ദുബായ്- മുസ്ലിം സ്ത്രീകള്‍ ദുബായിലെ പള്ളിയില്‍ റാം ഭജന പാടിയെന്ന വ്യാജ വിഡിയോ വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി. യുട്യൂബിലും മറ്റു സമൂഹ മാധ്യമങ്ങളിലുമാണ് വിഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. രണ്ടു വര്‍ഷം മുമ്പ് പ്രചരിച്ചു തുടങ്ങിയ വിഡിയോ ഷെയര്‍ ചെയ്യപ്പെട്ടതോടെയാണ് ദ ക്വിന്റ് വെബ് സൈറ്റ് വസ്തുതകള്‍ വെളിപ്പെടുത്തിയത്.
വിഡിയോയില്‍ കാണുന്നവര്‍ മുസ്ലിംകളാണെങ്കിലും അവര്‍ പാടുന്ന ഭജനയാണെങ്കിലും പ്രചരിപ്പിക്കപ്പെടുന്നതുപോലെ അത് പള്ളിയില്‍ വെച്ചല്ല. പുട്ടപര്‍ത്തിയിലെ സത്യസായി ബാബയുടെ ആശ്രമമായ പ്രശാന്തി നിലയത്തില്‍നിന്നുള്ള വിഡിയോ എഡിറ്റ് ചെയ്താണ് ദുബായിലെ പള്ളിയില്‍ എന്നാക്കി പ്രചരപ്പിക്കുന്നത്.
യഥാര്‍ഥ വിഡിയോ 2012 ജൂലൈയില്‍ റേഡിയോ സായി പുറത്തുവിട്ടതായിരുന്നു. ഗായകര്‍ സത്യസായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്റെ റിജ്യന്‍ 94 ല്‍ ഉള്‍പ്പെട്ടവരായിരുന്നു. ബഹ്്‌റൈന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സിറിയ, തുര്‍ക്കി, യു.എ.ഇ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു ഈ മേഖല. 44 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍നിന്ന് എഡിറ്റ് ചെയ്ത ഭാഗമാണ് പ്രചരിപ്പിച്ചത്.
വിഡിയോയില്‍ കാണുന്ന എല്ലാവരും മുസ്ലിംകളല്ലെന്നും എന്നാല്‍ ചിലര്‍ മുസ്ലിംകളാണെന്നുമാണ് സത്യസായിബാബ ഇന്റര്‍നാഷണല്‍ സംഘടന ദ ക്വിന്റിന് ഇമെയിലില്‍ നല്‍കിയ മറുപടി.
വിവിധ രാജ്യക്കാര്‍ പുട്ടപര്‍ത്തിയിലെത്തി വേദങ്ങള്‍ ഉച്ചരിക്കുകയും ഭജന്‍ പാടുകയും ചെയ്യുന്നത് സാധാരണമാണ്. ഓരോ രാജ്യത്തേയും മേഖലകളിലേയും പരമ്പരാഗത വേഷങ്ങള്‍ ധരിച്ചെത്താന്‍ പ്രേരിപ്പിക്കാറുമുണ്ട്. ക്രിസ്മസ് കരോളുകളും സൂഫി ഗാനങ്ങളും ഇവര്‍ ആലപിക്കാറുണ്ട്. മതങ്ങളല്ലാം ഒന്നാണെന്ന് ഭക്തര്‍ക്ക് പ്രാഥമിക സന്ദേശം നല്‍കാനാണ് ഇതെന്നും സംഘടന വിശദീകരിക്കുന്നു.