ഒറ്റുകാരനെന്ന് ആരോപിച്ച് കശ്മീരില്‍ വിദ്യാര്‍ഥിയെ ഭീകരര്‍ കൊലപ്പെടുത്തി


വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി


ശ്രീനഗര്‍- പോലീസിനു വിവരം നല്‍കിയെന്ന് ആരോപിച്ച് ഭീകരര്‍ കശ്മീരി കൗമാരക്കാരനെ കൊലപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഷോപ്പിയാന്‍ ജില്ലയിലെ സഫന്‍ഗരി ഗ്രാമത്തിലെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയ 17 കാരനെയാണ് മണിക്കൂറുകള്‍ക്കകം കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച രാത്രിയാണ് പുല്‍വാമയില്‍ വെച്ച് കൊല നടന്നതെന്നും വെടിയേറ്റ മൃതദേഹം കിലോറയിലാണ് കണ്ടെത്തിയതെന്നും ഔദ്യഗിക പത്രക്കുറിപ്പില്‍ പറഞ്ഞു. കൗമാരക്കാരന്‍ ഇന്‍ഫോര്‍മര്‍ ആയിരുന്നുവെന്ന ആരോപണം പോലീസ് നിഷേധിച്ചു.
കൈകള്‍ ബന്ധിച്ച ശേഷം തറയിലിരുത്തിയ 11-ാം ക്ലാസ് വിദ്യാര്‍ഥിയോട് ഭീകരരില്‍ ഒരാള്‍ എന്തിന് സഹപ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ കാരണമായ വിവരം നല്‍കിയെന്ന് അന്വേഷിക്കുന്നുണ്ട്. വിദ്യാര്‍ഥി എന്തെങ്കിലും മറുപടി നല്‍കുന്നതിനു മുമ്പുതന്നെ നാലു ഭാഗത്തുനിന്നും വെടിവെച്ചുകൊല്ലുന്നതാണ് വീഡിയോ ദൃശ്യം. വെടിയേറ്റ കുട്ടി ചലനരഹിതനായി നിലത്തു വീഴുന്നു.
പോലീസിനു വിവരം നല്‍കിയിരുന്നുവെങ്കില്‍ അവന്‍ ഇത്ര ധൈര്യത്തോടെ ഭീകരരെ കാണാന്‍ പോകുമായിരുന്നോ എന്നു ബന്ധുക്കള്‍ ചോദിച്ചു. ഭീകരര്‍ വിളിച്ചപ്പോള്‍ തനിച്ചാണ് അവന്‍ അവരെ കാണാന്‍ പോയത്. ഒന്നും പേടിക്കാനില്ലാത്തതു കൊണ്ടാണ് അവന്‍ പോയതെന്ന് സഹോദരന്‍ പറഞ്ഞു. പിന്നീട് കൊല്ലപ്പെട്ട വിവരമാണ് ലഭിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കശ്മീരില്‍ ആരുംതന്നെ പോലീസിനോ സുരക്ഷാ സേനക്കോ ഒറ്റുകൊടുക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നതിന് ഭീകരര്‍ താഴ്‌വരയില്‍ പോലീസ് ഇന്‍ഫോര്‍മര്‍മാരെ കൊലപ്പെടുത്താറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഒരു കൊലയുടെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്.
പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെ പച്ചക്ക് വെടിവെച്ചു കൊന്ന ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരുടെ നടപടി ഞെട്ടിക്കുന്നതാണെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു. ഈ കൃത്യത്തിന് ഒരു ന്യായീകരണവുമില്ല. ഇപ്പോഴും ഇത്തരം സംഘടനകളോട് അനുഭാവം പുലര്‍ത്തുന്നവര്‍ ഇത്തരം കൊലപാതകങ്ങള്‍ കശ്മീരിലെ സ്ഥിതി മെച്ചപ്പെടുത്തുമോ എന്നു ചോദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഏതാനും പേരെ പോലീസ് ഒറ്റുകാരെന്ന് ആരോപിച്ച് താഴ്‌വരയില്‍ കൊലപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് എട്ടിന് അനന്ത്‌നാഗിലെ ജബ്‌ലിപുര പ്രദേശത്ത് വ്യാപാരിയായ ഇശ്തിയാഖ് അഹ്്മദ് വഗായിയുടെ മൃതദേഹം ഷോപ്പിയാനില്‍ കണ്ടെത്തിയിരുന്നു. കൊലപ്പെടുത്തുന്നതിനു മുമ്പ് ഇയാളുടെ കുറ്റസമ്മതം ഭീകരര്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഓഗസ്റ്റ് അവസാനം പുല്‍വാമ ജില്ലയിലെ ഡ്രബ്ഗാമില്‍ ഒരു വീട്ടില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ ഒരു സ്ത്രീയെ വെടിവെച്ചു കൊന്നിരുന്നു. ഇവരുടെ സഹോദരന്റെ വസതിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഹിസ്ബുല്‍ മുജാഹീദന്‍ തീവ്രവാദി കൊല്ലപ്പെട്ടതോടെയാണ് സ്ത്രീയാണ് പോലീസ് ഇന്‍ഫോര്‍മറെന്ന് ആരോപിച്ചായിരുന്നു ഇത്.
 

 

Latest News