Sorry, you need to enable JavaScript to visit this website.

പ്രതീക്ഷ നിലനിര്‍ത്താന്‍ പഞ്ചാബിന്  ഇനി രണ്ട് ജയം കൂടി വേണം

മൊഹാലി - ഐ.പി.എല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ അവസാന മൂന്നു കളികള്‍ ജയിക്കേണ്ട പഞ്ചാബ് കിംഗ്‌സ് ഇലവന്‍ വിജയത്തോടെ ആദ്യ ചുവട് വെച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അവര്‍ 14 റണ്‍സിന് തോല്‍പിച്ചു. സ്‌കോര്‍: പഞ്ചാബ് ആറിന് 167, കൊല്‍ക്കത്ത ആറിന് 153. 
പഞ്ചാബിന്റെ താരതമ്യേന ഭദ്രമല്ലാത്ത സ്‌കോറിനെതിരെ കൊല്‍ക്കത്ത അതിശക്തമായാണ് തുടങ്ങിയത്. ക്രിസ് ലിന്നും (52 പന്തില്‍ 84, 6-3, 4-8) സുനില്‍ നരേനും (10 പന്തില്‍ 18, 4-4) പഞ്ചാബ് ബൗളര്‍മാരെ പൊരിച്ചു. എന്നാല്‍ നരേനെ മോഹിത് ശര്‍മ ബൗള്‍ഡാക്കിയതോടെ കൊല്‍ക്കത്തയുടെ ശനിദശ തുടങ്ങി. ഒരു വശത്ത് ലിന്‍ ആക്രമണം തുടര്‍ന്നെങ്കിലും മറുവശത്ത് സന്ദര്‍ശകര്‍ക്ക് തുടരെ വിക്കറ്റ് നഷ്ടപ്പെട്ടു. ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനെയും (18 പന്തില്‍ 8) പരിക്ക് ഭേദമായി ടീമില്‍ തിരിച്ചെത്തിയ റോബിന്‍ ഉത്തപ്പയെയും (0) തുടര്‍ച്ചയായ പന്തുകളില്‍ രാഹുല്‍ തെവാതിയ പുറത്താക്കി. മനീഷ് പാണ്ഡെക്കും (23 പന്തില്‍ 18) അധികം തുടരാനായില്ല. എങ്കില്‍ ലിന്‍ ക്രീസിലുള്ളേടത്തോളം കൊല്‍ക്കത്തക്ക് പ്രതീക്ഷയുണ്ടായിരുന്നു. മനീഷിനു പകരമെത്തിയ കോളിന്‍ ഗ്രാന്റ്‌ഹോമിനൊപ്പം രണ്ടാം റണ്ണിനു ശ്രമിച്ച ലിന്‍ റണ്ണൗട്ടായി. യൂസുഫ് പഠാനെ (2) മോഹിത് പുറത്താക്കിയതോടെ കൊല്‍ക്കത്തയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. അവസാന ഓവറില്‍ 20 റണ്‍സ് വേണമായിരുന്നു കൊല്‍ക്കത്തക്ക് ജയിക്കാന്‍. 
ചാമ്പ്യന്‍സ് ട്രോഫിക്കായി മടങ്ങിയ ഹാശിം അംലയുടെയും ഡേവിഡ് മില്ലറുടെയും അഭാവത്തിലാണ് പഞ്ചാബ് നിര്‍ണായക മത്സരത്തിന് ഇറങ്ങിയത്. മാര്‍ടിന്‍ ഗപ്റ്റിലും (16 പന്തില്‍ 12) മനന്‍ വോറയും (16 പന്തില്‍ 25) ഷോണ്‍ മാര്‍ഷും (10 പന്തില്‍ 11) എളുപ്പം പുറത്തായി. പത്തോവറില്‍ 63 റണ്‍സെടുക്കാനേ പഞ്ചാബിന് സാധിച്ചുള്ളൂ. ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്‌സ്‌വെലും (25 പന്തില്‍ 44) വൃദ്ധിമാന്‍ സാഹയുമാണ് (33 പന്തില്‍ 38) പഞ്ചാബിനെ പൊരുതാനുള്ള സ്‌കോറിലേക്ക് നയിച്ചത്. മാക്‌സ്‌വെല്‍ നാല് സിക്‌സറുകള്‍ പറത്തി.
 

Latest News