രണ്‍വീറും ദീപികയും വിവാഹിതരായി 

ബോളിവുഡിലെ പ്രണയ ജോഡികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും വിവാഹിതരായി. ഇറ്റലിയിലെ ലേക്ക് കോമോയില്‍ വച്ച് ദീപികയുടെ മതാചാരപ്രകാരം കൊങ്ങിണി രീതിയിലായിരുന്നു ചടങ്ങുകള്‍. രണ്‍വീറിന്റെ മതാചാരപ്രകാരം സിന്ധി രീതിയിലുളള വിവാഹച്ചടങ്ങുകള്‍ തുടര്‍ന്ന് നടക്കും. കനത്ത കാവലിലാണ് ദീപികയെ രണ്‍വീര്‍ കെട്ടിയത്. വിവാഹവേദിയിലേക്ക് മാധ്യമങ്ങള്‍ക്ക്  പ്രവേശനമുണ്ടായിരുന്നില്ല. കൈത്തണ്ടയില്‍ പ്രത്യേകം ബാന്‍ഡ് കെട്ടിയ അതിഥികള്‍ക്ക് മാത്രമായിരുന്നു വിവാഹവേദിയില്‍ പ്രവേശനം. 
ബാര്‍കോഡ് സ്‌കാന്‍ ചെയ്താണ് പ്രവേശിപ്പിച്ചത്. ഫോട്ടോയെടുക്കരുതെന്ന് നവദമ്പതികള്‍ പ്രത്യേകം അഭ്യര്‍ഥിച്ചിരുന്നു. വൈകാതെ തങ്ങള്‍ തന്നെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുമെന്നും ദമ്പതികള്‍ വാക്ക് തന്നു. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ദീപികയും രണ്‍വീറും വിവാഹിതരാകുന്നത്. കഴിഞ്ഞ ദിവസം നടന്ന വിവാഹ നിശ്ചയ ചടങ്ങുകള്‍ക്ക് ശേഷം ലേക്ക് കോമോയ്ക്ക് അടുത്തുള്ള കാസ്റ്റ ദിവ റിസോര്‍ട്ടില്‍ വിപുലമായ രീതിയില്‍ പാട്ടും നൃത്തവും അടങ്ങുന്ന സംഗീത് ചടങ്ങും നടന്നിരുന്നു. ബോളിവുഡ് ഗായകനായ ഹര്‍ഷ്ദീപ് കൗറിന്റെയും സംഘത്തിന്റയും നേതൃത്വത്തിലായിരുന്നു സംഗീത പരിപാടി.

Latest News