സ്ത്രീസുരക്ഷ പ്രധാനം -മഞ്ജു വാരിയര്‍ 

ചെന്നൈയില്‍ നടന്ന ജസ്റ്റ് ഫോര്‍ വിമെന്‍ പുരസ്‌കാരവേദിയില്‍ ഇംഗ്ലീഷില്‍ നടി മഞ്ജുവാര്യരുടെ തകര്‍പ്പന്‍ പ്രസംഗം. സ്ത്രീകളുടെ അന്തസിനും മാന്യതയ്ക്കും മുറിവേല്‍ക്കുന്നത് പുരോഗമന സമൂഹത്തിന്റെ പരാജയമാണെന്ന് പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് മഞ്ജു വാര്യര്‍ പറഞ്ഞു. മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ: 'പുരസ്‌കാരങ്ങള്‍ എന്നും പ്രചോദനമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഓരോ പുരസ്‌കാരങ്ങളും പ്രചോദനത്തേക്കാള്‍ മുകളിലാണ്. ആ യാത്രയില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവരെയും നന്ദിപൂര്‍വം ഓര്‍ക്കുന്നു. ആരോ പറഞ്ഞിട്ടുണ്ട്, ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന ഓരോരുത്തരും എന്തെങ്കിലും ഒന്നു നിങ്ങളെ പഠിപ്പിക്കും. ഈ സായാഹ്നത്തില്‍ സ്ത്രീകള്‍ കൈവരിച്ച മഹത്തായ നേട്ടങ്ങളെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. ഒരുപാടു സന്തോഷമുള്ള കാര്യങ്ങള്‍.'
സുരക്ഷയും അഭിമാനവും ചോദ്യം ചെയ്യപ്പെടുന്ന ഈ രാജ്യത്തെ സ്ത്രീകളെ കുറിച്ചാണ് ഞാന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നതും ഞാന്‍ ചിന്തിക്കുന്നതും. എപ്പോഴൊക്കെ സ്ത്രീകളുടെ അന്തസിനും മാന്യതയ്ക്കും മുറിവേല്‍ക്കുന്നുവോ, അത് നമ്മള്‍ ജീവിക്കപ്പെടുന്നുവെന്ന് അവകാശപ്പെടുന്ന പുരോഗമനപരമായ സമൂഹത്തിന്റെ പരാജയമാണ്. രാജ്യത്തെ വേദനിക്കുന്ന സ്ത്രീകള്‍ക്കായി ഈ പുരസ്‌കാരം ഞാന്‍ സമര്‍പ്പിക്കുന്നു. എല്ലായ്‌പ്പോഴും അവര്‍ക്കൊപ്പമായിരിക്കും എന്റെ നിലപാടുകളെന്ന് ഞാന്‍ വാക്കു നല്‍കുന്നു. അതോടൊപ്പം ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തെ അതിജീവിച്ച എന്റെ നാടിന്റെ അണയാത്ത ഊര്‍ജ്ജത്തിനും ഈ പുരസ്‌കാരം ഞാന്‍ സമര്‍പ്പിക്കുന്നു,' -മഞ്ജു പറഞ്ഞു
പറഞ്ഞു കഴിഞ്ഞപ്പോള്‍ നിറുത്താതെയുള്ള കരഘോഷമായിരുന്നു 
സദസില്‍. സബ്‌ടൈറ്റില്‍ ഇല്ലാതെ ഇംഗ്ലിഷ് സിനിമ കാണുന്നപോലെ, എന്നായിരുന്നു മഞ്ജുവിന്റെ ഗംഭീരന്‍ പ്രസംഗം കേട്ട് അവതാരകന്റെ കമന്റ്.
പരിപാടിയുടെ അവതാരകരുടെ ആവശ്യപ്രകാരം മഞ്ജു വേദിയില്‍ തമിഴിലും സംസാരിച്ചു. തമിഴില്‍ രണ്ടു വാക്കുകള്‍ പറയാന്‍ പറഞ്ഞപ്പോള്‍, തനിക്ക് തമിഴ് നന്നായി അറിയാമെന്നും ജനിച്ചതും വളര്‍ന്നതും നാഗര്‍കോവിലില്‍ ആണെന്നും മഞ്ജു മറുപടി നല്‍കി. നടി സിമ്രാനൊപ്പം മഞ്ജു പുരസ്‌കാരവേദിയില്‍ ചുവടുവെച്ചു. സിമ്രാന്‍ നായികയായ ജോടി എന്ന ചിത്രത്തിലെ 'വെള്ളിമലരേ'എന്ന പാട്ടിനൊപ്പമാണ് ചുവടുവച്ചത്.

Latest News