കുവൈത്ത് സിറ്റി- അഭൂതപൂര്‍വമായ പ്രളയക്കെടുതിയില്‍ നഷ്ടങ്ങളുണ്ടായവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നു കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ കണ്‍ട്രോള്‍ റൂമില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രളയത്തിന് ശമനമുണ്ടായിട്ടുണ്ട്. സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് അതിവേഗം മടങ്ങിവരികയാണ്. യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇക്കാര്യത്തില്‍ കുവൈത്ത് നടത്തിയത്. മന്ത്രിസഭയും പാര്‍ലമെന്റും അടിയന്തര യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. റെഡ് ക്രസന്റ് ഉള്‍പ്പെടെയുള്ള സന്നദ്ധസംഘടനകളും പരിപാടികള്‍ തയാറാക്കി.
റോഡില്‍നിന്ന് 12ദശലക്ഷം ഗ്യാലന്‍ വെള്ളം നീക്കം ചെയ്തതായി മുനിസിപ്പല്‍ ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മന്‍ഫൂഹി അറിയിച്ചു. പ്രളയത്തില്‍ കുടുങ്ങിയ 284 കാറുകളും 7122 ക്യുബിക് മീറ്റര്‍ കല്ലുംമണ്ണും നീക്കം ചെയ്തതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ ആശുപത്രികളില്‍ 8646പേര്‍ക്ക് ചികിത്സ നല്‍കിയതായി ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി.
24 മണിക്കൂറിനിടെ മഴക്കെടുതി സംബന്ധിച്ചു 2987 സംഭവങ്ങളില്‍ ഇടപെട്ടതായി സിവില്‍ ഡിഫന്‍സ് കമ്മിറ്റി അറിയിച്ചു. വെള്ളം കയറിയതിനെ തുടര്‍ന്നുള്ള ദുരന്തങ്ങളും റോഡപകടങ്ങളും ഉള്‍പ്പെടുമെന്ന് ചെയര്‍മാന്‍ കേണല്‍ ജമാല്‍ അല്‍ ഫുദ്‌രി അറിയിച്ചു. വെള്ളം കയറിയതു കാരണം അടച്ചിട്ട ഗസാലി റോഡ് തുറന്നു. ഏഴാം റിംഗ് റോഡും മംഗഫ് പാലവും അടഞ്ഞുകിടക്കുകയാണ്. പ്രളയത്തില്‍പ്പെട്ട വീടുകളിലെ 147 പേരെ സിവില്‍ ഡിഫന്‍സ് കമ്മിറ്റിയുടെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റിയിട്ടുമുണ്ട്.