ദോഹ- സൗദി, യു.എ.ഇ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഖത്തറിലും കനത്ത മഴ. രണ്ടാഴ്ചത്തെ ഇടവേളക്കുശേഷമാണ് മഴ തിരിച്ചെത്തിയത്. മഴക്കൊപ്പം കാറ്റും ഇടിമിന്നലും ഉണ്ടായിരുന്നു. ഇന്നും നാളെയും മഴ തുടരാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത 36 മണിക്കൂര്‍ നേരത്തേക്കു കൂടി ഈ സാഹചര്യം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഫോര്‍കാസ്റ്റിങ് ആന്‍ഡ് അനാലിസിസ് വിഭാഗം മേധാവി അബ്ദുല്ല മുഹമ്മദ് അല്‍ മന്നായ് പറഞ്ഞു.
മഴയ്ക്കു മുന്‍പേ നഗരസഭ പരിസ്ഥിതി മന്ത്രാലയം മുന്‍കരുതലുകളെടുത്തത് വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നത് തടഞ്ഞു. ടാങ്കറുകളും പമ്പുകളും വെള്ളക്കെട്ടുണ്ടാവാനിടയുള്ള സ്ഥലങ്ങളില്‍ വിന്യസിച്ചിരുന്നു. മഴ മൂലം റോഡുകളിലൊന്നും തന്നെ വെള്ളക്കെട്ടുണ്ടായിട്ടില്ലെന്നും ഗതാഗത തടസ്സങ്ങളുണ്ടായില്ലെന്നും പൊതുമരാമത്ത് അതോറിറ്റി അഷ്ഗാല്‍ അറിയിച്ചു. ഗള്‍ഫ് മേഖലയിലെ ന്യൂനമര്‍ദമാണു മഴക്ക് ഇടയാക്കിയതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചെറുതായി ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശിച്ചു.