കോണ്‍ഗ്രസ് നേതാവ് ബന്ധുവായ പോലീസുകാരന്റെ കുത്തേറ്റ് മരിച്ചു

കാസര്‍കോട്- കോണ്‍ഗ്രസ് നേതാവ് ബന്ധുവായ പോലീസുകാരന്റെ കുത്തേറ്റ് മരിച്ചു. കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് റിട്ട. മാനേജര്‍ മുളിയാര്‍ കാടകം ശാന്തിനഗര്‍ സ്വദേശിയും കോണ്‍ഗ്രസ് നേതാവുമായ ഇടയില്ലം പി. മാധവന്‍ നായര്‍ (63) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ വീട്ടില്‍ വെച്ചാണ് മാധവന്‍ നായര്‍ക്ക് കുത്തേറ്റത്. കൊലപാതകത്തിന് ശേഷം ഭാര്യയുടെ സഹോദരിയുടെ മകനും കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ പോലീസുകാരനുമായ എം.കെ. ശ്യാംകുമാര്‍ (36) സംഭവം നടന്ന വീട്ടില്‍ വെച്ച് തന്നെ പോലീസില്‍ കീഴടങ്ങി. ഇയാളെ പിന്നീട് അന്വേഷണ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയിലെടുത്തു.

http://malayalamnewsdaily.com/sites/default/files/2018/11/17/p10ksdprathimkshyamkumar.jpeg

പ്രതി എം.കെ. ശ്യാംകുമാര്‍

ഉച്ചക്ക് ഒന്നേകാല്‍ മണിയോടെയാണ് സംഭവം. കൈയില്‍ കൊണ്ടു നടക്കാവുന്ന ആയുധവുമായി പന്ത്രണ്ടാം മൈലിലെ മാധവന്‍ നായരുടെ വീട്ടിലെത്തിയ ശ്യാംകുമാര്‍ വീടിന്റെ വാതില്‍ ചവുട്ടി പൊളിച്ചു അകത്തുകയറി കുത്തുകയായിരുന്നുവെന്ന് പറയുന്നു. കുത്തേറ്റ് നെഞ്ചില്‍ ആഴത്തിലുള്ള മുറിവേറ്റ മാധവന്‍ നായരെ ബന്ധുക്കളും അവയല്‍വാസികളും ചേര്‍ന്ന് ഉടന്‍ തന്നെ കാസര്‍കോട് ചെങ്കള സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് വൈകുന്നേരം അഞ്ചു മണിയോടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട മാധവന്‍ നായരും പോലീസുകാരന്‍ ശ്യാമും തമ്മില്‍ നേരത്തെ സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നു. മാധവന്‍ നായരുടെ ഭാര്യയും സഹോദരിയും തമ്മിലുള്ള വസ്തു തര്‍ക്കമാണ് ഇരുവരും ഏറ്റെടുത്തത്. ഇതേ കുറിച്ച് ചോദിക്കാന്‍ എന്ന വ്യാജേനയാണ് പോലീസുകാരന്‍ മാധവന്‍ നായരുടെ വീട്ടില്‍ എത്തിയത്. അകത്തു കയറിയ ഉടന്‍ കൈയില്‍ കരുതിയ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കുറെ നാളുകളായി ഭീഷണി മുഴക്കി കൊണ്ടിരുന്ന ശ്യാംകുമാര്‍ മാധവന്‍ നായരെ അപായപ്പെടുത്താനുള്ള ആയുധം കൊണ്ടു നടക്കുകയായിരുന്നുവെന്ന് പറയുന്നു. ജില്ലാ ബാങ്കില്‍ നിന്ന് വിരമിച്ച ശേഷം ദീര്‍ഘകാലം ജില്ലാ ബാങ്ക് ഭരണ സമിതിയില്‍ ഡയറക്ടറായിരുന്നു. മികച്ച വോളിബോള്‍ താരവും വോളിബോള്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ രുദ്ര കുമാരി അഡൂര്‍ സഹകരണ ബാങ്ക് സെക്രട്ടറിയാണ്. ഏകമകന്‍ അര്‍ജുന്‍ (വിദ്യാര്‍ത്ഥി).
സംഭവമറിഞ്ഞു കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്‍, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, ജനറല്‍ സെക്രട്ടറി എം. കുഞ്ഞമ്പു നമ്പ്യാര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

 

Latest News