Sorry, you need to enable JavaScript to visit this website.

തീക്കട്ടയിൽ ഉറുമ്പരിക്കുന്നു; ഗുണ്ടകൾക്ക് പോലീസ് തണൽ  

കൊല്ലപ്പെട്ട യാസീൻ
യാസീന്റെ മാതാപിതാക്കൾ
കൊല്ലപ്പെട്ട യാസീന്റെ ഭാര്യയും മക്കളും
അറസ്റ്റിലായ പ്രതി ആദം, ഒളിവിൽ പോയ പ്രതി നൗഷാദ്
തകർത്ത യാസിന്റെ ഓട്ടോറിക്ഷ
കത്തിനശിച്ച വാഹനങ്ങൾ
നൗഷാദും കൂട്ടിൽ ഷാഹുൽ ഹമീദും
പൗരസമിതി കൺവീനർ അബ്ബാസ് പറവണ്ണ

ചെറുപ്പക്കാരനായ ഒരു ഓട്ടോ ഡ്രൈവറുടെ കൊലയും തുടർന്ന് പ്രദേശത്തുണ്ടായ ദുരൂഹ സംഭവങ്ങളും നടന്നിട്ട് ദിവസങ്ങൾ പിന്നിട്ടു. ദുരൂഹ സാഹചര്യത്തിൽ വാഹനങ്ങൾക്ക് തീയിട്ടത് കേസന്വേഷണം വഴി തിരിച്ചുവിടാനാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മലപ്പുറം ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും 'ഇൻഫോർമർ' വേഷം കെട്ടി നിയമം കയ്യിലെടുക്കുന്ന പലരുമുണ്ട്. പോലീസ് സേനയിൽ തന്നെ രഹസ്യാന്വേഷണ വിഭാഗം എന്ന സംവിധാനമുള്ളപ്പോഴാണ് പ്രാദേശിക ഗുണ്ടകളെ ഇൻഫോർമർവേഷം കെട്ടിച്ച് പോലീസ് തന്നെ അവരെ അഴിഞ്ഞാടാൻ വിടുന്നത്. ഇതിന്റെ ദുരിതം അനുഭവിക്കുന്നതാകട്ടെ, അധ്വാനിച്ച് ജീവിക്കുന്ന സാധാരണക്കാരുമാണ്.


സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ നൊടിയിടക്കുള്ളിൽ കഴുത്തിനും നെഞ്ചിനും കഠാര കൊണ്ട് ഓരോ കുത്ത്. ഒരു ജീവൻ അതോടെ തീർന്നു. എന്നിട്ടും അരിശം തീർക്കാനാകാതെ കൊല്ലപ്പെട്ടവന്റെ ഉപജീവന മാർഗമായിരുന്ന ഓട്ടോ റിക്ഷ തല്ലിത്തകർത്ത ശേഷം വിജയഭേരിയോടെയാണ് കൊലയാളികൾ പിൻവലിഞ്ഞത്. മലപ്പുറം-തിരൂർ തീരദേശ മേഖല ഇപ്പോൾ അശാന്തിയിലായിരിക്കുകയാണ്. കാലാകാലങ്ങളായി ഇവിടെ നില നിന്നിരുന്ന മുസ്‌ലിം ലീഗ്-സി.പി.എം രാഷ്ട്രീയ സംഘർഷങ്ങൾക്ക് അയവ് വന്നത് അടുത്ത കാലത്താണ്. ഇരു കക്ഷിയിലേയും പ്രമുഖർ ഒരു മേശക്ക് ഇരുവശവുമിരുന്ന് നടത്തിയ സമാധാന ചർച്ച ഫലം കണ്ടതിൽ തികഞ്ഞ ആശ്വാസത്തിലായിരുന്നു നാട്ടുകാർ. ഇതിനിടയ്ക്കാണ് ഒക്‌ടോബർ അവസാന വാരം തീരദേശ മേഖലയായ പറവണ്ണ അങ്ങാടിയിൽ അപ്രതീക്ഷിതമായി ഒരു കൊല അരങ്ങേറുന്നത്. രാഷ്ട്രീയ വിഷയമല്ല ഈ കൊലയ്ക്കുള്ള കാരണം. 'ഓട്ടം പോകാൻ വിസമ്മതിച്ചു' എന്ന കാരണത്താലാണ് റിക്ഷാ ഡ്രൈവറായ തിരൂർ-പറവണ്ണ കളരിക്കൽ മുഹമ്മദ് യാസീനെ (38) ഗുണ്ടകൾ വകവരുത്തിയത്. 'കീരിക്കാടൻ ജോസ് എന്ന സിനിമാ കഥാപാത്രത്തിന്'  സമാനമാണ് ഈ പ്രദേശത്തെ ഗുണ്ടാ വിളയാട്ടമെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികളും നാട്ടുകാരും സംയുക്തമായി ഹർത്താൽ ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ നടത്തിയെങ്കിലും പ്രതികളിൽ പ്രധാനിയെ പോലീസ് ഇത് വരെ പിടികൂടിയിട്ടില്ല. അതിനവർക്ക് പല കാരണങ്ങളും പറയാനുണ്ടാകാം.


നമ്മുടെ പോലീസ് ഇൻസ്‌പെക്ടർമാർ കാലാകാലങ്ങളായി പിന്തുടർന്നു വരുന്ന ഒരു രീതിയുണ്ട്. മാറി വരുന്ന ഇൻസ്‌പെക്ടർ ചാർജെടുത്താലുടൻ  ആ സ്റ്റേഷനിലുണ്ടായിരുന്ന മുൻ ഇൻസ്‌പെക്ടറോ, അല്ലെങ്കിൽ അവിടുത്തെ പോലീസുകാരോ പരിചയപ്പെടുത്തുന്ന വ്യക്തിയോ, വ്യക്തികളോ ആയിരിക്കും ഇൻസ്‌പെക്ടറുടെ മുഖ്യ സഹായികൾ. 'ഇൻഫോർമർ' എന്ന ഓമനപ്പേരിലാണ് ഇവർ അറിയപ്പെടുക. മിക്കവാറും പ്രാദേശികമായുള്ള ഗുണ്ടയായിരിക്കും ഇൻഫോർമറുടെ റോളിൽ വാഴുക. പുതുതലമുറയിലെ ഇൻസ്‌പെക്ടർമാർ പോലും ഈ രീതി തന്നെയാണ് അവലംബിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ ഒറ്റുകാരായി വാഴുന്നതോടൊപ്പം, 'കൈമടക്ക്' വാങ്ങുന്നതിന് ഇടനിലക്കാരായി വർത്തിക്കുക എന്ന ചുമതല വഹിക്കുന്നതും ഇൻഫോർമറാണ്. ഇവരുടെ പ്രധാന റോളും ഇത് തന്നെ.


'ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത പരുവം' എന്ന മട്ടാണ് തിരൂർ പോലീസിന് നാട്ടുകാർ നൽകുന്ന വിശേഷണം. ഓട്ടോ ഡ്രൈവർ യാസീന്റെ കൊലയാളിയെ പിടികൂടാൻ കഴിയാത്തതിൽ പോലീസിനെതിരെ രൂക്ഷമായ വിമർശം നിലനിൽക്കേ, പറവണ്ണ ബീച്ച് റോഡിൽ കമ്മാക്കാന്റെ പുരയ്ക്കൽ ഷാഹുൽ ഹമീദിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോ റിക്ഷ അജ്ഞാതർ തീയിട്ടു നശിപ്പിച്ചു. യാസീൻ വധക്കേസിലെ മുഖ്യ പ്രതിയും പ്രദേശത്തെ പ്രധാന ഗുണ്ടയുമായ പള്ളാത്ത് നൗഷാദിന്റെ സുഹൃത്തും ഡ്രൈവറുമാണ് ഷാഹുൽ ഹമീദ്. ഓദ്യോഗിക ഭാഷയിൽ പോലീസ് അന്വേഷണം ഊർജിതമായി നടക്കവേ, തിരൂർ സ്പെഷ്യൽ ബ്രാഞ്ച് എ.എസ.്‌ഐ അബദുൾ ഷൂക്കൂറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കെ.എൽ 10 എസ്-6309 നമ്പർ ഹീറോ ഹോണ്ടാ മോട്ടോർ സൈക്കിളിനും അജ്ഞാതർ തീയിട്ടു. ബൈക്ക് പൂർണമായും കത്തിനശിച്ചു. എ.എസ.്‌ഐയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കാണ് കത്തി നശിച്ചത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അന്വേഷണം മുറ പോലെ. ആരെയും പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പറവണ്ണ പ്രദേശത്ത് തന്നെയാണ് എ.എസ്.ഐ ഷുക്കൂറിന്റെ വീടും. അടുത്ത ഊഴം ദുരൂഹ സാഹചര്യത്തിൽ കത്തിനിശിച്ചത് പ്രാന്ത പ്രദേശമായ പച്ചാട്ടിരിയിലെ പീടികപറമ്പിൽ വീട്ടിൽ ഷാജിമോന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട മാരുതി സ്വിഫ്റ്റ് കാറാണ്. നവംബർ 1 ന് പുലർച്ചെ ഒന്നരയ്ക്കും രണ്ടിനും ഇടയിലായിരുന്നു ഈ സംഭവം. ഉറക്കിനിടെ പൊട്ടിത്തെറിയുടെ ശബ്ദവും ശക്തമായ വെളിച്ചവും കണ്ട് ഷാജിമോൻ വീടിന് പുറത്തിറങ്ങിയപ്പോഴാണ് കാർ കത്തുന്നത് കണ്ടത്. സമീപവാസികൾ ഒടിയെത്തി തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചു. ദിവസങ്ങൾക്കിടെ മൂന്ന് വാഹനങ്ങളാണ് ഈ പ്രദേശത്ത് അഗ്നിക്കിരയായത്. സാധാരണ നിലയിൽ രാഷ്ട്രീയ സംഘർഷങ്ങളുടെ ഭാഗമായാണ് വാഹനം കത്തിക്കൽ അരങ്ങേറാറുള്ളത്. എന്നാൽ പുതിയ സംഭവങ്ങൾക്ക് രാഷ്ട്രീയ നിറമില്ല എന്നത് നാട്ടുകാരിൽ കടുത്ത ആശങ്ക ഉയർത്തുന്നുണ്ട്. പോലീസിന്റെ ഊർജിത അന്വേഷണമാകട്ടെ എങ്ങുമെത്തുന്നില്ല. ഇതുവരെ കൃത്യമായ ഒരു വിവരവും ലഭിച്ചിട്ടുമില്ല.


തിരൂരിലെ കുപ്രസിദ്ധനായ ഗുണ്ടയാണ് പള്ളത്ത് ആദം (40). സദാ 'കഠാരധാരി'യായി ടൗൺ വിറപ്പിക്കുന്ന ഇയാൾ സർവ്വ ദുർഗുണ സമ്പന്നനാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇക്കാര്യം പോലീസിനുമറിയാം. ടൗണിലെ ബീവറേജ്  ഔട്ട്ലറ്റിനു മുന്നിലാണ് ഇയാളുടെ താവളം. ഓട്ടോ ഡ്രൈവർമാർക്കും മറ്റും ആദമിനെ ഭയമാണ്. ഓട്ടം വിളിച്ചാൽ കാശ് കൊടുക്കില്ലെന്ന് മാത്രമല്ല, ഉപദ്രവിക്കുകയും ചെയ്യും. ആദമിനെതിരെ പോലീസിൽ പരാതിപ്പെട്ടാൽ ഒരു ഫലവുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കാരണം പോലീസിന്റെയും എക്‌സൈസിന്റെയും 'ഇൻഫോർ' ആണത്രേ ഇയാൾ. ഒട്ടേറെ കേസുകളിൽ പ്രതിയായ ആദമിന് ശിക്ഷ ഇത് വരെ ലഭിച്ചിട്ടില്ല.  എഫ്.ഐ.ആറിൽ നടത്തുന്ന കൃത്രിമം കൊണ്ടാണിതെന്നും നാട്ടുകാർ ആരോപിക്കുന്നു. ഒക്‌ടോബർ 16 ന് വൈകുന്നേരം ഏഴ് മണിക്ക് പറവണ്ണ ജംഗ്ഷനിൽ ഇ.ടി. മുഹമ്മദ് ബഷീർ പങ്കെടുക്കുന്ന ഒരു പൊതുയോഗമുണ്ടായിരുന്നു. ഇതേത്തുടർന്ന് പ്രദേശത്ത് സാമാന്യം ഭേദപ്പെട്ട രീതിയിൽ ആൾക്കൂട്ടവുമുണ്ടായിരുന്നു. ഈ ആൾത്തിരക്കിനിടയിലാണ് ടൗണിലുണ്ടായിരുന്ന ഓട്ടോ ഡ്രൈവറായ യാസീനെ ഓട്ടം പോകാനായി ആദം സമീപിക്കുന്നത്. നേരത്തെ പല തവണ ഓട്ടം പോയിട്ടും കാശ് കൊടുക്കാത്ത അനുഭവമുള്ളതിനാൽ യാസീൻ ഓട്ടം പോകാനാകില്ലെന്ന് പറഞ്ഞു. തർക്കം തുടരവേ ആദമിന്റെ സഹോദരനും ഗുണ്ടയുമായ നൗഷാദും സംഘവും ഓട്ടോക്കരികിലെത്തി. തുടർന്ന് യാസീൻ കഴുത്തിന് കുത്തേറ്റ് വീഴുകയായിരുന്നുവെന്നാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്. തുടർന്ന് യാസീന്റെ ഓട്ടോ കൂടി തല്ലിത്തകർത്താണ് സംഘം സ്ഥലം വിട്ടത്. സംഘം പിൻവാങ്ങിയതോടെ നെഞ്ചിനും കഴുത്തിനുമായി കുത്തേറ്റ് കുഴഞ്ഞ് വീണ യാസീനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അയാൾ മരണപ്പെട്ടിരുന്നു. ഓട്ടോ തല്ലിത്തകർക്കുന്നതിനിടെ പരിക്കേറ്റ ആദം കോട്ടക്കൽ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെതിനെ തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൊല്ലപ്പെട്ട യാസീന് ഭാര്യയും നാല് മക്കളുമുണ്ട്. യാസീൻ സി.പി.എം അനുഭാവിയുമാണ്.


ട്രിപ്പ് പോകാൻ വിസമ്മതിച്ചതിന് ഓട്ടോ തൊഴിലാളി യാസീനെ കൊലപ്പെടുത്തിയതിൽ ശക്തമായ ജനരോഷം ഉയർന്നിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് പറവണ്ണ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്ത്  കട കമ്പോളങ്ങൾ  അടച്ചും വാഹനങ്ങൾ നിരത്തിലിറക്കാതെയും പ്രാദേശികമായി ഹർത്താൽ ആചരിച്ചിരുന്നു. സംസ്ഥാന സാക്ഷരതാ മിഷന്റെ പ്ലസ് ടു തുല്യതാ പഠന വിദ്യാർത്ഥിയായിരുന്നു കൊല്ലപ്പെട്ട യാസീൻ. തിരൂർ ഗേൾസ് സ്‌കൂളിൽ പ്ലസ് ടു ഹുമാനിറ്റീസ് പഠനം അവസാന ഘട്ടത്തിൽ എത്തി നിൽക്കേയാണ് ഒരു ഗുണ്ടയുടെ കഠാരയിൽ യാസിന്റെ ജീവൻ പൊലിയുന്നത്. യാസീന്റെ കഴുത്തിന് കഠാര കൊണ്ട് ആദ്യം കുത്തിയത്  ആദമിന്റെ സഹോദരൻ നൗഷാദാണെന്ന് ദൃക്‌സാക്ഷികൾ പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ നൗഷാദിനെയോ, മറ്റു സംഘാംഗങ്ങളെയോ പോലീസ് ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇവരെ പിടികൂടാത്തതിൽ പോലീസിനെതിരെ വ്യാപകമായ പ്രതിഷേധമുയർന്നിട്ടുണ്ട്. പ്രതികൾക്ക് പോലീസുമായി അടുത്ത ബന്ധമുണ്ടെന്ന നാട്ടുകാരുടെ ആരോപണം ശരിവെയ്ക്കുന്ന തരത്തിലാണ് യാസീൻ വധക്കേസിന്റെ അന്വേഷണ രീതിയും. 


സംഭവത്തിന് ശേഷം നൗഷാദ് ചെന്നൈ വഴി ഷാർജയിലേക്ക് കടന്നതായാണ് നാട്ടുകാർ പറയുന്നത്. ഷാർജയിലുള്ള ബന്ധുക്കളുടെ സംരക്ഷണയിൽ ഇയാൾ ഒളിവിൽ കഴിയുകയാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നൗഷാദ് മുങ്ങിയെന്ന് പറയുന്ന പോലീസിന് ഇയാൾ എവിടെയാണ് ഉള്ളത് എന്നതിന് വ്യക്തമായ ഉത്തരം നൽകാനില്ല. ഇയാൾ രാജ്യം വിട്ടോ ഇല്ലയോ എന്ന കാര്യത്തിലും പോലീസിന് ഇത് വരെ സ്ഥിരീകരണമില്ല. അതേസമയം നൗഷാദ് വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചിട്ടില്ലെന്നും സംഭവ സ്ഥലത്തുണ്ടായിരുന്ന ഇവരുടെ പിതാവ് മുസ്തഫയെ കേസിൽ പ്രതി ചേർത്തിട്ടില്ലെന്നും തിരൂർ ഡിവൈ.എസ്.പി വ്യക്തമാക്കി.


കൃത്യം നടത്താൻ കൂടെയുണ്ടായിരുന്ന മുഴുവൻ പ്രതികളെയും പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പറവണ്ണ പൗരസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 'രാഷ്ട്രീയ സംഘർഷങ്ങളിൽ നിന്നു മാറി തീരദേശ മേഖല സമാധാനത്തിലേക്ക് തിരിച്ചുവന്ന സാഹചര്യത്തിലാണ് ഈ ക്രൂരകൃത്യം നടന്നത്. ഒട്ടേറെ കേസുകളിൽ പ്രതികളായിട്ടുള്ളവരാണ് യാസീന്റെ ഘാതകർ. മനുഷ്യ ജീവന് ഒരു വിലയും കൽപിക്കാത്ത നിഷ്ഠുര സംഭവമാണ് തിരൂരിലുണ്ടായത്. മുൻ വൈരാഗ്യമോ, പ്രകോപനപരമായ മറ്റു സാഹചര്യമോ ഒന്നും ഈ കൊലയ്ക്ക് പിന്നിലില്ല. നാല് മക്കളുടെ പിതാവും നിർധനനുമായ ഒരു പാവം തൊഴിലാളിയുടെ വിയോഗത്തിൽ പ്രാദേശികമായി എല്ലാ വിഭാഗം ജനങ്ങളും ദുഃഖത്തിലാണ്. ആദമിന് വേണ്ടി പല തവണ ഓട്ടം പോയിട്ടും പണം നൽകാത്ത അയാളുടെ ദുഃസ്വഭാവം കാരണമാണ് യാസീൻ ട്രിപ്പ് പോകാൻ മടിച്ചത്. ഒരു സാധു തൊഴിലാളിയുടെ ജീവൻ കവരാൻ ഇതാണ് കാരണം.  ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യ പ്രതിയെയും സംഘാംഗങ്ങളെയും പിടികൂടാൻ പോലീസിന് കഴിഞ്ഞില്ല എന്നിടത്ത് തികഞ്ഞ ദുരൂഹതയുണ്ട്. സംഭവത്തിൽ മുഴുൻ പ്രതികളെയും പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇക്കാര്യത്തിൽ പോലീസ് അനാസ്ഥ തുടരുകയാണെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പൗരസമിതി ജന.കൺവീനർ അബ്ബാസ് പറവണ്ണ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. കെ.ഹംസ ഹാജി, ടി.പി. അബൂബക്കർ, യു.എ. മജീദ്, ബാദുഷ കെ എന്നിവരും വാർത്താ സമ്മേളനത്തിലുണ്ടായിരുന്നു. പ്രതികളെ പിടികൂടാതെ പോലീസ് ഇനിയും ഉരുണ്ട് കളിക്കുകയാണെങ്കിൽ ജില്ലയിലെ ഓട്ടോ തൊഴിലാളിയും ജില്ലാ പോലീസ് ആസ്ഥാനത്ത് കുത്തിയിരിപ്പ് സ്ത്യഗ്രഹം നടത്തുമെന്ന് വിവിധ ഓട്ടോ തൊഴിലാളി യൂണിയൻ ഭാരവാഹികളും വ്യക്തമാക്കിയിട്ടുണ്ട്.


ചെറുപ്പക്കാരനായ ഒരു ഓട്ടോ ഡ്രൈവറുടെ കൊലയും തുടർന്ന് പ്രദേശത്തുണ്ടായ ദുരൂഹ സംഭവങ്ങളും നടന്നിട്ട് ദിവസങ്ങൾ പിന്നിട്ടു. ദുരൂഹ സാഹചര്യത്തിൽ വാഹനങ്ങൾക്ക് തീയിട്ടത് കേസന്വേഷണം വഴി തിരിച്ചുവിടാനാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മലപ്പുറം ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും 'ഇൻഫോർമർ' വേഷം കെട്ടി നിയമം കയ്യിലെടുക്കുന്ന പലരുമുണ്ട്. പോലീസ് സേനയിൽ തന്നെ രഹസ്യാന്വേഷണ വിഭാഗം എന്ന സംവിധാനമുള്ളപ്പോഴാണ് പ്രാദേശിക ഗുണ്ടകളെ ഇൻഫോർമർ വേഷം കെട്ടിച്ച് പോലീസ് തന്നെ അവരെ അഴിഞ്ഞാടാൻ വിടുന്നത്. ഇതിന്റെ ദുരിതം അനുഭവിക്കുന്നതാകട്ടെ, അധ്വാനിച്ച് ജീവിക്കുന്ന സാധാരണക്കാരുമാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് തുടങ്ങിവെച്ച ഈ രീതിയുടെ ദുരന്തഫലം കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച കാലത്ത് ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുള്ളത് ഇന്ന് ഭരണം കയ്യാളുന്നവർ തന്നെയാണ്. പോലീസിൽ കാലങ്ങളായി അനുവർത്തിച്ചു വരുന്ന ഇൻഫോർമർ രീതി അവസാനിപ്പിക്കാൻ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധ യാസീൻ വധം പോലുള്ള വിഷയങ്ങളിലുണ്ടായിരിക്കണം.

Latest News