ശബരിമല: മലക്കം മറിഞ്ഞ് ശ്രീധരന്‍ പിള്ള; തന്ത്രി തന്നെ വിളിച്ചെന്ന് കോടതിയില്‍ സമ്മതിച്ചു

കൊച്ചി- സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുവതികള്‍ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ നടയടക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രി രാജീവര് തന്നെ വിളിച്ചില്ലെന്നു പറഞ്ഞ ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള നിലപാടില്‍ മലക്കംമറിഞ്ഞു. നട അടച്ചിടുന്നതിനെ കുറിച്ച് രാജീവര് ഉപദേശം ചോദിച്ചെന്ന് പിള്ള പ്രസംഗിച്ചിരുന്നു. എന്നാല്‍ പിള്ളയോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് തന്ത്രി രാജീവര് വ്യക്തമാക്കി. ഇതിനു പിന്നാലെ തന്ത്രിയാണോ തന്നെ വിളിച്ചതെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് കഴിഞ്ഞ ദിവസം പിള്ള നിലപാട് മാറ്റിപ്പറഞ്ഞിരുന്നു. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തന്ത്രി രാജീവര് തന്നെ വിളിച്ചുവെന്ന് പിള്ള സമ്മതിച്ചിരിക്കുന്നു. അതിനിടെ, പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വ്യക്തമാക്കി പിള്ള രംഗത്തെത്തി. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമല പ്രതിഷേധം സുവര്‍ണാവസരാണെന്നുടക്കമുള്ള വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ പിള്ളയുടെ പ്രസംഗം കലാപാഹ്വാനമാണെന്ന് പരക്കെ ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്ന് കോഴിക്കോട് കസബ പോലീസ് പിള്ളയ്‌ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. ഈ കേസില്‍ ആരോപിച്ച കുറ്റത്തിനെതിരെയാണ് പിള്ള ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കൊപ്പം പ്രസംഗത്തിന്റെ കൈയെഴുത്തു പ്രതിയും സി.ഡിയും ഹാജരാക്കിയിട്ടുണ്ട്. പ്രസംഗത്തില്‍ തന്ത്രി കണ്ഠരര് രാജീവര് തന്നെ വിളിച്ചുവെന്നും അദ്ദേഹത്തിന് പിന്തുണ നല്‍കിയതായും പറയുന്ന ഭാഗം വ്യക്തമായി ഹര്‍ജിക്കൊപ്പം നല്‍കിയിട്ടുണ്ട്. ഹര്‍ജിയില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. കേസ് ചൊവ്വാഴ്ച പരിഗണിക്കും.


 

Latest News