Sorry, you need to enable JavaScript to visit this website.

കെ.ടി. ജലീൽ ബന്ധുനിയമനം: കെ.ടി അദീബ് രാജിവെച്ചു 

തിരുവനന്തപുരം- ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീൽ ഉന്നിയിച്ച വാദങ്ങൾ ഒന്നിന് പിറകെ ഒന്നായി പൊളിഞ്ഞതോടെ  സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ സ്ഥാനം കെ.ടി. അദീബ് രാജിവെച്ചു. ഇ മെയിൽ സന്ദേശത്തിലൂടെ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറെ രാജിക്കാര്യം അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചേരുന്ന ഡയറക്ടർ ബോർഡ് യോഗം രാജിക്കത്ത് പരിഗണിക്കും. 
ആത്മാഭിമാനത്തിന് ക്ഷതമേറ്റതിലാണ് രാജിയെന്നാണ് അദീബ് അറിയിച്ചിട്ടുള്ളത്. മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് മടങ്ങിപ്പോകാൻ അനുവദിക്കണമെന്നാണ് അദീബിന്റെ ആവശ്യം. ഇക്കാര്യത്തിൽ ഡയറക്ടർ ബോർഡ് അനുകൂല തീരുമാനമെടുക്കുമെന്നാണ് സൂചന.  
മന്ത്രി ജലീലിന് പിടിച്ചുനിൽക്കാൻ കഴിയാത്ത വിധം നില പരുങ്ങലിലായിരുന്നു. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന മന്ത്രിയുടെ വാദമാണ് ഏറ്റവും അവസാനം പൊളിഞ്ഞത്. മന്ത്രിയുടെ വാദം കോർപ്പറേഷൻ ചെയർമാൻ തന്നെ തള്ളി രംഗത്ത് വന്നു.  ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന് പത്രപരസ്യത്തിന്‌പോലും നൽകാൻ പണമില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു.
മന്ത്രിയുടെ ബന്ധുവിന്റെ യോഗ്യതക്ക് അംഗീകാരമില്ലെന്ന വിവരം കൂടി പുറത്തായതോടെ കെ.ടി ജലീൽ കൂടുതൽ കുരുക്കിലായിരുന്നു. കെ.ടി അദീപിന്റെ പി.ജി.ഡി.ബിഎക്ക് കേരളത്തിലെ ഒരു സർവകലാശാലയുടെയും യോഗ്യതയില്ല. അണ്ണാമല സർവകലാശാലയിൽ നിന്നു വിദൂര വിദ്യാഭാസം വഴിയാണ് കെ.ടി അദീപ് പി.ജി.ഡി.ബിഎ നേടിയത്. ഇതിന് കാലിക്കറ്റ് സർവകലാശാലയുടെ അംഗീകാരമുണ്ടെന്നായിരുന്നു കോർപ്പറേഷൻ വാദിച്ചിരുന്നത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വിവരം പുറത്ത് വന്നതോടെ മന്ത്രിയുടെ ഇടപെടൽ സംശയത്തിന്റെ നിഴലായി.


 

Latest News