സൗദി എയര്‍ലൈന്‍സിനു പിന്നാലെ എമിറേറ്റ്‌സും കരിപ്പൂരിലേക്ക്?

കോഴിക്കോട്- സൗദി എയര്‍ലൈന്‍സിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് ജിദ്ദ സര്‍വീസിന് അനുമതി ലഭിച്ചത് തങ്ങള്‍ക്കും സര്‍വീസ് പുനരാരംഭിക്കാന്‍ സഹായകമാകുമെന്ന കണക്കു കൂട്ടലിലാണ് എമിറേറ്റ്‌സ്. റണ്‍വെ നവീകരണത്തിനായി രണ്ടു വര്‍ഷം മുമ്പ് വിമാനത്താവളം ഭാഗികമായി അടച്ചതോടെ വലിയ വിമാനങ്ങള്‍ക്ക് വലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് എമിറേറ്റ്‌സിന് കരിപ്പൂര്‍ സര്‍വീസുകള്‍ നിര്‍ത്തേണ്ടി വന്നത്. ചെറിയ വിമാനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ കരിപ്പൂരില്‍ നിന്നും എമിറേറ്റ്‌സിനു പൂര്‍ണമായും പിന്‍വാങ്ങേണ്ടി വന്നിരുന്നു. റണ്‍വെ നവീകരണം പൂര്‍ത്തിയായ ശേഷം സര്‍വീസിന് നേരത്തെ എമിറേറ്റ്‌സ് വീണ്ടും ശ്രമം നടത്തിയിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. പിന്നീട് കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടായില്ല. എന്നാല്‍ സൗദി എയര്‍ലൈന്‍സിന്റെ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് എമിറേറ്റ്‌സിനും അനുമതി നല്‍കേണ്ടി വരും. എയര്‍ ഇന്ത്യയുടെ ഏറ്റവും ലഭാകരമായിരുന്ന കരിപ്പൂര്‍-ജിദ്ദ സര്‍വീസും പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതും വലിയ വിമാന സര്‍വീസാണ്. സൗദിയക്കും എയര്‍ ഇന്ത്യയ്ക്കും വലിയ വിമാന സര്‍വീസിന് അനുമതി ലഭിച്ചാല്‍ എമിറേറ്റ്‌സിന് മറ്റു തടസങ്ങളുണ്ടാവില്ല.

യുഎഇയിലെ വ്യസായ പ്രമുഖരും പ്രവാസി സംഘടനകളും ചേര്‍ന്ന് അനൗദ്യോഗികമായി എമിറേറ്റ്‌സ് ഉന്നതരെ നേരത്തെ കണ്ട് ആവശ്യം ഉന്നയിച്ചപ്പോള്‍ അനൂകൂല സമീപനമാണ് എറിമേറ്റ്‌സിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീര്‍ പറയുന്നു. എമിറേറ്റ്‌സുമായി ഇനിയും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം അനുമതിക്ക് ആവശ്യമായ പ്രാഥമിക നടപടികളൊന്നും എമിറേറ്റ്‌സിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. കരിപ്പൂരില്‍ മികച്ച രീതിയിലായിരുന്നു എമിറേറ്റ്‌സിന്റെ സര്‍വീസുകള്‍ നേരത്തെ നടന്നിരുന്നത്. അതുകൊണ്ടു തന്നെയാണ് എമിറേറ്റ്‌സ് മാസങ്ങള്‍ക്കു മുമ്പ് വീണ്ടും സര്‍വീസ് തുടങ്ങാനായി ശ്രമം നടത്തിയത്. എന്നാല്‍ അത് വിജയം കണ്ടില്ല. പുതിയ സാഹചര്യത്തില്‍ വഴിതുറന്നിരിക്കുകയാണ്. സാങ്കേതിക പരിശോധനകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി അപേക്ഷിച്ചാല്‍ എമിറേറ്റ്‌സിന് അനുമതി ലഭിക്കാന്‍ മറ്റു തടസങ്ങളൊന്നുമില്ലെന്നാണ് അറിയുന്നത്. 

അടുത്ത മാസം തുറക്കുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ സാധ്യതകളെ കൂടി മുന്‍നിര്‍ത്തിയാകും എമിറേറ്റ്‌സ് കരിപ്പൂര്‍ സര്‍വീസുകള്‍ പരിഗണിക്കുക. കണ്ണൂരിന് കൂടുതല്‍ പരിഗണന നല്‍കാന്‍ ചില കേന്ദ്രങ്ങള്‍ എമിറേറ്റ്‌സിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും ആക്ഷേപമുണ്ട്. വിപണി സാധ്യത വിലയിരുത്തിയ ശേഷമാകും എമിറേറ്റ്‌സിന്റെ അന്തിമ തീരുമാനം ഉണ്ടാകുക.
 

Latest News