ദോഹ- ഇരുപത് വര്‍ഷത്തിലേറെ നിയമാനുസൃതം താമസിച്ച വിദേശികള്‍ക്ക് ഖത്തറില്‍ സ്ഥിരതാമസാനുമതി (പി.ആര്‍.പി) ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രാബല്യത്തിലാകുമെന്നാണ് സൂചന. സ്ഥിരതാമസാനുമതി നിയമത്തിന് സെപ്റ്റംബറില്‍ അമീര്‍ അംഗീകാരം നല്‍കിയിരുന്നു.
വ്യവസ്ഥകള്‍ക്കു വിധേയമായാണു പ്രവാസികള്‍ക്കു സ്ഥിരതാമസാനുമതി നല്‍കുക. ഖത്തറില്‍ ജനിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് 10 വര്‍ഷം കൊണ്ട് പിആര്‍പി ലഭിക്കും. നല്ല പെരുമാറ്റവും സമൂഹത്തില്‍ ആദരവുമുള്ള വ്യക്തികള്‍ക്കാണു സഥിരതാമസത്തിന് അര്‍ഹത. നിയമനടപടി നേരിട്ടവരുടെ അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നിയമകാര്യവിഭാഗം നിയമ ഗവേഷക റീമ സലീഹ് അല്‍ മന പറഞ്ഞു.
സ്ഥിരതാമസാനുമതിയുള്ള പ്രവാസികള്‍ക്കു നേരിട്ട് ഖത്തറില്‍ വ്യാപാര, വ്യവസായ സംരംഭങ്ങള്‍ തുടങ്ങാം. എന്നാല്‍ ഇതിനു മന്ത്രിസഭാനുമതി തേടേണ്ടതുണ്ട്. നിലവില്‍ വാണിജ്യ ലൈസന്‍സ് ലഭിക്കാന്‍ സ്വദേശി പങ്കാളിത്തം ആവശ്യമാണ്.
നടപ്പാക്കല്‍ ചട്ടങ്ങള്‍ക്ക് അന്തിമരൂപമായാലുടന്‍ പിആര്‍പി നല്‍കിത്തുടങ്ങും. എന്നാല്‍ നടപ്പാക്കല്‍ ചട്ടങ്ങള്‍ക്ക് അന്തിമാംഗീകാരം ലഭിക്കാന്‍ ഏതാനും മാസങ്ങള്‍കൂടി വേണ്ടിവന്നേക്കും.






