ആലിയയുടെ മരണം മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി

ദുബായ്- പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മലയാളിയായ ആലിയ നിയാസ് അലിയുടെ നിര്യാണം എമിറേറ്റിലെ മലയാളി സമൂഹത്തെ സങ്കടത്തിലാഴ്ത്തി. പനിയും തുടര്‍ന്നുണ്ടായ സങ്കീര്‍ണ ആരോഗ്യപ്രശ്‌നങ്ങളുമാണ് 17 കാരിയായ പെണ്‍കുട്ടിയുടെ ജീവനെടുത്തത്. 
കണ്ണൂര്‍ ആനയിടുക്ക് സ്വദേശി പ്യാരിമന്‍സിലില്‍ കൊട്ടിക്കൊല്ലന്‍ നിയാസ് അലിയുടെയും മൂര്യന്റകത്ത് ഫരീദയുടേയും മകളാണ് ആലിയ.
ഇന്ത്യന്‍ ഹൈസ്‌കൂളിലെ ആര്‍ട്‌സ് സ്ട്രീം വിദ്യാര്‍ഥിനിയായിരുന്നു ആലിയ. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം റാഷിദ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ആലിയ വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങി. അല്‍ ഖൂസ് ഖബറിസ്ഥാനില്‍ ഖബറടക്കി.
പനി ലക്ഷണങ്ങളുമായി ഒമ്പതാം തീയതി ഡോ. ജോസഫ്‌സ് പോളിക്ലിനിക്കില്‍ ആലിയയെ കാണിച്ചിരുന്നു. പനിക്കുള്ള ഗുളികകള്‍ നല്‍കി വിട്ടു. 13 ന് വീണ്ടും നെഞ്ചില്‍ അണുബാധയുമായി എത്തി. സ്ഥിതി മോശമാണെന്ന് കണ്ട് റാഷിദ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു ഡോ. മുഹമ്മദ് കോയ പറഞ്ഞു.

മകള്‍ മരിച്ചെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാകാതെ തരിച്ചിരിക്കുകയാണ് നിയാസ് അലിയും കുടുംബവും. ദുബായില്‍ ബിസിനസ് ചെയ്യുകയാണ് അലി. ആരോഗ്യവതിയും പ്രസന്നവതിയുമായിരുന്നു മകളെന്ന് നിയാസ് പറഞ്ഞു. അസുഖങ്ങളൊന്നും വരാറുണ്ടായിരുന്നില്ല. കഴിഞ്ഞാഴ്ച വൈറല്‍ പനി വന്ന് മൂന്നു ദിവസം സ്‌കൂളില്‍ പോയിരുന്നില്ല, 11 ന് വീണ്ടും സ്‌കൂളില്‍ പോയിത്തുടങ്ങി.

കഴിഞ്ഞ ദിവസം ആലിയയുടെ മുറിയില്‍ കയറിയ മാതാവ് ഫരീദക്ക് കിട്ടിയത് ആലിയ എഴുതിയ കുറിപ്പുകളാണ്. ക്ഷമയുടെ മുഖങ്ങള്‍ എന്ന പേരില്‍ എഴുതിയ കുറിപ്പ് കുടുംബത്തെ വീണ്ടും കണ്ണീരിലാഴ്ത്തി. ഗ്രാഫിക് ഡിസൈനറാകാനായിരുന്നു ആലിയയുടെ മോഹമെന്ന് അവര്‍ പറഞ്ഞു.
ഫെഹ്്മിന, അമാന്‍ അലി, അസ്സാം, അയാന്‍ എന്നിവരാണ് സഹോദരങ്ങള്‍.
 

Latest News