Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ ജയില്‍ മോചനം വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

കോൺസുലേറ്റ് അധികൃതർ തബൂക്ക് ജയിൽ സന്ദർശിച്ചു
തബൂക്ക്- വിവിധ കേസുകളിൽ അകപ്പെടുന്നയാളുകളെ പുറത്തെത്തിക്കാൻ സഹായിക്കാമെന്ന് പറഞ്ഞു പണം വാങ്ങി ചതിക്കുന്ന ഏജന്റുമാർ വിഹരിക്കുന്നതായി പരാതി. തബൂക്ക് സെൻട്രൽ ജയിലും തർഹീലും സന്ദർശിച്ചതിന് ശേഷം ജിദ്ദ കോൺസുലേറ്റ് വെൽഫെയർ കോൺസൽ മോയിൻ അക്തർ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയതാണ് ഇക്കാര്യം. തടവുകാരെ ചൂഷണം ചെയ്യുന്നത് സംബന്ധിച്ച് രേഖാമൂലം ഏതാനും പരാതികൾ ലഭിച്ചതായി കോൺസൽ പറഞ്ഞു. ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിദ്ദ കോൺസുലേറ്റ് അഡ്മിനിസ്‌ട്രേറ്റർ മുഹമ്മദ് ഫൈസലും അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നു. 
ഇതര പ്രവിശ്യകളിലെ ജയിലിനെ അപേക്ഷിച്ചു ഒരു വിചാരണ തടവുകാരനടക്കം തബൂക്കിൽ വിരലിൽ എണ്ണാവുന്ന ആളുകളാണുള്ളതെന്ന് ഇരുവരും അറിയിച്ചു. തബൂക്ക് ജയിൽ സൂപ്രണ്ടുമായി ഒരു മണിക്കൂറോളം ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ തടവുകാരെ നേരിട്ട് കണ്ട് പ്രശ്‌നങ്ങൾ പഠിക്കാനും ജയിൽ ഉദ്യോഗസ്ഥർ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് സാഹചര്യമൊരുക്കി. ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഇന്ത്യക്കാർ പൊതുവെ കുറവാണെന്നും അതിനാൽ ഇന്ത്യക്കാരോട് തനിക്കു ബഹുമാനം ഉണ്ടെന്നും ജയിൽ സൂപ്രണ്ട് കൂട്ടിച്ചേർത്തു. ജയിൽ സന്ദർശനത്തിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ കൂടെ സി.സി.ഡബ്ലിയു.എ ചെയർമാൻ സിറാജ് എറണാകുളം, വൈസ് ചെയർമാൻ ഉണ്ണി മുണ്ടുപറമ്പ്, ലത്തീഫ് മംഗലാപുരം എന്നിവരുമുണ്ടായിരുന്നു. ജയിൽ സന്ദർശനത്തിനു ശേഷം വൈകിട്ട് തബൂക്ക് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ നടന്ന സി.സി.ഡബ്ലിയു.എ മെമ്പർമാരുടെ യോഗത്തിൽ വിവിധ കേസിൽ പെട്ടവരുടെ വിഷയങ്ങൾ കോൺസുലേറ്റിനു മുമ്പാകെ സമർപ്പിച്ചു. 
രേഖാമൂലം കിട്ടിയ പരാതികൾ സ്‌പോൺസർമാരുമായി സംസാരിച്ചു ഒത്തുതീർപ്പിനു ശ്രമിക്കുമെന്നും മോയിൻ അക്തർ പറഞ്ഞു. കോൺസുലേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി ഓഫ് കമ്മിറ്റി വെൽഫെയർ അസോസിയേഷൻ (സി.സി.ഡബ്ലിയു.എ) ഉടനെ അംഗങ്ങളെ കൂട്ടില്ല. അതേസമയം, നിലവിലുള്ള മെമ്പർമാരുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കമ്യൂണിറ്റിയെ സഹായിക്കാൻ താൽപര്യമുള്ളവരാണ് ഈ രംഗത്തേക്ക് മുന്നോട്ടു വരേണ്ടതെന്നും മറിച്ചു സംഘടനകളുടെ നോമിനികൾക്കല്ല സി.സി.ഡബ്ലിയു.എ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. 
സ്‌കൂൾ പ്രിൻസിപ്പൽ ഷംസുദ്ദീൻ സ്വാഗതം പറഞ്ഞു. സിറാജ് എറണാകുളം, ലത്തീഫ് മംഗലാപുരം, ഖാദർ ഇരിട്ടി, ഉണ്ണി മുണ്ടുപറമ്പ് എന്നിവർ സംസാരിച്ചു. പർവേഷ് ഖാൻ നന്ദി പറഞ്ഞു.
 

Latest News