തിരൂര്‍-ബന്ധുനിയമന വിവാദത്തില്‍പ്പെട്ട മന്ത്രി കെ.ടി.ജലീലിനെതിരെ തിരൂരില്‍ രണ്ടിടത്ത് പ്രതിഷേധവും കരിങ്കൊടിയും ചീമുട്ടയേറും. മലയാളം സര്‍വകലാശാലക്ക് മുന്നിലും തിരൂര്‍ ടൗണിലുമാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിക്കു നേരെ കരിങ്കൊടി കാട്ടിയത്. രാവിലെ 10 മണിയോടെ മലയാളം സര്‍വകലാശാലയില്‍ കേരള ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പ്രതിഷേധം. മന്ത്രിയെത്തിയപ്പോള്‍ കവാടത്തില്‍ യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി മുദ്രാവാക്യം വിളിച്ചു തടയാന്‍ ശ്രമിച്ചു. പ്രതിഷേധത്തിനിടെ മന്ത്രിയുടെ വാഹനം അകത്തേക്ക് കയറിയെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. മന്ത്രി ഉദ്ഘാടന പ്രസംഗത്തിനായി എഴുന്നേറ്റപ്പോള്‍ കോണ്‍ഫറന്‍സ് ഹാളില്‍ നേരത്തെ കയറികൂടിയ എം.എസ്.എഫ് പ്രവര്‍ത്തകര്‍ മന്ത്രി പ്രസംഗിക്കുന്ന ഡയസിന് മുന്നിലേക്കെത്തി കരിങ്കൊടി കാട്ടി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ മന്ത്രി പ്രസംഗം നിര്‍ത്തി. മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് മന്ത്രി പുറത്തിറങ്ങിയപ്പോള്‍ വീണ്ടും ശക്തമായ പ്രതിഷേധമുണ്ടായി.