Sorry, you need to enable JavaScript to visit this website.

വിമാനത്താവളം തുറക്കുന്നതിനു മുമ്പെ കണ്ണൂരിലേക്ക് കഴുത്തറുപ്പന്‍ നിരക്കുമായി എയര്‍ ഇന്ത്യ

കണ്ണൂര്‍- പ്രതീക്ഷയോടെ കാത്തിരിക്കുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം തുറക്കുന്നതിനു മുമ്പെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫില്‍ നിന്നും കണ്ണൂരിലേക്കുള്ള ടിക്കറ്റിന് കഴുത്തറുപ്പന്‍ നിരക്ക് ഇടാക്കുന്നത് പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കി. ദോഹയില്‍ നിന്നും കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദ്രോഹം. കഴിഞ്ഞ ദിവസമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് കണ്ണൂരില്‍ നിന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസിനു അനുമതി ലഭിച്ചത്. ഡിസംബര്‍ 10ന് സര്‍വീസ് ആരംഭിക്കും. ഈ ദിവസം ദോഹയില്‍ നിന്ന് കണ്ണൂരിലേക്കുള്ള നിരക്ക് 21,300 രൂപയാണ്. 1,078 ഖത്തര്‍ റിയാല്‍. എക്‌സ്പ്രസ് ഫെളക്‌സി നിരക്കാണെങ്കില്‍ 2,528 റിയാലും. ഏകദേശം 50,000 ഓളം രൂപ!

അതേസമയം ദോഹ-കോഴിക്കോട് ടിക്കറ്റിന് 10,200 രൂപയെ (528 റിയാല്‍) ഉള്ളൂ. ദോഹ- കൊച്ചി നിരക്ക് 10,821 രൂപയും ദോഹ-തിരുവനന്തപുരം 11,020 രൂപയുമാണ്. വെബ്‌സൈറ്റില്‍ ടിക്കറ്റ് തിരയുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി നിരക്ക് സോഫ്റ്റ്‌വെയര്‍ സഹായത്തോടെ സ്വയം അപ്‌ഡേറ്റാകുന്ന സംവിധാനമാണ് ദോഹ-കണ്ണൂര്‍ നിരക്ക് ഇത്രത്തോളം ഉയരാന്‍ കാരണം. ഉദ്ഘാടന ദിവസത്തേക്ക് കൂടുതല്‍ പേര്‍ ടിക്കറ്റ് നിരക്ക് വെബ്‌സൈറ്റില്‍ പരിശോധിച്ചിട്ടുണ്ടാകാം. എന്നാല്‍ ഡിസംബര്‍ അവസാനത്തേക്ക് നിരക്ക് സാധാരണ നിലയില്‍ തന്നെയാണ്. ടിക്കറ്റ് തിരയുന്നവരുടെ എണ്ണം കൂടിയാല്‍ ഇതും വര്‍ധിച്ചേക്കാം. ആഴ്ചയില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളിലാണ് ദോഹ-കണ്ണൂര്‍ സര്‍വീസുകള്‍.
 

Latest News