അവിഹിത ഗര്‍ഭത്തിലുണ്ടായ കുഞ്ഞിനെ കഴുത്തുഞെരിച്ചുകൊന്നു, ഫിലിപ്പിനോ യുവതിക്ക് ജീവപര്യന്തം

ദുബായ്- അവിഹിത ഗര്‍ഭത്തിലുണ്ടായ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന വീട്ടുവേലക്കാരിക്ക് ജീവപര്യന്തം. 32 കാരിയായ ഫിലിപ്പിനോ യുവതിക്കാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്. കുളിമുറിയില്‍ വെച്ച് കുഞ്ഞിനെ പ്രസവിച്ച യുവതി ശ്വാസം മുട്ടിച്ചുകൊന്ന് പ്ലാസ്റ്റിക് ബാഗിലാക്കുകയായിരുന്നു.

അല്‍ നഹ്ദയില്‍ സ്‌പോണ്‍സറുടെ സഹോദരിയുടെ വീട്ടിലായിരുന്നു ഇവര്‍ക്ക് ജോലി. 2017 സെപ്റ്റംബറിലായിരുന്നു സംഭവം. വയറുവേദനയെന്ന് പറഞ്ഞ് കുളിമുറിയില്‍ കയറിയ യുവതി രണ്ടു മണിക്കൂറോളം അതിനുള്ളില്‍ കഴിഞ്ഞു. വസ്ത്രത്തില്‍ രക്തക്കറയും കൈയില്‍ ഒരു പ്ലാസ്റ്റിക് ബാഗുമായി പുറത്തുവന്ന യുവതി തളര്‍ന്നു വീഴുകയായിരുന്നു. ഇതിനിടെ, പ്ലാസ്റ്റിക് ബാഗ് അടുക്കളയില്‍ ഒളിപ്പിച്ചു. കാര്യം തിരക്കിയ സ്‌പോണ്‍സറോടും സഹോദരിയോടും ആര്‍ത്തവസംബന്ധമായ പ്രശ്‌നമാണെന്നും ഇവര്‍ പറഞ്ഞു. ഉടനെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് യുവതി പ്രസവിച്ച കാര്യം വ്യക്തമായത്.

തുടര്‍ന്ന് പോലീസെത്തി കാര്യങ്ങള്‍ അന്വേഷിച്ചതോടെ സംഭവം പുറത്തുവരികയായിരുന്നു. വീടു പരിശോധിച്ച പോലീസ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുത്തു. ജീവപര്യന്തം ശിക്ഷക്ക് ശേഷം ഇവരെ നാടുകടത്താനും കോടതി വിധിച്ചിട്ടുണ്ട്.

 

Latest News