി, പരാജയം പരാജയവും. ഏറെ കാലം കഴിഞ്ഞു അവൻ എന്നെ തോൽപിക്കാൻ. ഏഴാമത്തെ നീക്കത്തിൽ എന്നെ തോൽപിക്കുമെന്നായിരുന്നു പ്രഖ്യാപനം. അതു ഫലിച്ചു. ഞാൻ തോറ്റിടത്ത് അവൻ ജയിച്ചു. 'പ്രപഞ്ചമേ നീയിതുപോലെയെന്നും' എന്ന വരി ഞാൻ മൂളിക്കൊണ്ടിരുന്നു.
മലയാള ഗാഥക്ക് ഈണം കിട്ടിയത് ഒരമ്മ പാടിയ താരാട്ടുശീലിൽനിന്നാണെന്ന് ഞാനോർത്തു. കോലഭൂപനും ചെറുശ്ശേരിയും തമ്മിൽ തകൃതിയായ ചതുരംഗം. രാജാവ് അടിയറ പറയുമെന്നായപ്പോൾ രാജ്ഞി കുട്ടിയെ പാടിയുറക്കുന്ന വരികളിലൂടെ കരുനീക്കം പറഞ്ഞുകൊടുത്തു. അതായിരുന്നു മലയാള ഗാഥയുടെ ആദ്യത്തെ അഭ്യാസം. ഒരു കിതവത്തിന്റെ, ചതിയുടെ, ഓർമ്മയും അതു പെരുപ്പിക്കുന്നു. ഒരു രസം നോക്കൂ, കിതവം എന്ന പദം ചൂതുകളിക്കും ചതിക്കും ഒരുപോലെ ചേരും. വെറുതെയല്ല, നമ്മുടെ യോഗങ്ങളിൽ കൃതജ്ഞത പ്രകടിപ്പിക്കുന്നവർ അകൈതവമായ നന്ദി പ്രകാശിപ്പിക്കുന്നവരായിരിക്കും.
ചതിയുടെ, ചൂതിന്റെ, ചരിത്രം അനന്തതയിലേക്കു നീളുന്നു. നളന്റെയും യുധിഷ്ഠിരന്റെയും വാജിദ് അലി ഷായുടെയും ദൗർബല്യമായിരുന്നു ദ്യൂതക്രീഡ. ശത് രഞ്ജ് കേ ഖിലാഡിയിലെ സുൽത്താനെപ്പോലെ ചൂതാടി തോറ്റ് രാജ്യം അന്യാധീനപ്പെടുത്തിയവരാണ് നളനും യുധിഷ്ഠിരനും. യുദ്ധത്തിനു തൊട്ടുമുമ്പ് വിദുരൻ രാജാവായ ധൃതരാഷ്ട്രർക്ക് പറഞ്ഞുകൊടുക്കുന്നുമുണ്ട്, ഉറക്കം വരണമെങ്കിൽ കിതവത്തെ എങ്ങനെ അകറ്റിനിർത്തണമെന്ന്.
നല്ലവനായ യുധിഷ്ഠിരൻ പീറ്റർ ബ്രൂക്കിന്റെ മഹാഭാരതത്തിൽ പ്രത്യക്ഷപ്പെടുന്നത് എപ്പോഴും ചതുരംഗപ്പലകയും കൊണ്ടാണ്.
ചൂതിൽനിന്നും ചതിയിൽനിന്നും പൊട്ടിപ്പടർന്നതാണ് യുദ്ധവും നാശവും. ചൂതിൽ തോറ്റു നശിച്ചുനിന്നിരുന്ന യുധിഷ്ഠിരനെ ആശ്വസിപ്പിക്കാൻ മർക്കണ്ഡേയ മഹർഷി ഒരു കഥ പറയുകയുണ്ടായി -നിഷധരാജാവായ നളന്റെ ദ്യൂതകഥ. ചൂതിന്റെ കരു കണ്ടാൽ നളന് ഭ്രാന്തായി. കരുവിൽ കയറിക്കൂടുന്ന കലി എന്ന കഥാപാതം നളന്റെ മനസ്സിനെ ആവേശിക്കുന്നു. 'പാരിൽ ഇന്നെന്നെ ആരറിയാതവർ?' എന്നാണ് അഹങ്കാരരൂപമായ, സർവനാശകമായ കലി തന്നെ പരിചയപ്പെടുത്തുന്നതു തന്നെ. ചൂതാടി, കലി കേറി തകരുന്ന നളന്റെ ഒരു ചിത്രം ഉണ്ണായി വാരിയർ ഇങ്ങനെ വരക്കുന്നു: 'ഊണിന്നാസ്ഥ കുറഞ്ഞു/ നിദ്ര നിശയിങ്കൽ പോലുമില്ലാതെയായ്/വേണുന്നോരൊടൊരാഭിമുഖ്യമൊരുനേരം നാസ്തി...'
വിശ്വനാഥൻ ആനന്ദിനെ നിഹാൽ സരീൻ സമനിലയിൽ ഒതുക്കിയ ചെസ്സിന്റെ മാനസിക ചരിത്രം ഇങ്ങനെയോ? തമ്മിൽ തല്ലുകയും തല വെട്ടിപ്പൊളിക്കുകയും ചെയ്യുന്ന കളികളുണ്ട് പലതും. അതിനെയൊന്നും പുരാണം ഇത്ര തള്ളിപ്പറഞ്ഞിട്ടില്ല. ധർമ്മപുത്രരുടെ പുരാണവും വാജിദ് അലി ഷായുടെ ചരിത്രവും അറിയാതെയും പറയാതെയും നമ്മുടെ മുത്തശ്ശിമാർ ചൂതിനോടടുത്തുനിൽക്കുന്ന കളികളെ എന്നും തള്ളിപ്പറഞ്ഞു പോന്നിരുന്നു. ഉദാഹരണം തായം കളി. നാശത്തിന്റെ ദിഗ്ദർശനമായി എവിടെയും കടന്നുവരുന്നതാണ് ചൂതാട്ടം. 'നാലുകെട്ടി'ലെ കഥ ഓർത്തുനോക്കൂ, പകിടയാണ് അതിൽ നാശത്തിന്റെ നിമിത്തമായി വരുന്നത്. ഉണ്ണായിയുടെ വാക്കുകളിൽ നിദ്ര നിശയിങ്കൽ പോലുമില്ലാതാക്കുകയും ഊണിന്നാസ്ഥ കുറക്കുകയും ചെയ്യുന്ന ചൂതിന്റെ അധമത്വം എങ്ങനെ ഉണ്ടായി?
ഞാൻ പിന്നെയും അന്വേഷിച്ചു, എവിടെയും എന്നും ചൂത് ചതി തന്നെയോ? മറിച്ചു കാണുന്നവരും കാണും, ദുർലഭമായി. ഹാഫിസിന്റെ ആശ്വാസം പകരുന്ന ദർശനം ഇങ്ങനെ:
നിന്റെയും സാധുവിന്റെയും നോട്ടത്തിൽ എന്തു വ്യത്യാസം?
സാധു പുണ്യത്തിന്റെ വഴിയെ ദൈവവുമായുള്ള ഉദാത്തമായ കളിയായി കാണുന്നു.
കരുനീക്കത്തിൽ തടഞ്ഞ്, വീണ്ടും വീണ്ടും വീഴുന്നു,
പൊട്ടിച്ചിരിക്കുന്നു, കീഴടങ്ങുന്നു.