റിയാദ് - കഴിഞ്ഞ ഹിജ്റ വർഷം (1439) സൗദിയിൽ വാഹനാപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 6025 പേർക്ക്. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം വാഹനാപകടങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണത്തിൽ 36 ശതമാനം കുറവ് രേഖപ്പെടുത്തി. ഒരു ലക്ഷം പേരിൽ 18 പേർക്ക് എന്ന നിരക്കിലാണ് കഴിഞ്ഞ വർഷം വാഹനാപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്. 1438 ൽ ഒരു ലക്ഷം പേരിൽ 27 പേർ എന്ന നിരക്കിൽ അപകടങ്ങളിൽ മരണം സംഭവിച്ചിരുന്നു.
2020 നു ശേഷം വാഹനാപകട മരണനിരക്ക് ഈ നിലവാരത്തിലേക്ക് കുറക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ആസൂത്രണം ചെയ്തതിലും വളരെ നേരത്തെ ലക്ഷ്യം നേടുന്നതിന് സാധിച്ചു. ട്രാഫിക് ഡയറക്ടറേറ്റ്, ഹൈവേ പോലീസ്, മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം, നഗരസഭകൾ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ എന്നിവ നടത്തിയ ശക്തമായ ശ്രമങ്ങളാണ് വാഹനാപകട മരണ നിരക്ക് വലിയ തോതിൽ കുറക്കുന്നതിന് സഹായിച്ചത്. ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ ഉയർത്തിയതും നിയമ ലംഘകരെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതും ഗതാഗത നിയമ ലംഘനങ്ങൾ നിരീക്ഷിച്ച് കണ്ടെത്തി രജിസ്റ്റർ ചെയ്യുന്ന ഓട്ടോമാറ്റിക് സംവിധാനം വ്യാപകമാക്കിയതും നഗരസഭകൾ റോഡുകൾ നന്നാക്കിയതും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഗതാഗത സുരക്ഷയെ കുറിച്ച അവബോധം വർധിപ്പിച്ചതും അപകട മരണ നിരക്ക് കുറക്കുന്നതിന് സഹായിച്ച ഘടകങ്ങളാണ്.
റോഡുകളുടെ ശോചനീയാവസ്ഥ വാഹനാപകടങ്ങൾ വർധിക്കുന്നതിന് പ്രധാന കാരണമാണ്. നഗരസഭകൾ റോഡുകൾ നന്നാക്കിയത് പൊതുവിൽ അപകടങ്ങളും അപകട മരണ നിരക്കും കുറക്കുന്നതിന് സഹായിച്ചു.