റിയാദ്-സൗദി അറേബ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടി കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് പ്രവചനം. ചിലയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റും അനുഭവപ്പെടും.
റിയാദ് പ്രവിശ്യയിൽ അൽഖർജ്, അഫീഫ്, ദവാദ്മി, ഖുവൈഇയ്യ, മജ്മ, സുൽഫി, ശഖ്‌റാ, ഹോത്ത ബനീ തമീം എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. അൽഖസീം പ്രവിശ്യയിലെ ഉനൈസ, ബുറൈദ, അൽറാസ്, ബുകൈരിയ, മിദ്‌നബ് എന്നിവിടങ്ങളിലും പരിസരങ്ങളിലും ഇതേ കാലാവസ്ഥ അനുഭവപ്പെടും.
ഹായിൽ മേഖലയിൽ ബുഖ്ആ, ഹായിത്, ഗസാല പ്രദേശങ്ങളിലും പരിസരങ്ങളിലും വെള്ളിയാഴ്ച വരെ കനത്ത മഴ പെയ്യാനിടയുണ്ട്. കിഴക്കൻ പ്രവിശ്യയിൽ ദമാം, ദഹ്‌റാൻ, അൽഹസ, അൽകോബാർ, ഹഫർ അൽബാത്തിൻ, ഖഫ്ജി എന്നിവിടങ്ങളിലും വടക്കൻ അതിർത്തി പ്രവിശ്യയിൽ അറാർ, റഫ്ഹ, തുറൈഫ് പ്രദേശങ്ങളിലും അൽജൗഫിൽ സകാക്ക, ദൗമത്ത് അൽജൻദൽ, ഖുറയ്യാത്ത്, ത്വബർജൽ എന്നിവിടങ്ങളിലും പരിസര ദേശങ്ങളിലും മഴ കനക്കുമെന്ന് പ്രസ്താവന വ്യക്തമാക്കി.
മക്ക പ്രവിശ്യയിൽ മക്ക, തായിഫ്, മയ്‌സാൻ, അൽകാമിൽ, റാനിയ, തുർബ, ഖുലൈസ്, അദം, അൽമുവൈഹ്, നമിറ ഭാഗങ്ങളിലും പരിസരങ്ങളിലും ഇന്ന് മുതൽ വ്യാഴം വരെ പ്രതികൂല കാലാവസ്ഥ അനുഭവപ്പെടും. ഇതിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ മഴക്കു സാധ്യതയുണ്ട്. റാബിഗ്, തുവൽ, ജിദ്ദ, ശുഐബ, ലെയ്ത്ത്, ഖുൻഫുദ എന്നിവിടങ്ങളിലും പരിസരത്തും ഈ രണ്ട് ദിനങ്ങളിൽ ഭേദപ്പെട്ട മഴ ലഭിക്കും. അൽബാഹ പ്രവിശ്യയിൽ അൽബാഹ, ബൽജുർഷി, മിൻദഖ്, മിഖ്‌വാത്, ഖൽവ പ്രദേശങ്ങളിലും പരിസരങ്ങളിലും ഈ ദിവസങ്ങളിലും സമാന കാലാവസ്ഥയായിരിക്കും. അസീർ പ്രവിശ്യയിൽ അബഹ, ഖമീസ് മുഷൈത്ത്, അൽനമാസ്, ബീശ, മുഹായിൽ, അൽമജാരിദ ഭാഗങ്ങളിലും തീരപ്രദേശം വരെ നീളുന്ന പരിസരങ്ങളിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ മഴ പെയ്യും. ജിസാനിൽ ഫീഫാ, ആരിദ, അൽഖൂബ, ഹറൂബ്, സബിയ, സാംത, ബെയ്ഷ്, ത്വിവാൽ, ദർബ് ഭാഗങ്ങളിലും ഈ രണ്ട് ദിവസങ്ങളിൽ മഴ ലഭിക്കും. മദീന പ്രവിശ്യയിൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നഗരത്തിന് പുറമെ, മഹദുദ്ദഹബ്, ഹനാകിയ്യ, അസ്സുവയ്‌രിഖിയ്യ, അക്ഹൽ, യാമ്പു എന്നിവിടങ്ങളിലും തബൂക്ക് പ്രവിശ്യയിൽ തബൂക്ക്, തൈമാ, അൽവജഹ്, ഉംലജ്, ദ്വബാ, ഹാലത് അമ്മാർ ഭാഗങ്ങളിലും പരിസരങ്ങളിലും ഈ മൂന്ന് ദിവസങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. ദിനേന വെബ്‌സൈറ്റ്, ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ മുഖേന കാലാവസ്ഥാ റിപ്പോർട്ട് ശ്രദ്ധിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സൗദി കാലാവസ്ഥ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
കുവൈത്തിൽ ശക്തമായ മഴ അനുഭവപ്പെട്ടു. സമാന കാലാവസ്ഥ വീണ്ടും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ബുധനാഴ്ച തുടങ്ങുന്ന മഴ വ്യാഴം, വെള്ളി ദിവസങ്ങളിലും തുടരുമെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ വിദഗ്ധൻ അബ്ദുൽ അസീസ് അൽഖറാവി പ്രവചിച്ചു. രാജ്യത്തിന്റെ ചരിത്രത്തിൽ ഇന്നോളമില്ലാത്ത വിധം പേമാരിക്കാണ് കഴിഞ്ഞയാഴ്ച കുവൈത്ത് സാക്ഷ്യം വഹിച്ചത്.






