റിയാദ് - യെമൻ യുദ്ധത്തിൽ പങ്കെടുക്കുന്ന സഖ്യസേനാ യുദ്ധ വിമാനങ്ങളിൽ ആകാശത്തു വെച്ച് ഇന്ധനം നിറക്കുന്നതിന് അമേരിക്കയുടെ സഹായം ഇനി മുതൽ ആവശ്യമില്ലെന്ന് സഖ്യസേന വ്യക്തമാക്കി. ഇക്കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സൗദി അറേബ്യക്കും സഖ്യസേനാ രാജ്യങ്ങൾക്കും സാധിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സഖ്യരാജ്യമായ അമേരിക്കയുമായി കൂടിയാലോചന നടത്തി സഖ്യസേനാ വിമാനങ്ങൾക്ക് ആകാശത്തു വെച്ച് ഇന്ധനം നൽകുന്ന സഹായം നിർത്തിവെക്കുന്നതിന് അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യു.എന്നിന്റെ മേൽനോട്ടത്തിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകൾ യു.എൻ രക്ഷാസമിതി 2216 ാം നമ്പർ പ്രമേയത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങിയുള്ള ധാരണയിലേക്ക് നയിക്കണമെന്നാണ് പ്രത്യാശിക്കുന്നത്. ഇത് ഇറാൻ പിന്തുണയുള്ള ഹൂത്തികൾ യെമൻ ജനതക്കും അയൽരാജ്യങ്ങൾക്കും എതിരെ നടത്തുന്ന ആക്രമണങ്ങൾ നിർത്തുന്നതിനും ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണികൾ അവസാനിപ്പിക്കുന്നതിനും സഹായകമാകുമെന്ന് പ്രത്യാശിക്കുന്നതായും സഖ്യസേന പറഞ്ഞു.