അയോധ്യയില്‍ മദ്യവും മാംസവും നിരോധിക്കുന്നു; നീക്കം സന്യാസിമാരുടെ അഭ്യര്‍ത്ഥന മാനിച്ച്

ലഖ്‌നൗ- ഉത്തര്‍ പ്രദേശില്‍ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി മാറ്റിയതിനു പിന്നാലെ ഇവിടെ മാംസവും മദ്യവും നിരോധിക്കുന്ന കാര്യ സര്‍ക്കാര്‍ പരിഗണനയില്‍. സന്യാസിമാരുടെ ആവശ്യം പരിഗണിക്കുമെന്നും നിയമപരമായ ചട്ടക്കൂടിനുള്ളില് നിന്ന് മദ്യത്തിനും മാംസത്തിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ വക്താവ് ശ്രീകാന്ത് ശര്‍മ പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലയുടെ പേര് അയോധ്യ എന്നാക്കിയതിനു പിന്നാലെയാണ് ഇവിടെ മദ്യത്തിനും മാംസത്തിനും നിരോധനമേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി സന്യാസികള്‍ രംഗത്തു വന്നത്. ഇവ രണ്ടും അയോധ്യ നഗരസഭാ പരിധിയില്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുണ്ട്. ജില്ലയുടെ പേര് അയോധ്യ എന്നായതോടെ ജില്ലയിലുടനീളം നിരോധനം വേണമെന്നാണ് സന്യാസിമാരുടെ ആവശ്യം.

ബി.ജെ.പിയുടെ കാലങ്ങളായുള്ള തെരഞ്ഞെടുപ്പു പ്രഖ്യാപനമായ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് നരേന്ദ്ര മോഡി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിനായി വിശ്വ ഹിന്ദു പരിഷത്ത് അയോധ്യയില്‍ സന്യാസിമാരെ അണിനിരത്തി ശക്തി പ്രകടനത്തിന് ഒരുങ്ങുന്നതിനിടെയാണ് ഇവിടെ മദ്യത്തിനും മാംസത്തിനും വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി സന്യാസികള്‍ രംഗത്തെത്തിയത്. നവംബര്‍ 25ന് സന്യാസിമാരുടെ വന്‍ സമ്മേളനമാണ് സംഘപരിവാര്‍ ഇവിടെ സംഘടിപ്പിക്കാനിരിക്കുന്നത്. മദ്യവും മാംസവും അയോധ്യയിലെ സന്യാസിമാരുടെ മതവികാരം വൃണപ്പെടുത്തുന്നതാണെന്നാണ് സംഘപരിവാര്‍ ഭാഷ്യം.
 

Latest News