റിയാദ് - നിയമ ലംഘനങ്ങൾ നടത്തിയ ടെലികോം കമ്പനികൾക്ക് 1.4 കോടി റിയാൽ പിഴ ചുമത്തിയതായി ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ അറിയിച്ചു. നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ടെലികോം കമ്പനികളിൽ 21 ഫീൽഡ് പരിശോധനളാണ് കമ്മീഷൻ നടത്തിയത്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പുതിയ ഉൽപന്നങ്ങൾ നൽകുന്നതിനും ടെലികോം കമ്പനികൾക്ക് പതിനാലു പുതിയ ലൈസൻസുകൾ കമ്മീഷൻ അനുവദിച്ചു.
നമ്പർ പോർട്ടബിലിറ്റി സേവനം പ്രയോജനപ്പെടുത്തി 1,87,000 ലേറെ പേർ മൊബൈൽ ഫോൺ നമ്പറുകൾ നിലനിർത്തി കമ്പനികൾ മാറി. ടെലികോം മേഖലയിൽ ആരോഗ്യകരമായ മത്സരം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് നമ്പർ പോർട്ടബിലിറ്റി സേവനം നടപ്പാക്കിയിരിക്കുന്നത്. ഇത് സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രവർത്തന കാര്യക്ഷമത ഉയർത്തുന്നതിനും നിരക്കുകൾ കുറക്കുന്നതിനും കമ്പനികളെ പ്രേരിപ്പിക്കും. നിയമ വിരുദ്ധമായ 2,48,000 ലേറെ ലിങ്കുകൾ കഴിഞ്ഞ പാദത്തിൽ ബ്ലോക്ക് ചെയ്തതായും കമ്മീഷൻ അറിയിച്ചു.