ന്യൂദല്‍ഹി- അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ച് മുസ്‌ലിംകള്‍ക്ക് സമാധാനപരമായ ജീവിതം ഉറപ്പാക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ ഖൈറുല്‍ ഹസന്‍ റിസ്‌വി ആവശ്യപ്പെട്ടു. 100 കോടി ഹിന്ദുക്കള്‍ക്ക് വൈകാരിക ബന്ധമുള്ള അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കാനോ നമസ്‌കാരം നിര്‍വഹിക്കാനോ സാധ്യമല്ല. തര്‍ക്കസ്ഥലത്ത് രാമക്ഷേത്ര നിര്‍മാണത്തിന് മുസ്‌ലിംകള്‍ സഹായിക്കണമെന്നും ഭാവിയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ നോക്കണമെന്നും റിസ്‌വി ആവശ്യപ്പെട്ടു. തര്‍ക്കം അതിവേഗം പരിഹരിച്ച് ഇരു സമുദായങ്ങള്‍ക്കുമിടയില്‍ ബന്ധം സുദൃഢമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേസില്‍ വേഗം പൂര്‍ത്തിയാക്കി തീര്‍പ്പക്കണമെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെടുന്ന വിഷയത്തില്‍ ഈ മാസം 14ന് ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അയോധ്യ കേസില്‍ ന്യൂനപക്ഷ കമീഷന്‍ കക്ഷി ചേരണമെന്ന് ചില മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.