പ്രിയങ്ക യുഎസില്‍ 'ആരാധകരെ' വാടകയ്‌ക്കെടുത്തത് സത്യമോ? Video

യു.എസില്‍ ജനപ്രീതി നേടി വരുന്ന ബോളിവുഡ് താരം പ്രിയങ്ക ചോപ്ര അവിടെ ഹോളിവൂഡ് സെലിബ്രിറ്റികള്‍ക്കിടയില്‍ ആളാകാന്‍ ആരാധകരെ വാടകയ്‌ക്കെടുത്തു എന്ന് സമൂഹ മാധ്യമങ്ങളില്‍ ആക്ഷേപമുയര്‍ന്നിരുന്നു. ആരാധകരായി അഭിനയിക്കാന്‍ രണ്ടു പേരെ മാധ്യമങ്ങളുടെ മുമ്പില്‍ വേഷം കെട്ടിച്ചുവെന്നാണ് ആരോപണം. ട്വിറ്ററില്‍ പ്രചരിച്ച ഒരു വിഡിയോ ചൂണ്ടിക്കാട്ടി ചിലര്‍ ഇങ്ങനെ പറയുന്നത്. വിഡിയോ കണ്ടാല്‍ ആരും അങ്ങനെ തന്നെ ധരിച്ചു പോകാനുമിടയുണ്ട്. വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം പുറത്തേക്ക് നടക്കുന്നതിനിടെ രണ്ട് പേര്‍ ഓട്ടോഗ്രാഫിനായി പ്രിയങ്കയെ സമീപിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. അവര്‍ക്കു വേണ്ടത് കുറിച്ചു നല്‍കിയ ശേഷം പ്രിയങ്ക ടെര്‍മിനലിനു പുറത്തേക്ക് നടന്നു. വാതില്‍ക്കലെത്തിയപ്പോള്‍ നേരത്തെ ഓട്ടോഗ്രാഫ് വാങ്ങിയ രണ്ടു പേരും വീണ്ടും ഓട്ടോഗ്രാഫിനായി പ്രിയങ്കയ്ക്കു മുമ്പില്‍. രണ്ടാമതൊന്ന് ആലോചിക്കാതെ പ്രിയങ്ക അവര്‍ക്ക് ഓട്ടോഗ്രാഫ് കുറിച്ചു നല്‍കുകയും കൈവീശിക്കാണിച്ച് കാറില്‍ കയറിപ്പോകുകയും ചെയ്തു. ആഗോള താരമാകാന്‍ പബ്ലിക് റിലേഷന്‍സ് തട്ടിപ്പു നടത്തിയത് നാണക്കേടാണെന്നായിരുന്നു ഒരാളുടെ കമന്റ്.

എന്നാല്‍ പാശ്ചാത്യ ലോകത്തെ പപ്പരാസി സംസ്‌കാരത്തെ കുറിച്ച് വലിയ ധാരണ ഇല്ലാത്തവരാണ് പ്രിയങ്കയ്‌ക്കെതിരെ ആരോപണമുന്നയിക്കുന്നത് ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ പലരും രംഗത്തെത്തി. വിഡിയോയില്‍ കാണുന്ന ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ രണ്ടു പേര്‍ ആരാധകരല്ല. അവര്‍ സെലിബ്രിറ്റികളുടെ ഓട്ടോഗ്രാഫുകള്‍ ശേഖരിച്ച് അത് ലേലം ചെയ്തും ഓണ്‍ലൈനിലൂടെ വിറ്റഴിച്ചു പണം ഉണ്ടാക്കുന്ന കൂട്ടരാണെന്നാണ് മറുപടി. ഇവര്‍ കയ്യിലുള്ള ഫോട്ടോയിലും മറ്റും ഓട്ടോഗ്രാഫും ഒപ്പുമെല്ലാം ശേഖരിക്കും. അതിലൂടെ പണമുണ്ടാക്കി ജീവിക്കുന്നവര്‍ നിരവധി പേരുണ്ട് പാശ്ചാത്യ ലോകത്ത്. ഇതിനു തെളിവായി പ്രിയങ്കയുടെ ഓട്ടോ ഗ്രാഫ് വില്‍പ്പനയ്ക്കു വച്ച സൈറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ഇവര്‍ പുറത്തു കൊണ്ടു വന്നു. ഇതോടെ വാടക ആരാധാകരെന്ന് വാദം ഉയര്‍ത്തിയവരുടെ പൊടിപോലും കാണാതായി. 

Latest News