ദമാം- മൂന്ന് വർഷത്തോളമായി ഖതീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം ഇന്നലെ ദമാമിൽ ഖബറടക്കി. കാസർകോട് ജില്ലയിലെ നീർച്ചാൽ സ്വദേശി കന്നിയാപ്പാടി വീട്ടിൽ കുഞ്ഞു മുഹമ്മദ് മകൻ ഹസൈനാർ കുഞ്ഞി(57) ന്റെ മൃതദേഹമാണ് വർഷങ്ങളുടെ അനിശ്ചിതത്വത്തിനു ശേഷം സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം ഇടപെട്ട് മറവു ചെയ്തത്. ഉച്ചക്ക് ദമാം അൽഫുർഖാനിൽ നടന്ന ജനാസ നമസ്‌കാരത്തിനു ശേഷം ദമാം ഖബർസ്ഥാനിലായിരുന്നു ഖബറടക്കം.
22 വർഷമായി സൗദിയിലുണ്ടായിരുന്ന ഹസൈനാർ കുഞ്ഞ് അൽകോബാറിൽ സൂപ്പർ മാർക്കറ്റ് നടത്തി വരവെ അസുഖ ബാധിതനായി 2015 ഡിസംബറിലാണ് മരിച്ചത്. പാസ്‌പോർട്ടിലും ഇഖാമയിലും മറ്റു രേഖകളിൽ കോയമൂച്ചിമൂയെന്നും കോഴിക്കോട് ജില്ലാ സ്വദേശിയെന്നുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. മൃതദേഹം മറവു ചെയ്യുന്നതിനായി സ്‌പോൺസർ ശ്രമം നടത്തുന്നതിനിടെയാണ് പേരും മേൽവിലാസവും വ്യാജമാണെന്ന് കണ്ടെത്തിയത്. ഇക്കാരണത്താൽ മൃതദേഹം മറവു ചെയ്യാൻ കാലതാമസം നേരിട്ടു. മൃതദേഹം മറവു ചെയ്യാൻ നടപടി സ്വീകരിക്കാൻ ദമാം പോലീസ് മേധാവി നൽകിയ നിർദേശത്തെ തുടർന്നാണ് നാസ് വക്കം കേസിൽ ഇടപെട്ടത്. മാധ്യമങ്ങളിലും മറ്റും നൽകിയ വാർത്ത ശ്രദ്ധയിൽപെട്ട സഹോദരൻ അബൂബക്കറാണ് കോയമൂച്ചി എന്ന പേരിലുള്ള മൃതദേഹം തന്റെ സഹോദരൻ ഹസൈനാർ കുഞ്ഞിന്റേതാണെന്ന് നാസ് വക്കത്തെ അറിയിച്ചത്. നാസ് വക്കത്തിന് പുറമെ, മുഹമ്മദ് നജാത്തി, ജാഫർ കൊണ്ടോട്ടി തുടങ്ങി നിരവധി പേർ നമസ്‌കാരത്തിലും ഖബറടക്ക ചടങ്ങിലും പങ്കെടുത്തു.