ഗൂഗിൾ ക്ലൗഡ്  മേധാവിയായി മലയാളി

ലോസ് ആഞ്ചലസ് - ഗൂഗിൾ ക്ലൗഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി മലയാളിയായ തോമസ് കുര്യൻ സ്ഥാനമേറ്റു. ഗൂഗിൾ ക്ലൗഡ് സി.ഇ.ഒ ഡയാന ഗ്രീൻ സ്ഥാനമൊഴിഞ്ഞതോടെയാണ് കോട്ടയം സ്വദേശിയായ തോമസ് കുര്യൻ നിയമിതനായത്. ഒക്ടോബറിൽ ഒറാക്കിൾ കോർപറേഷന്റെ പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് പ്രസിഡന്റ് സ്ഥാനം തോമസ് കുര്യൻ രാജിവെച്ചിരുന്നു. 
ഒറാക്കിൾ മേധാവി ലാരി എല്ലിസണുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഒറാക്കിളിൽനിന്നു കുര്യൻ രാജിവെച്ചത്. ക്ലൗഡ് കംപ്യൂട്ടിങ് രംഗത്ത് കൂടുതൽ സോഫ്റ്റ് വെയറുകൾ വികസിപ്പിക്കുന്നതിൽ കമ്പനി ഊന്നൽ നൽകണമെന്നുള്ള കുര്യന്റെ നിലപാട് ലാരി എല്ലിസൺ പിന്തുണക്കാതിരുന്നതാണ് കുര്യന്റെ രാജിയിലേക്ക് നയിച്ചത്. ഗൂഗിൾ ക്ലൗഡ് മേധാവി സ്ഥാനത്തിരുന്ന് ക്ലൗഡ് കംപ്യൂട്ടിംഗ് രംഗത്തെ തന്റെ ലക്ഷ്യം പ്രാവർത്തികമാക്കാനൊരുങ്ങുകയാണ് -തോമസ് കുര്യൻ പറഞ്ഞു. നവംബർ 26 നാണ് തോമസ് കുര്യൻ ഗൂഗിൾ ക്ലൗഡിൽ ചേരുക. 2019 ആദ്യമായിരിക്കും അദ്ദേഹം ഗൂഗിൾ ക്ലൗഡ് മേധാവി സ്ഥാനം ഏറ്റെടുക്കുക. 

Latest News